സംസ്ഥാനാന്തര പാതയിലെ ഹോട്ടലുകളിൽ പരിശോധന; 5 ഹോട്ടലുകളിൽ നിന്നു പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
Mail This Article
ഇരിട്ടി∙ സംസ്ഥാനാന്തര പാതയോരത്ത് ഇരിട്ടി ടൗൺ മുതൽ കൂട്ടുപുഴ വരെയുള്ള ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. 5 ഹോട്ടലുകളിൽ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വള്ളിത്തോട് 32 ലെ റാറാവീസ് ഹോട്ടൽ പൂട്ടിച്ചുഹെൽത്ത് കേരളയുടെ ഭാഗമായി ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ.അഗസ്റ്റിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ 8 മുതൽ 12 കിലോമീറ്റർ ദൂരത്തുള്ള സംസ്ഥാനാന്തര പാതയിൽ പ്രവർത്തിക്കുന്ന 16 ഹോട്ടലുകളിൽ പരിശോധന നടത്തിയത്. 50 കിലോയോളം കോഴിക്കറി, 30 കിലോ ബീഫ്, 20 കിലോയോളം മത്സ്യം, പഴകിയ തൈര്, അച്ചാർ എന്നിവയാണ് പിടിച്ചെടുത്തു നശിപ്പിച്ചത്.ശുചിത്വ നിർദേശങ്ങൾ ലംഘിച്ചു പ്രവർത്തിച്ച ഹോട്ടലാണു പൂട്ടിയത്.
മറ്റു ഹോട്ടലുകൾക്ക് നോട്ടിസ് നൽകി.പായം പഞ്ചായത്തിൽ പെട്ട ഇരിട്ടി - കൂട്ടുപുഴ റോഡരികിലെ ഹോട്ടൽ ഗോൾഡൻ ഡിഷ്, ഡോമിനോ ഫാസ്റ്റ് ഫുഡ്, സ്‌കൈ പാരഡൈസ് ബാർ, ഹോട്ടൽ റാറാവീസ്, റെഡ് കിച്ചൻ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്.ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.അനിൽകുമാർ, സി.കെ.ഷിബു, സന്തോഷ് കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പഴകിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ.അഗസ്റ്റിൻ അറിയിച്ചു.
പഞ്ചായത്തും ഹോട്ടൽ പൂട്ടി
വള്ളിത്തോട് ആനപ്പന്തിക്കവലയിലെ റാറാവീസ് ഹോട്ടൽ പഞ്ചായത്ത് പൂട്ടിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്നതായ പരാതിയെ തുടർന്നു പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുകയും നിയമ ലംഘനം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തലാണു നടപടിയെന്നു പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് എം.വിനോദ്കുമാർ എന്നിവർ അറിയിച്ചു.