ADVERTISEMENT

പന്നിയാംമല∙ കാട്ടാനയിൽ നിന്നു കർഷകരുടെ ജീവനും കൃഷിയിടത്തിനും സുരക്ഷ നൽകേണ്ട വൈദ്യുതി കമ്പിവേലിയിൽ കാട് മൂടിയിട്ട് മാസങ്ങളായെങ്കിലും പ്രവർത്തന സജ്ജമാക്കാൻ നടപടി ഉണ്ടാകാത്തതിന് എതിരെ പ്രതിഷേധം . കൊട്ടിയൂർ പഞ്ചായത്തിലെ പന്നിയാംമലയിലാണ് എട്ട് കിലോമീറ്ററോളം ദൈർഘ്യം വരുന്ന വൈദ്യുതി കമ്പിവേലി പ്രവർത്തന രഹിതമായിട്ടുള്ളത്. ഇപ്പോൾ വൈദ്യുതി പ്രവഹിക്കാത്തതിനാൽ ഏത് നിമിഷം വേണമെങ്കിലും കാട്ടാനയ്ക്ക് വേലി തകർത്ത് കൃഷിയിടത്തിലേക്ക് ഇറങ്ങാൻ കഴിയും. നിരവധി മാസങ്ങളായി വേലിയിൽ കാട് കയറി മൂടിയിട്ട്. 

കാട്ടാനകൾ പതിവായി ഏത് നിമിഷം വേണമെങ്കിലും വേലി തകർത്ത് ആന കൃഷിയിടത്തിലേക്കോ വീട്ടുമുറ്റങ്ങളിലേക്കോ എത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ. നാല് വർഷം മുൻപ് മേൽപനാംതോട്ടത്തിൽ ആഗസ്തിയെ വീടിന് സമീപം  ആക്രമിച്ചിരുന്നു. പരുക്കേറ്റ ആഗസ്തി ആശുപത്രിയിൽ വച്ച് മരിച്ചു. വേലിക്കകത്ത് മാത്യു എന്ന കർഷകനെ കൃഷിയിടത്തിൽ വച്ച് കാട്ടാന ആക്രമിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ മാത്യു ഇപ്പോഴും ചികിത്സയിലാണ്. മാത്യുവിനെയും ആഗസ്തിയേയും കാട്ടാന ആക്രമിച്ചതിന് ശേഷം വൈദ്യുതി കമ്പിവേലിയുടെ പ്രവർത്തനം കൃത്യമായി കുറേക്കാലം മുന്നോട്ട് പോയിരുന്നു. പിന്നീട് വേലിയുടെ സംരക്ഷണത്തിൽ വനം വകുപ്പ് ശ്രദ്ധിക്കുന്നില്ല എന്നാണ് കർഷകരുടെ പരാതി. 

എട്ട് കിലോമീറ്ററോളം ദൂരം വരുന്ന കമ്പിവേലിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച സംവിധാനങ്ങളും തകരാറിലാണ്. ബാറ്ററിയും ഉപയോഗ ശൂന്യമായിക്കഴിഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാത്യുവിന്റെ വീടിന് സമീപം റോഡിന് കുറുകെ വരെ കമ്പി സ്ഥാപിച്ച് കാട്ടാന വരുന്നത് തടസ്സപ്പെടുത്തിയിരുന്നു. ഇവിടെ സോളാർ വിളക്കും സ്ഥാപിച്ചിരുന്നു. ഇവയൊന്നും പ്രവർത്തിക്കുന്നില്ല. വേലിയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ വനം വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

വനം വകുപ്പ് ഉദ്യോഗസ്ഥരോട് വേലിയുടെ പ്രവർത്തനം സുഗമമാക്കാൻ ഇടപെടണം എന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. വനം വകുപ്പിലെ വാച്ചർ കൂടിയായ പഞ്ചായത്ത് അംഗത്തോട് ആവശ്യപ്പെട്ടിട്ടു പോലും നടപടി ഉണ്ടാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com