ADVERTISEMENT

ഇരിട്ടി ∙ കരിന്തളം - വയനാട് 400 കെവി വൈദ്യുതലൈനിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ടു കർഷകർക്കു നഷ്ടപരിഹാരം നൽകുന്നതിനു കെഎസ്ഇബി മുന്നോട്ടു വച്ച പ്രത്യേക പാക്കേജ് വ്യവസ്ഥകൾ ജനപ്രതിനിധികളുടെയും കർമസമിതി ഭാരവാഹികളുടെയും സ്ഥലമുടമകളുടെ പ്രതിനിധികളുടെയും യോഗം തള്ളി. തിരുവനന്തപുരത്തു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ എംഎൽഎമാരെയും പഞ്ചായത്ത് പ്രസിഡന്റുമാരെയും കർമ സമിതി ഭാരവാഹികളെയും പങ്കെടുപ്പിച്ചു യോഗം ചേരണമെന്ന നിർദേശം കലക്ടർ മുഖേന മന്ത്രിക്കു സമർപ്പിക്കാനും തീരുമാനിച്ചു.

ഇടമൺ – കൊച്ചി മാതൃകയിലുള്ള നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വ്യവസ്ഥകൾ സ്ഥലവുടമകളെ ബോധ്യപ്പെടുത്താൻ ഇരിട്ടിയിൽ എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ റവന്യു വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണു തീരുമാനമാകാതെ പിരിഞ്ഞത്. ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാര നിർണയ നിർദേശമാണു ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ വഴിമുട്ടുന്ന സ്ഥിതിയുണ്ടാക്കിയത്. ഇടമൺ – കൊച്ചിയിലും മാടക്കത്തറയിലും കെഎസ്ഇബി ടവർ ലൈൻ സ്ഥാപിച്ചപ്പോൾ നടപ്പാക്കിയ നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥകളാണു കെഎസ്ഇബി ട്രാൻസ്ഗ്രിഡ് ഉദ്യോഗസ്ഥർ മുന്നോട്ടു വച്ചത്.

ആ പാക്കേജുകൾ മാതൃകയാക്കാനാണു തങ്ങൾ ആവശ്യപ്പെട്ടതെന്നും ഉത്തരകേരളത്തിൽ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിൽ ന്യായവില നിർണയത്തിനെതിരെ പരാതി ഉള്ളതായും വിപണി വില അടിസ്ഥാനമാക്കിയുള്ള തീരുമാനമല്ലാതെ മറ്റൊന്നും തങ്ങൾക്കും സ്വീകാര്യമല്ലെന്നും സ്ഥലവുടമകൾക്കു തുച്ഛമായ തുക നൽകി വഴിയാധാരമാക്കാമെന്നു കരുതേണ്ടെന്നും കർമസമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. എംഎൽഎമാരും ജനപ്രതിനിധികളും ഉൾപ്പെടെ ഈ നിലപാടിനെ പിന്തുണച്ചു.

ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പി.രജനി, സി.ടി.അനീഷ്, ആന്റണി സെബാസ്റ്റ്യൻ, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോൾ വാഴപ്പള്ളി, വിവിധ കർമ സമിതി പ്രതിനിധികളായ ഫാ.പയസ് പടിഞ്ഞാറേമുറിയിൽ, ടോമി കരുവഞ്ചാൽ, കെ.എ.ഫിലിപ്, ജോർജ് കിളിയന്തറ, പൈലി വാത്യാട്ട്, ജോസഫ് അണിയറ, ബെന്നി പുതിയാമ്പുറം, ബെന്നി പുത്തൻപറമ്പിൽ, കെഎസ്ഇബി ട്രാൻസ്ഗ്രിഡ് എക്സിക്യൂട്ടീവ് എൻജിനീയർ എം.കൃഷ്ണേന്ദു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ പി.ബി.അമർനാഥ്, ടി.പി.ഷഹ്ന ഷാഹുൽ, അസിസ്റ്റന്റ് എൻജിനീയർ എം.അബുൽ ഹൈസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com