മെരുവമ്പായി പാലത്തിനു സമീപം അപകടം; സ്കൂട്ടറുകൾ കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു
Mail This Article
ചിറ്റാരിപ്പറമ്പ് ∙ മെരുവമ്പായി പാലത്തിനു സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്കു ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി 11.15നാണ് അപകടം. മാങ്ങാട്ടിടം ടേക്ക് എ ബ്രേക്കിനു മുൻവശത്ത് സ്കൂട്ടറുകൾ കൂട്ടിയിടിക്കുകയായിരുന്നു. കൂത്തുപറമ്പ് സ്വദേശി നരവൂർ മാങ്ങാട്ടുവയൽ കാേരത്തുംങ്കണ്ടി ഹൗസിൽ മുഹമ്മദ് സിനാൻ (19), പാനൂർ സ്വദേശി പുത്തൂർ ഓവുപാലം കണ്ണങ്കോട് ആലക്കന്റവിടെ താഹ (29) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്നവരാണ് ഇരുവരും.
മമ്പറം ആർട്സ് ആൻഡ് സയൻസ് കോളജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് മുഹമ്മദ് സിനാൻ. കതിരൂർ വേറ്റുമ്മൽ സക്കീർ–കോരത്തുംങ്കണ്ടി ന്യൂ ഹൗസിൽ താജിറ ദമ്പതികളുടെ മകനാണ്. സഹോദരി സഹദിയ (വിദ്യാർഥിനി, രാജീവ് ഗാന്ധി സ്കൂൾ). പരേതനായ ആലക്ക കുഞ്ഞമ്മദ് ഹാജി–സൈനബ ഹജ്ജുമ്മ ദമ്പതികളുടെ മകനാണു താഹ. സഹോദരങ്ങൾ: സലീം, സമീർ, ശരീഫ്, അയ്യൂബ്, ഹാജറ, സലീന, അമീറ, മുബീന.
സഹായമില്ലാതെ 20 മിനിറ്റോളം റോഡിൽ
മെരുവമ്പായി പാലത്തിനു സമീപം നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ യുവാക്കൾ 20 മിനിറ്റോളം റോഡിൽ കിടന്നതായി നാട്ടുകാർ. ചൊവ്വ രാത്രി 11:15 ഓടെയാണ് മാങ്ങാട്ടിടം പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്കിനു മുന്നിൽ എതിർദിശയിൽ വന്ന രണ്ട് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്കു പരുക്കേറ്റത്. ഇതുവഴി വാഹനങ്ങളിൽ കടന്നുപോയ മറ്റു യാത്രക്കാർ ഉൾപ്പെടെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈ എടുത്തില്ലെന്നാണ് ആക്ഷേപം. അപകടവിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് ഒരു കാറിൽ ഇരുവരെയും തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ആംബുലൻസിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇരുവരും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു.
തലയ്ക്കേറ്റ മുറിവാണ് മരണ കാരണമെന്നാണു വിവരം. കൂത്തുപറമ്പ് സ്വദേശി നരവൂർ മാങ്ങാട്ടുവയൽ കാേരത്തുംങ്കണ്ടി ഹൗസിൽ മുഹമ്മദ് സിനാൻ (19), പാനൂർ സ്വദേശി പുത്തൂർ ഓവുപാലം കണ്ണങ്കോട് ആലക്കന്റവിടെ താഹ (29) എന്നിവരാണു മരിച്ചത്. സുഹൃത്തിനെ നീർവേലിയിൽ ഇറക്കിയ ശേഷം തിരിച്ചു വരുകയായിരുന്നു സിനാൻ. താഹ മട്ടന്നൂർ ഭാഗത്തേക്കു പോവുകയായിരുന്നു.