ADVERTISEMENT

മമ്പറം ∙ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനുമെതിരെ രൂക്ഷവിമർശനങ്ങളും കുറ്റപത്രവുമായി യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിനു തുടക്കം. യുഡിഎഫ് സംസ്ഥാന കമ്മിറ്റി തയാറാക്കിയ വിശദമായ കുറ്റപത്രം സദസ്സിൽ വിതരണം ചെയ്തതിനു പുറമേ, മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പരാതിക്കാരെ വേദിയിലെത്തിച്ച് അവരുടെ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. കുറ്റവിചാരണ സദസ്സ് വെറും പ്രതീകാത്മക സമരമല്ലെന്നും സംസ്ഥാന സർക്കാരിനെതിരായ തുടർപ്രക്ഷോഭത്തിന്റെ തുടക്കമാണെന്നും സദസ്സ് ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. 

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയ അദ്ദേഹം, സർക്കാരിന്റെ കെടുകാര്യസ്ഥതയെയും വിമർശിച്ചു. ‘കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സർക്കാരിന്റെ ധൂർത്താണ്. നാട്ടിൽ നടക്കുന്നതെന്താണെന്നു ജനത്തിനു മനസിലാകുന്നില്ല. ഉപ്പിനുപോലും വില കൂട്ടി. കമ്പോളത്തിൽ സർക്കാർ ഇടപെടാത്തതിനാൽ തോന്നിയപടിയാണു വില. 

കാർഷികോൽപന്നങ്ങൾക്കു വില നൽകാൻ സാധിക്കാത്തവരെന്തിനാണു ഭരിക്കുന്നത്? പൗരപ്രമുഖരെ മാത്രം കാണാൻ വേണ്ടിയാണു നവകേരള സദസ്സിന്റെ പേരിൽ ധൂർത്തു നടത്തുന്നത്. എന്തുകൊണ്ടാണു പരാതിക്കാരെ ഉദ്യോഗസ്ഥരുടെ മുന്നിൽ രണ്ടാം തരക്കാരാക്കി നിർത്തുന്നത്? ഇത്രയധികം പരാതികളുണ്ടായിയെന്നതു തന്നെ സർക്കാരിന്റെ പരാജയമാണ്. നരകഭീതിയിൽ ജനങ്ങൾ നടത്തുന്ന പ്രതിഷേധമാണു കുറ്റവിചാരണസദസ്സ്, വെറുപ്പും വിദ്വേഷവും പരത്തുന്ന നവകേരള സദസ്സിനെതിരായ മുന്നറിയിപ്പ്.’ കെ.സി.വേണുഗോപാൽ പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ചു നടത്തുന്ന നവകേരള സദസ്സ് എന്തിനാണെന്നു സണ്ണി ജോസഫ് എംഎൽഎ ചോദിച്ചു. ‘സ്വന്തം പാർട്ടിക്കാരിയായ കെ.കെ.ശൈലജയ്ക്കു നവകേരള സദസ്സിലുണ്ടായ അനുഭവം എല്ലാവരും കണ്ടതാണല്ലോ. ശൈലജയെ മാത്രമല്ല, അവരുടെ ഭർത്താവിനെയും മുഖ്യമന്ത്രി അവഹേളിച്ചു. 

ജനങ്ങളെ ചേർത്തുപിടിച്ച് ആശ്വാസമെത്തിച്ച ഉമ്മൻ ചാണ്ടിയുടെ മാതൃക നമ്മുടെ മുന്നിലുള്ളപ്പോൾ സർക്കാരിന്റെ പണം ധൂർത്തടിച്ച് എന്തിനാണ് ഇത്തരത്തിലുള്ള ദുർച്ചെലവെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. 2 കർഷകർ ആത്മഹത്യ ചെയ്തപ്പോൾ, കർഷക സംഘത്തിന്റെ ജില്ലാ സെക്രട്ടറി പറഞ്ഞത് ഇതൊന്നും കർഷക ആത്മഹത്യയല്ലെന്നാണ്. ഈ സർക്കാർ ആരെയാണു ചേർത്തുപിടിക്കുന്നതെന്നു തുറന്നു പറയണം’, അദ്ദേഹം ആവശ്യപ്പെട്ടു.

വട്ടപ്പൂജ്യമാണു പിണറായി വിജയനെന്നു കേരളത്തിലെ ജനങ്ങൾ വിധിയെഴുതിയതായി മുസ്‌ലിം‌ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി പറഞ്ഞു. ‘കേന്ദ്രവും സംസ്ഥാന സർക്കാരും രാജ്യത്തെയും സംസ്ഥാനത്തെയും റിവേഴ്സ് ഗിയറിലാണു നടത്തുന്നത്. കേരളം കണ്ടതിൽ ഏറ്റവും മോശം മുഖ്യമന്ത്രിയാണു പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയെ മഹാനായ മുഖ്യമന്ത്രിയെന്ന നിലയിൽ കേരളം ഓർക്കും. പിണറായി വിജയനെയും 20  മന്ത്രിമാരെയും ഒരു ഭാഗത്തും ഉമ്മൻ ചാണ്ടി എന്നെഴുതിയ കടലാസ് മറുഭാഗത്തും വച്ചു ത്രാസ് തൂക്കിയാൽ ഉമ്മൻ ചാണ്ടി എന്നെഴുതിയ കടലാസിനു തന്നെയായിരിക്കും കൂടുതൽ തൂക്കം.’ അദ്ദേഹം പറഞ്ഞു. 

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളും ലഹരി മാഫിയയുടെ തേർവാഴ്ചയും അടുത്ത കാലത്തായി വർധിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു. ‘ഇത്തരം വിഷയങ്ങൾ ശ്രദ്ധിക്കാനും ഇടപെടാനും താൽപര്യം കാണിക്കേണ്ട ഭരണകൂടം ധൂർത്തിന്റെയും അഴിമതിയുടെയും പാതയിലാണ്. മുഖ്യമന്ത്രിയും പരിവാരങ്ങളും ഊരു ചുറ്റുന്ന സന്ദർഭത്തിലാണു കൊല്ലത്തു കുട്ടിയെ തട്ടിക്കൊണ്ടുപോയത്.’ബിന്ദു കൃഷ്ണ പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും വിലക്കയറ്റവും കൊണ്ടു പൊറുതിമുട്ടിയ ജനസമൂഹത്തിനു മുൻപിൽ കടുത്ത ജീർണതയാണ് ഈ ഭരണം നൽകിയതെന്നു മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി പറഞ്ഞു. സർവനാശത്തിലേക്കാണ് ഈ ഭരണം കൊണ്ടുപോകുന്നത്. സമീപകാല കോടതി വിധികൾ ഈ സർക്കാരിനെയും മന്ത്രിമാരെയും വിമർശിക്കുന്നവയാണ്. കമ്യൂണിസ്റ്റാണു പിണറായി വിജയനെങ്കിൽ രാജിവയ്ക്കണം,’ അദ്ദേഹം പറഞ്ഞു. 

യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ, സിഎംപി സംസ്ഥാന അസി.സെക്രട്ടറി സി.എ.അജീർ, കേരള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ഫിലിപ്, എഐസിസി അംഗം വി.എ.നാരായണൻ, ഇ.ആർ.വിനോദ്, യുഡിഎഫ് ധർമടം മണ്ഡലം ചെയർമാൻ എൻ.പി.താഹിർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഒ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com