ADVERTISEMENT

ചെറുപുഴ∙ മലയോര മേഖലയിലെ ജലസ്രോതസ്സുകൾ മാലിന്യം തള്ളൽ കേന്ദ്രമായി മാറുന്നു. ചെറുപുഴ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായ തേജസ്വിനി, തിരുമേനി പുഴകൾ ഉൾപ്പെടെ, ചെറു തോടുകൾ പോലും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി കഴിഞ്ഞു.    പഴയ തുണികൾ, പ്ലാസ്റ്റിക് ക്യാരിബാഗുകൾ, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് കുപ്പികൾ, പഴയ ചെരിപ്പുകൾ തുടങ്ങിയവയാണു വൻതോതിൽ  പുഴത്തീരത്തും മരക്കൊമ്പുകളിലും മറ്റും അടിഞ്ഞുകൂടി കിടക്കുന്നത്. വീടുകളിലെ മാലിന്യങ്ങൾ മഴക്കാലത്തു ജലസ്രോതസ്സുകളിൽ വലിച്ചെറിയും. ഇവ ഒഴുകി  മരക്കൊമ്പിലും ആറ്റുവഞ്ചിയിലും മറ്റും കുടുങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്. പുഴകളിൽ ഒഴുക്ക് കൂടുതലുള്ള ഭാഗത്തെ മരക്കൊമ്പിലും ആറ്റുവഞ്ചിയിലുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻതോതിൽ കുടുങ്ങിക്കിടക്കുന്നത്. 

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വീടുകളിൽ നിന്നു ശേഖരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഹരിത കർമസേനയെ നിയോഗിച്ചിട്ടുണ്ട്. ഇതിനു ഒരോ വീടുകളിൽ നിന്നു പ്രതിഫലമായി 50 രൂപ വീതം നൽകണം. എന്നാൽ ചില വീട്ടുകാർ ഹരിത കർമസേനയ്ക്ക് മാലിന്യങ്ങൾ നൽകാൻ തയാറാകുന്നില്ലെന്നു പരാതിയുണ്ട്.  50 രൂപ ലാഭിക്കാൻ വേണ്ടിയാണ് മാലിന്യങ്ങൾ നൽകാൻ മടി കാണിക്കുന്നത്. ഇത്തരം മാലിന്യങ്ങളാണു മഴക്കാലത്തു പുഴകളിൽ കൂടി ഒഴുക്കിവിടുന്നതെന്നു പറയപ്പെടുന്നു. 

എന്നാൽ മാലിന്യം ശേഖരിക്കുന്നതിനു ചെറിയ വീടുകളിൽ നിന്നു പോലും മാസന്തോറും 50 രൂപ വാങ്ങുന്നതും ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഓരോ മാസവും വീടുകളിൽ നിന്നു വ്യത്യസ്ത മാലിന്യങ്ങൾ ശേഖരിക്കുമെന്നാണു അധികൃതർ പറയുന്നത്. എന്നാൽ വീടുകളിൽ നിന്നു മിക്കപ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണു  ശേഖരിക്കുന്നതെന്നും പരാതിയുമുണ്ട്. ഇതിനു മാറ്റം വരുത്തി മറ്റു മാലിന്യങ്ങൾ കൂടി ശേഖരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇതിനുപുറമെ ഹരിത കർമസേനയ്ക്ക് മാലിന്യങ്ങൾ നൽകാൻ തയാറാകാത്തവരുടെ പേരിൽ കർശന നടപടി സ്വീകരിക്കണം. എന്നാൽ മാത്രമെ ജലസ്രോതസ്സുകളിൽ മാലിന്യം തള്ളുന്നത് തടയാൻ സാധിക്കുകയുള്ളൂവെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com