കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഹൗസ് സർജൻമാരുടെ പണിമുടക്ക് തുടരുന്നു
Mail This Article
പരിയാരം∙സ്റ്റൈപൻഡ് നൽകാത്തതിൽ പ്രതിഷേധിച്ചു കണ്ണൂർ ഗവ മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ അനിശ്ചിതകാല പണിമുടക്ക് സമരം തുടരുന്നു. 2018 ബാച്ചിലുള്ള 90 ഹൗസ് സർജൻമാർക്ക് കഴിഞ്ഞ അഞ്ച് മാസമായി സ്റ്റൈപൻഡ് ലഭിക്കാത്തതിനെ തുടർന്നാണ് പണിമുടക്കു സമരം നടത്തുന്നത്. രാപകൽ രോഗി പരിചരണം നടത്തുന്ന ഹൗസ് സർജൻമാരുടെ പണിമുടക്ക് സമരം ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രിൻസിപ്പൽ ഓഫിസിന് മുൻപിൽ ധർണ നടത്തി. ഡോ.നീരജ കൃഷ്ണൻ, ഡോ.സൗരവ് സുരേഷ്, എന്നിവർ നേതൃത്വം നൽകി.
കേസ് നടക്കുന്നതിനാൽസ്റ്റൈപൻഡ് നൽകാൻ കഴിയാത്ത അവസ്ഥ: പ്രിൻസിപ്പൽ
ഫീസുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ നടക്കുന്നതിനാൽ സാങ്കേതിക കാരണത്താൽ സ്റ്റൈപൻഡ് നൽകാൻ സാധിക്കാത്ത അവസ്ഥയാണ്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ നടത്തുന്ന സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സ്റ്റൈപൻഡ് ലഭ്യമാക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നു ശ്രമങ്ങൾ നടക്കുന്നതായി പ്രിൻസിപ്പിൽ ഡോ.ടി.കെ.പ്രേമലത പറഞ്ഞു.