ADVERTISEMENT

തളിപ്പറമ്പ് ∙ റിവർ ടൂറിസം പദ്ധതികളുടെ ഒരുക്കം നാടെങ്ങും ദ്രുതഗതിയിൽ നടക്കുമ്പോൾ പറശ്ശിനിക്കടവ് പുഴയിൽ സർക്കാർ ടൂറിസം ബോട്ടുകൾക്കു കഷ്ടകാലം. തച്ചോളി ഒതേനന്റെയും പഴശ്ശിരാജാവിന്റെയും പേരിൽ ഇറക്കിയ, വിനോദസഞ്ചാര വകുപ്പിന്റെ എസി ബോട്ടുകൾ ഒരു വർഷത്തിലധികമായി കരയിലും വെള്ളത്തിലുമായി നശിച്ചു കൊണ്ടിരിക്കുകയാണ്. ജലഗതാഗത വകുപ്പ് കഴിഞ്ഞ വർഷമിറക്കിയ ആധുനിക വാട്ടർ ടാക്സിയും എൻജിൻ തകരാറിനെ തുടർന്ന് ഒരു മാസത്തിലധികമായി കെട്ടിയിട്ട അവസ്ഥയിലാണ്.  തച്ചോളി ഒതേനൻ ബോട്ട് പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയിലും പഴശ്ശിരാജ ബോട്ട് അഴീക്കലിലുമാണ് ഒരു വർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണു പറശ്ശിനിക്കടവ് കേന്ദ്രീകരിച്ചു ടൂറിസം പദ്ധതികൾക്കായി ആലപ്പുഴയിൽ നിന്ന് 2 എസി ബോട്ടുകൾ കൊണ്ടുവന്നത്. ബോട്ടുകൾ ഏറെ ‍ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.  എന്നാൽ പുതിയ ബോട്ടുകൾ അല്ലാത്തതിനാൽ ഇവയിൽ തകരാറുകളും പതിവായി. തച്ചോളി ഒതേനൻ ബോട്ട് ഒരിക്കൽ നന്നാക്കിയ ശേഷം വീണ്ടും ഇതിനുള്ളിലെ ഒരു വയർ എലി കരണ്ടെന്നു പറ‍ഞ്ഞു വീണ്ടും ഓടാതെയായി. വൻതുകയ്ക്കുള്ള വയർ ഘടിപ്പിച്ചു മെക്കാനിക്കുകളെത്തി ബോട്ട് സ്റ്റാർട്ടാക്കിയെങ്കിലും പിന്നീട് ഓടിയില്ല. പഴശ്ശിരാജയുടെയും ഗതി ഇതുതന്നെയായിരുന്നു.  10 പേർക്കു സഞ്ചരിക്കാവുന്ന 2 ശിക്കാര ബോട്ടുകൾ മാത്രമാണ് ഇപ്പോൾ ടൂറിസം വകുപ്പിന് ഇവിടെയുള്ളത്.

ഇത് ഓടിക്കാൻ 2 ജീവനക്കാരും ഒരു മാനേജരുമാണുള്ളത്. അതിനാൽ പലപ്പോഴും ഒരു ബോട്ട് മാത്രമാണ് ഓടിക്കുന്നത്.  എൻജിൻ തകരാറിലായതോടെയാണു ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി ഓട്ടം അവസാനിപ്പിച്ചത്. മാറ്റി വയ്ക്കേണ്ട ഉപകരണം വിദേശത്തു നിന്ന് എത്തിക്കണമെന്നാണ് എറണാകുളത്ത് നിന്നുവന്ന മെക്കാനിക്കുകൾ പറ‍ഞ്ഞത്. ഇതോടെ ഇതും ആരും ശ്രദ്ധിക്കാത്ത അവസ്ഥയിലായിട്ടുണ്ട്.  എസ് 26 എന്ന യാത്രാബോട്ട് മാത്രമാണ് ഇപ്പോൾ ജലഗതാഗത വകുപ്പിന് ഇവിടെയുള്ളത്. ഇതു രാവിലെ അര മണിക്കൂർ പുഴയിൽ വിനോദസഞ്ചാര സർവീസ് നടത്തുന്നുണ്ട്.  പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര ഉത്സവവും ഇതോടൊപ്പം ടൂറിസം സീസണും ആരംഭിച്ചെങ്കിലും സ്വകാര്യ മേഖലയിലെ ബോട്ടുകൾ മാത്രമാണ് ഇപ്പോൾ ജനങ്ങൾക്ക് ആശ്രയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com