ഓപ്പറേഷന് അഗ്നിരക്ഷാസേനയുടെ സഹായം തേടി മെഡിക്കല്‍ കോളജ്; ആശുപത്രിയിലെത്തി കാലിലെ കമ്പി മുറിച്ചുനീക്കി
Mail This Article
പരിയാരം ∙ ഞണ്ടിനെ പിടിക്കുന്നതിനടയിൽ യുവാവിന്റെ കാലില്‍കയറിയ കമ്പി മുറിച്ചു മാറ്റാൻ ഓപ്പറേഷന് അഗ്നിരക്ഷാസേനയുടെ സഹായം തേടി മെഡിക്കല്‍ കോളജ് അധികൃതര്‍. ഇന്നലെ രാത്രി കമ്പിൽ കടവ് സമീപം പന്ത്രണ്ടോടെയാണ് സംഭവം. ഞണ്ടിനെ പിടിക്കുന്നതിനായി ഇരുമ്പ്കമ്പി കുത്തിയിറക്കിയപ്പോള്‍ ലക്ഷ്യം തെറ്റി അത് ആന്തൂര്‍ തളിയില്‍ സ്വദേശി എം.സി.ഹരീഷിന്റെ(25)പാദത്തിന്റെ മധ്യത്തിലൂടെ തുളച്ച് കയറുകയായിരുന്നു.
രക്തപ്രവാഹം കൂടി അബോധാവസ്ഥയിലായ ഹരീഷിനെ തുളച്ചുകയറിയ കമ്പിയോടുകൂടിയാണ് നാട്ടുകാര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചത്. നീളമുള്ള കമ്പിയായതിനാല്‍ കമ്പിമുറിക്കാതെ ശസ്ത്രക്രിയക്കായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കടത്താനാവാതെ വന്നു. തുടർന്ന് പയ്യന്നൂര്‍ അഗ്നിരക്ഷാസേന ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തി കമ്പി മുറിച്ചുനീക്കി. പിന്നീട് ഹരീഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി കമ്പി പുറത്തെടുത്തു.