പ്രായം തോറ്റു! സാക്ഷരതാ പരീക്ഷ എഴുതി 6,260 പേർ
Mail This Article
കണ്ണൂർ∙ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ പരിപൂർണ സാക്ഷരതാ പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ 6,260 പേർ മികവുത്സവം സാക്ഷരതാ പരീക്ഷ എഴുതി. ഇതിൽ 5920 സ്ത്രീകളും 340 പുരുഷന്മാരുമാണ്.പട്ടികവർഗ വിഭാഗത്തിൽ 952 പേരും പട്ടികജാതി വിഭാഗത്തിൽ 291 പേരും പരീക്ഷ എഴുതി. ഇരിക്കൂർ പഞ്ചായത്തിലെ 89 വയസ്സുള്ള രോഹിണി അമ്മയാണ് പ്രായം കൂടിയ പഠിതാവ്.
പദ്ധതിയുടെ ഭാഗമായി നടത്തിയ ഡിജിറ്റൽ സർവേയിലൂടെ 9029 പഠിതാക്കളെയാണ് കണ്ടെത്തിയത്. പഠിതാക്കളിൽ 7100 പേർ ക്ലാസുകളിൽ എത്തി. പരിശീലനം ലഭിച്ച വൊളന്ററി ഇൻസ്ട്രക്ടർമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.ജനപ്രതിനിധികൾ, റിസോഴ്സ്പഴ്സന്മാർ, പ്രേരക്മാർ, ഇൻസ്ട്രക്ടർമാർ തുടങ്ങിയവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. സ്കൂളുകൾ, കമ്യുണിറ്റി ഹാളുകൾ, വിദ്യാകേന്ദ്രങ്ങൾ, വായനശാലകൾ, വീടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരീക്ഷ നടന്നത്. 420 കേന്ദ്രങ്ങളിലായാണു പരീക്ഷ നടന്നത്.