ADVERTISEMENT

കണ്ണൂർ ∙ റെയിൽപാതയില്ലാത്ത, അരലക്ഷത്തിനു മേൽ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയ റെയിൽപാത നിർമിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ കണ്ണുനട്ട് വിമാനത്താവള നഗരമായ മട്ടന്നൂർ കാത്തിരിപ്പു തുടങ്ങിയിട്ട് നാളേറെയായി. പിഎം ഗതിശക്തി എന്ന പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ നിലവിൽ രാജ്യത്തെ 55 നഗരങ്ങളിലേക്കു റെയിൽപാത നിർമിക്കാനുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്.

95 നഗരങ്ങളാണ് ആദ്യഘട്ടമെന്ന നിലയിൽ പരിഗണിച്ചിരുന്നത്. ഇക്കൂട്ടത്തിൽ കേരളത്തിൽനിന്നുള്ള 4 നഗരങ്ങളെയാണ് പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നിവയാണവ. അടുത്ത ഘട്ടത്തിൽ മട്ടന്നൂരിനെ ഉൾപ്പെടുത്താൻ ശക്തമായ സമ്മർദം ഉയരേണ്ടതുണ്ട്.

മട്ടന്നൂരിന്റെ യോഗ്യത
ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങൾ നിലവിലുള്ള റെയിൽവേ ലൈനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ 5 കിലോമീറ്ററിലധികം ദൂരത്താണെങ്കിൽ പരിഗണിക്കാം എന്നതാണ് ഇക്കാര്യത്തിൽ കേന്ദ്രനയം. കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും 25 കിലോമീറ്ററിലേറെ അകലെയുള്ള മട്ടന്നൂരിന് ഈ നിബന്ധന കടമ്പയാവില്ല. 

ജനസംഖ്യ കണക്കാക്കുമ്പോഴും മട്ടന്നൂർ നഗരസഭ മാനദണ്ഡങ്ങൾ പാലിക്കും. 2011ലെ സെൻസസ് പ്രകാരം 47,078 ആണ് മട്ടന്നൂരിലെ ജനസംഖ്യ. നിലവിൽ ഇതു മുക്കാൽ ലക്ഷത്തിനു മുകളിലായിരിക്കും. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ 38,811 വോട്ടർമാരുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്തവരെ കൂടി കണക്കിലെടുക്കുമ്പോൾ ജനസംഖ്യ അരലക്ഷം കടന്നുവെന്നതിൽ സംശയംവേണ്ട.

നിലവിൽ സാധ്യതാ പട്ടികയിലുള്ള കേരളത്തിലെ 4 നഗരങ്ങളിൽ റെയിൽവേ ബോർഡിന്റെ കണക്കനുസരിച്ച് ജനസംഖ്യ ഇങ്ങനെയാണ് – മലപ്പുറം (1,01,386), മഞ്ചേരി (97,102), കൊടുങ്ങല്ലൂർ (60,190), നെടുമങ്ങാട് (60,161). തമിഴ്നാട്ടിലെ വാൽപാറയും കമ്പവും പട്ടികയിലുണ്ട്. സർവേ നടത്തി നിൽത്തിവച്ച നിർദിഷ്ട നിലമ്പൂർ– ഫറോക്ക്, ഇടപ്പള്ളി – ഗുരുവായൂർ, തിരുവനന്തപുരം – പുനലൂർ പാതകൾ പ്രാവർത്തികമാകുകയാണെങ്കിൽ കേരളത്തിലെ 4 നഗരത്തിലേക്കും റെയിൽ സൗകര്യം ലഭ്യമാകും.

kannur-sketch

ഇടപെടൽ ശക്തമാകട്ടെ
അടുത്ത ഘട്ടത്തിൽ വിമാനത്താവള നഗരമെന്ന നിലയിൽ മട്ടന്നൂരിനെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ ശക്തമായ ഇടപെടൽ നടത്തേണ്ടതുണ്ട്. മട്ടന്നൂരിലേക്ക് റെയിൽപാത വന്നാൽ വിമാനത്താവള വികസനത്തിനും അതുവഴി വടക്കേ മലബാറിന്റെയാകെ വികസനത്തിനും വഴിയൊരുങ്ങും. 

കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും മട്ടന്നൂരിലേക്കു റെയിൽപാത നിർമിച്ചാൽ സബേർബർ പാത കണക്കെ കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒട്ടേറെ ചെറുപട്ടണങ്ങളെ കോർത്തിണക്കുന്ന ഗതാഗത സംവിധാനമായി മാറുകയും ചെയ്യും. ഇതിനായി നിർമിക്കേണ്ടത് കേവലം 50 കിലോമീറ്റർ നീളത്തിലുള്ള റെയിൽപാതയാണ്.

കണ്ണൂർ, ഏച്ചൂർ, ചാലോട്, മട്ടന്നൂർ, കൂത്തുപറമ്പ്, മമ്പറം, പിണറായി, തലശ്ശേരി നഗരങ്ങളിൽ ഇതുവഴി റെയിൽയാത്രാ സൗകര്യം ലഭ്യമാക്കാൻ സാധിക്കും. കൂത്തുപറമ്പും അരലക്ഷത്തിലേറെ ജനസംഖ്യയുള്ള പട്ടണമാണ്. അടുത്ത സെൻസസ് കണക്കുകൾ പുറത്തുവരുന്നതോടെ ടയർ 2 നഗരങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന പട്ടണങ്ങളായി ഇവ മാറുമെന്നതിനാൽ പദ്ധതിക്കായി കേന്ദ്ര നഗരവികസന മന്ത്രാലയം വഴിയും ഈ നഗരങ്ങൾക്കു ഫണ്ട് ലഭിക്കാൻ വഴിയുണ്ട്. 

കേരളത്തിൽ കൂടുതൽ സബേർബൻ ട്രെയിനുകൾ അനുവദിക്കുന്നതു കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ റെയിൽവേ ട്രാക്കുകളുടെ സ്വഭാവത്തിനും സാഹചര്യത്തിനും ഇണങ്ങിയതും കൂടുതൽ യാത്രക്കാരെ ചെറിയ നഗരങ്ങൾക്കിടയിൽ വേഗത്തിൽ എത്തിക്കാൻ കഴിയുന്നതുമായ സബേർബൻ ട്രെയിനുകളാണു കൂടുതൽ ഉചിതമെന്നു കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഇ.ശ്രീധരൻ അന്നു മാധ്യമങ്ങളോടു പറയുകയും ചെയ്തു.

ചെങ്ങന്നൂർ– തിരുവനന്തപുരം, കൊച്ചി– ആലപ്പുഴ, കൊച്ചി– കോട്ടയം, കൊച്ചി– തൃശൂർ, തിരൂർ– കോഴിക്കോട്, കണ്ണൂർ– കോഴിക്കോട് തുടങ്ങിയ റൂട്ടുകളിൽ സബേർബൻ ട്രെയിനുകൾ ഓടിക്കാനാകുമെന്നും ഇതിൽ ചെങ്ങന്നൂർ– തിരുവനന്തപുരം സബേർബൻ പദ്ധതി സംബന്ധിച്ച് ഡിഎംആർസിയുടെ പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരുന്നെന്നും ഇ.ശ്രീധരൻ പറഞ്ഞു.

അടിസ്ഥാനസൗകര്യങ്ങളിൽ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്ന പരിഗണനയിൽ മട്ടന്നൂരിനായി ഒന്നിച്ചു ശബ്ദമുയർത്തിയാൽ പദ്ധതികൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള സംഘടനകൾ പങ്കുവയ്ക്കുന്നത്.

റെയിൽവേ ബജറ്റിൽ നിർദേശിച്ച പദ്ധതി
വിമാനത്താവളത്തെക്കുറിച്ചുള്ള ചർച്ച തുടങ്ങിയ നാളുകളിൽതന്നെ തുടങ്ങിയതാണ് അവിടേക്കുള്ള റെയിൽവേ ലൈനിനെക്കുറിച്ചുള്ള ചർച്ചയും. തലശ്ശേരി – മൈസൂരു റെയിൽവേ ലൈൻ മട്ടന്നൂർ വഴി കടന്നുപോകുമെന്ന പ്രതീക്ഷയായിരുന്നു അന്ന്.

എന്നാൽ, സംരക്ഷിത വനത്തിലൂടെ കടന്നുപോകുന്നുവെന്ന കാരണത്താൽ തലശ്ശേരി – മൈസൂരു ലൈനിന് അനുമതി നിഷേധിക്കപ്പെട്ടതോടെ ചർച്ചകളും വഴിമാറി. കണ്ണൂർ സൗത്ത് (താഴെചൊവ്വ) സ്റ്റേഷനിൽനിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്കു റെയിൽപാത നിർമിക്കാൻ രണ്ടുതവണ സർവേ നടന്നിരുന്നു.

എളയാവൂർ, ഏച്ചൂർ, കൂടാളി, ചാലോട് വഴി പാത നിർമിച്ചാൽ പ്രയാസമില്ലാതെ ഭൂമി ഏറ്റെടുക്കാമെന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. സാമ്പത്തിക സർവേ കൂടി പൂർത്തിയായാൽ പാതനിർമാണം തുടങ്ങാം. സംസ്ഥാന സർക്കാരിന്റെ കൂടി സഹകരണം ഉണ്ടായാൽ പാത നിർമിക്കാമെന്ന് 2016ലെ റെയിൽവേ ബജറ്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. 22 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കേണ്ടത്. 

അഴീക്കൽ തുറമുഖത്തേക്കും റെയിൽവേ ലൈൻ സാധ്യത
അഴീക്കൽ തുറമുഖം - കണ്ണൂർ വിമാനത്താവളം- കൊട്ടിയൂർ-മാനന്തവാടി -മൈസൂരു റെയിൽ​േവ എന്നതും വലിയ സാധ്യതയാണ്. ബ്രിട്ടിഷ് ഭരണകാലത്ത് അഴീക്കൽ ഭാഗം വരെ പാതയുണ്ടായിരുന്നു. പിന്നീടാണത് വളപട്ടണത്തേക്കു മാറ്റിയത്. ഇവിടെനിന്ന് 8 കിലോമീറ്റർ പാത നിർമിച്ചാൽ തുറമുഖത്തെത്താം.

തുറമുഖവും വിമാനത്താവളവും കേന്ദ്രീകരിച്ച് പാത വന്നാൽ വൻ വികസനമാണ് ഉണ്ടാകുക. യാത്രാവിമാനത്തിനു പുറമേ ചരക്കുവിമാനത്തിനും സാധ്യത തെളിയും. നാലുവർഷം മുൻപത്തെ റെയിൽവേ ബജറ്റിൽ അഴീക്കൽ പാത സർവേക്ക് അംഗീകാരം നൽകിയിരുന്നെങ്കിലും തുടർപ്രവർത്തനമുണ്ടായില്ല.

കഴിഞ്ഞ വർഷവും ചരക്കുനീക്കത്തിന്റെ സാധ്യത തേടി റെയിൽവേ തുറമുഖ വകുപ്പിനു കത്തയച്ചിരുന്നു. എന്നാൽ, ചരക്കുകപ്പൽ സർവീസ് നിലച്ച സാഹചര്യമായതിനാൽ തുറമുഖ വകുപ്പിൽനിന്നു കാര്യമായ ഇടപെടൽ ഉണ്ടായില്ല.

സബേർബൻ ട്രെയിനുകൾ കേന്ദ്ര പരിഗണനയിൽ
കേരളത്തിൽ കൂടുതൽ സബേർബൻ ട്രെയിനുകൾ അനുവദിക്കുന്നതു കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ റെയിൽവേ ട്രാക്കുകളുടെ സ്വഭാവത്തിനും സാഹചര്യത്തിനും ഇണങ്ങിയതും കൂടുതൽ യാത്രക്കാരെ ചെറിയ നഗരങ്ങൾക്കിടയിൽ വേഗത്തിൽ എത്തിക്കാൻ കഴിയുന്നതുമായ സബേർബൻ ട്രെയിനുകളാണു കൂടുതൽ ഉചിതമെന്നു കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഇ.ശ്രീധരൻ അന്നു മാധ്യമങ്ങളോടു പറയുകയും ചെയ്തു.

ചെങ്ങന്നൂർ– തിരുവനന്തപുരം, കൊച്ചി– ആലപ്പുഴ, കൊച്ചി– കോട്ടയം, കൊച്ചി– തൃശൂർ, തിരൂർ– കോഴിക്കോട്, കണ്ണൂർ– കോഴിക്കോട് തുടങ്ങിയ റൂട്ടുകളിൽ സബേർബൻ ട്രെയിനുകൾ ഓടിക്കാനാകുമെന്നും ഇതിൽ ചെങ്ങന്നൂർ– തിരുവനന്തപുരം സബേർബൻ പദ്ധതി സംബന്ധിച്ച് ഡിഎംആർസിയുടെ പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരുന്നെന്നും ഇ.ശ്രീധരൻ പറഞ്ഞു.

അടിസ്ഥാനസൗകര്യങ്ങളിൽ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്ന പരിഗണനയിൽ മട്ടന്നൂരിനായി ഒന്നിച്ചു ശബ്ദമുയർത്തിയാൽ പദ്ധതികൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള സംഘടനകൾ പങ്കുവയ്ക്കുന്നത്.

എൽഡിഎഫ് പ്രകടനപത്രികയിൽ
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മോണോ റെയിൽ. സാധ്യത പഠിച്ച് മട്ടന്നൂർ വിമാനത്താവളം, തലശ്ശേരി, തളിപ്പറമ്പ് നഗരങ്ങളെ ബന്ധിപ്പിച്ച് റെയിൽ പദ്ധതിക്കു ശ്രമിക്കുമെന്നായിരുന്നു വാഗ്ദാനം.

രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിസഭയിലെത്തിയ സാഹചര്യത്തിൽ ഈ പഠനം വൈകിക്കരുതെന്നാണ് കണ്ണൂർ ജനത ആഗ്രഹിക്കുന്നത്.  വിമാനത്താവളത്തിലേക്കു നേരത്തെ പരിഗണിച്ചിരുന്ന ഗ്രീൻഫീൽഡ് റോഡ് പദ്ധതി ഉപേക്ഷിച്ചിട്ട് വർഷങ്ങളായി.

നിലവിലെ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. മോണോ റെയിലോ സബേബർ ട്രെയിനോ സ്കൈ ബസോ... ഏതായാലും നിലവിലെ കുരുക്കഴിക്കാൻ പുതുവഴി കണ്ണൂരിനു ലഭിച്ചേ തീരൂ.

പദ്ധതിയുടെ രൂപരേഖ
സബേർബൻ റെയിൽ പദ്ധതിയുടെ രൂപരേഖ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെ (കെആർഡിസി) മുൻ പരിസ്ഥിതി കൺസൽറ്റന്റും റിട്ട. ഡിഎഫ്ഒയുമായ ഒ.ജയരാജൻ തയാറാക്കിയിരുന്നു. കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും മട്ടന്നൂരിൽ എത്തുന്ന തരത്തിലാണു ലൈനുകൾ നിർദേശിച്ചിരിക്കുന്നത്.

കണ്ണൂരിൽനിന്നുള്ള യാത്രക്കാർക്ക് ചൊവ്വ, ഏച്ചൂർ, ചാലോട് വഴി 21.5 കിലോമീറ്റർ സഞ്ചരിച്ച് മട്ടന്നൂരിലെ നിർദിഷ്ട സ്റ്റേഷനിൽ ഇറങ്ങി വിമാനത്താവളത്തിലേക്കും തിരികെയും പോകാവുന്ന തരത്തിലും തലശ്ശേരിയിൽ നിന്ന് പിണറായി, മമ്പറം, കൂത്തുപറമ്പ്, ഉരുവച്ചാൽ വഴി 28.5 കിലോമീറ്റർ സഞ്ചരിച്ച് മട്ടന്നൂരിലേക്കും തിരികെയും എത്താവുന്ന തരത്തിലുമാണ് നിർദിഷ്ട സബേർബൻ പാതകൾ.

സബേർബൻ പാതയുടെ വിശദാംശങ്ങൾ കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രിയുടെ ഓഫിസിലും ജില്ലാ പഞ്ചായത്തിനും കലക്ടർക്കും കണ്ണൂർ വിമാനത്താവള കമ്പനിക്കും ഉൾപ്പെടെ സമർപ്പിച്ചിട്ടുണ്ട്.  പാത കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളും സംസ്ഥാന സർക്കാരും എംപിമാരും കൂട്ടായി ശ്രമിച്ചാൽ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒ.ജയരാജ് മനോരമയോടു പറഞ്ഞു.

മോണോ റെയിൽ ആശയം മെട്രോ മനോരമയിൽ നിന്ന്
കണ്ണൂരിന്റെ വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് 2012ൽ മെട്രോ മനോരമ തുടക്കമിട്ട ക്യാംപെയ്നായിരുന്നു ‘വേണം കണ്ണൂരിന് മെട്രോ റെയിൽ’ എന്നത്. അന്ന് പൊതുജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും പിന്തുണയുമായി രംഗത്തെത്തി.

മെട്രോ റെയിലിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരും എന്നതും നിർമാണ ചെലവ് കൂടുതലാണ് എന്നതും കണക്കിലെടുത്ത് മോണോ റെയിൽ പദ്ധതിയാകും കണ്ണൂരിന് ഉചിതമെന്ന ഒട്ടേറെ വിദഗ്ധാഭിപ്രായങ്ങൾ കണക്കിലെടുത്ത് മോണോ റെയിൽ വേണമെന്ന ആവശ്യമുയർത്തി മെട്രോ മനോരമ ക്യാംപെയ്ൻ തുടർന്നു. 

മോണോ റെയിലിനേക്കാൾ ചെലവു കുറഞ്ഞ സ്കൈബസ് സാങ്കേതികവിദ്യയും പിന്നീട് മെട്രോ മനോരമ കണ്ണൂരിനു പരിചയപ്പെടുത്തി. എന്നാൽ പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴും കുരുക്കഴിക്കാൻ നിർദേശിച്ച ഈ പദ്ധതികളിൽ ഏതെങ്കിലുമൊന്ന് കണ്ണൂരിനായി പ്രഖ്യാപിക്കാനുള്ള വഴി തുറന്നില്ല.

നഗരക്കുരുക്ക് അഴിക്കാൻ ലക്ഷ്യമിട്ട സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയും വർഷങ്ങൾ നീണ്ട ഇഴച്ചിലിനൊടുവിൽ നിയമക്കുറുക്കിൽപ്പെട്ടു കഴിഞ്ഞു. ചെറുനഗരങ്ങളിൽ ചെലവുകുറഞ്ഞ സ്കൈബസ് പദ്ധതിയിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ ശ്രദ്ധയൂന്നുന്നത്. ഇക്കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ 18 നഗരങ്ങളെയാണ് സ്കൈബസ് പദ്ധതിക്കായി കേന്ദ്രം ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. തൂണുകളിലൂടെ ആകാശത്തുകൂടി നീങ്ങുന്ന സംവിധാനമായതിനാൽ കാര്യമായ ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ല എന്നതും നഗരക്കാഴ്ചകൾ കണ്ട് യാത്ര ചെയ്യാമെന്നതും സ്കൈബസിന്റെ നേട്ടമാണ്.

വിനോദസഞ്ചാരരംഗത്ത് കുതിപ്പിനൊരുങ്ങുന്ന കണ്ണൂരിന് ഈ പദ്ധതി ലഭിക്കാനുള്ള സാധ്യതയും തേടേണ്ടതുണ്ട്.  തൂണുകൾ സ്ഥാപിക്കാൻ റോഡിനു നടുവിൽ ചെറിയ സ്ഥലം മതി. ദേശീയപാതയുടെ മീഡിയനുകളിൽ തൂണുകൾ സ്ഥാപിക്കാൻ അനുമതി നൽകുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

മേലെചൊവ്വ – കൂട്ടുപുഴ റോഡ് ദേശീയപാതയായി ഉയർത്താൻ തത്വത്തിൽ അനുമതി ലഭിച്ചിട്ടും 5 വർഷം കഴിഞ്ഞു. ഈ കൈമാറ്റം പൂർത്തിയാവുന്നതോടെ റോഡ് വികസനം വരും. അപ്പോൾ സ്കൈബസ് പദ്ധതി കൂടി കണക്കിലെടുത്ത് ഭൂമി ഏറ്റെടുത്താൽ കാര്യങ്ങൾ എളുപ്പമാകും. മെട്രോയും ലൈറ്റ് മെട്രോയും നിർമിക്കുന്നതിന്റെ നാലിലൊന്നു ചെലവിൽ സ്കൈ ബസ് പദ്ധതി നടപ്പാക്കാം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മെട്രോ ഒരു കിലോമീറ്റർ പണിക്ക് 350 കോടി രൂപ വേണം, സ്കൈബസിന് 50 കോടി മതി. ചെറിയ സ്കൈബസിന് ഒരേസമയം മുന്നൂറിലധികം യാത്രക്കാരെ വഹിക്കാനാവും. നിർമാണച്ചെലവും വളരെ കുറവ്. ഇതിനായുള്ള ഡബിൾ ഡക്കർ സ്കൈബസുകൾ ഇന്ത്യയിൽ നിർമിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.

English Summary:

Mattannur Awaits Railway Revolution: The Push to Join PM Gatishakti's Urban Connectivity Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com