ADVERTISEMENT

തിരുവനന്തപുരം ∙ തിരുവനന്തപുരം മെട്രോയുടെ ജോലികൾ ഇക്കൊല്ലം തുടങ്ങാനാകുമോ? പ്രതീക്ഷിക്കുന്നതു പോലെ തിരുവനന്തപുരം മെട്രോ ലൈനിന്റെ അന്തിമ ഡിപിആർ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) ഈ മാസം തന്നെ സമർപ്പിച്ചാൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്ര സർക്കാരിന്റെ അനുമതി നേടാൻ കഴിഞ്ഞേക്കും. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഒരുപോലെ താൽപര്യമുള്ള പദ്ധതി ആയതു കൊണ്ട് അനുമതിക്കും നിർമാണം തുടങ്ങുന്നതിനും വലിയ കാലതാമസം ഉണ്ടാകില്ലെന്നാണു പ്രതീക്ഷ.

കൊച്ചി മാതൃകയിലുള്ള മെട്രോ റെയിൽ സംവിധാനം തന്നെ തിരുവനന്തപുരത്തും ഏർപ്പെടുത്താമെന്നാണ് നിർമാണ ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) നിർദേശം. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാതൃകയിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ നടപ്പാക്കാൻ കേരള റാപിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് (കെആർടിഎൽ) രൂപീകരിച്ചത്. ഡിഎംആർസി 2014 ൽ ആദ്യത്തെ വിശദ പദ്ധതി രേഖ (ഡിപിആർ) സംസ്ഥാനത്തിനു നൽകി.

പദ്ധതി വൈകിയതോടെ മാറിയ സാഹചര്യം വിലയിരുത്തി പുതിയ ഡിപിആർ തയാറാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതോടെ 2021 ൽ പുതുക്കിയ ഡിപിആറും ഡിഎംആർസി നൽകി. എന്നാൽ, സംസ്ഥാനത്തു റെയിൽവേ പദ്ധതികൾക്ക് ഒന്നിലധികം സ്ഥാപനങ്ങൾ വേണ്ടെന്നു കേന്ദ്രസർക്കാർ നിർദേശിച്ചതോടെ കെആർടിഎൽ പിരിച്ചു വിടാനും തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾ കെഎംആർഎലിനെ ഏൽപിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. കെഎംആർഎൽ ഏറ്റെടുത്ത ശേഷമാണ് രണ്ടിടത്തും മെട്രോ ആവശ്യമുണ്ടോ എന്നറിയാൻ സമഗ്ര ഗതാഗത പദ്ധതി (സിഎംപി) തയാറാക്കിയത്.

അതിന്റെ അടിസ്ഥാനത്തിൽ ഡിഎംആർസിയോടു പുതിയ ഡിപിആർ ആവശ്യപ്പെടുകയായിരുന്നു. ഈ മാസം ഡിപിആർ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഡിപിആർ സംസ്ഥാന സർക്കാർ അംഗീകരിച്ചാൽ കേന്ദ്രത്തിന്റെ അനുമതി തേടണം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് ഇതെല്ലാം നടന്നാൽ മറ്റു പ്രവർത്തനങ്ങളെ ബാധിക്കില്ല. അല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ കാത്തിരിക്കേണ്ടി വരും.

English Summary:

Thiruvananthapuram Metro Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com