ബോയ്സ് ടൗൺ ചുരത്തിലെ റോഡിന്റെ പാർശ്വഭിത്തി തകർന്ന സംഭവം: അപകട ഭീഷണി ബോർഡ് പോലും വയ്ക്കാതെ അധികൃതർ
Mail This Article
പാൽച്ചുരം∙ ബോയ്സ് ടൗൺ ചുരത്തിലെ റോഡിന്റെ പാർശ്വ ഭിത്തി തകർന്ന ഭാഗം അപകട ഭീഷണി ഉയർത്തുന്നതായി പൊലീസ് അറിയിച്ചിട്ടും അനങ്ങാതെ പൊതുമരാമത്ത് വകുപ്പും റോഡ് ഫണ്ട് ബോർഡും. കഴിഞ്ഞ ദിവസം ഒരു കാർ കൊക്കയിൽ വീഴാതെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ സ്ഥലത്ത് എത്തിയ കേളകം പൊലീസ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വിവരങ്ങൾ ശ്രദ്ധയിൽ പെടുത്തുകയും അടിയന്തരമായി പാർശ്വഭിത്തി നിർമിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
നാല് ദിവസം കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് ഇടപെടുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ നിലപാടിന് എതിരെ പ്രതിഷേധം ശക്തമാണ്. പർശ്വഭിത്തി തകർന്ന ഭാഗത്ത് നാട്ടുകാർ മുൻകൈ എടുത്ത് ഇന്നലെ ചുവന്ന റിബൺ വലിച്ചു കെട്ടി അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നും പൊതുമരാമത്ത് വകുപ്പ് ഇടപെടാത്ത പക്ഷം, റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും എതിരെ പൊലീസിൽ പരാതി നൽകുമെന്ന് മലയോര സംരക്ഷണ സമിതി കൺവീനർ റെജി കന്നുകുഴിയിൽ അറിയിച്ചു.
റോഡിലെ ചുരത്തിൽ അപകട സാധ്യത ഉരുത്തിരിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞു. പാർശ്വ ഭിത്തി തകർന്നതിനാൽ അപകട സാധ്യത ഉണ്ട് എന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിന് പോലും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ല. ചുരത്തിലെ ഏറ്റവും ഇടുങ്ങിയതും വളവുകളുള്ളതും കയറ്റമുള്ളതും ആയ ഭാഗത്തെ പാർശ്വഭിത്തിയാണ് തകർന്നത്. ഇവിടെ റോഡിന്റെ പരമാവധി വീതി 3.8 മീറ്റർ മാത്രമാണ്.
രണ്ട് വാഹനങ്ങൾ ഒന്നിച്ച് വശം കൊടുക്കാൻ പോലും സൗകര്യം ഇല്ലാത്ത ഭാഗത്ത് ഏത് നിമിഷവും അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്. വാഹനങ്ങൾ അകലെ നിന്നു മുതൽ ഹോൺ മുഴക്കിയാണ് ഇവിടേക്ക് എത്തുന്നത്. പാർശ്വ ഭിത്തി റോഡിന്റെ വളവിൽ ആയതിനാൽ വാഹനങ്ങൾ വശം കൊടുക്കുമ്പോൾ ശ്രദ്ധയിൽ പെടാതെ അപകടത്തിൽ പെടാനും സാധ്യത ഏറെയാണ്. അതുകൊണ്ടാണ് പൊലീസ് തന്നെ ഇക്കാര്യം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയത്. പക്ഷേ, അനങ്ങാപ്പാറ നയത്തിലാണ് പൊതുമരാമത്ത് വകുപ്പും റോഡ് കൈവശം വച്ചിട്ടുള്ള റോഡ് ഫണ്ട് ബോർഡും.
അതീവ ജാഗ്രത പാലിക്കണം
തകർന്ന പാർശ്വ ഭിത്തി പുനർ നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകാത്ത സാഹചര്യത്തിൽ കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലൂടെ പോകുന്നവർ ചുവന്ന റിബൺ കെട്ടിയ ഭാഗത്ത് വാഹനങ്ങൾ എത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണം.