വീണ്ടും ടോക്കൺ മാത്രം; ഇരിക്കൂർ പാലത്തോടുള്ള അവഗണന എന്നവസാനിക്കും?
Mail This Article
ഇരിക്കൂർ∙കഴിഞ്ഞ ബജറ്റിൽ ടോക്കൺ അനുവദിച്ച ഇരിക്കൂറിലെ പുതിയ പാലം നിർമാണത്തിന് ഇത്തവണയെങ്കിലും പണം അനുവദിക്കുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചെങ്കിലും വീണ്ടും ടോക്കൺ മാത്രം. 70 വർഷം മുൻപ് നിർമിച്ച അപകടാവസ്ഥയിലുള്ള പാലത്തോടുള്ള സർക്കാർ അവഗണന ഇനിയെന്നവസാനിക്കുമെന്നാണു നാട്ടുകാർ ചോദിക്കുന്നത്.
ഇരിക്കൂർ-കൂടാളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉപരിതലം പലസ്ഥലങ്ങളിലും തകർന്ന നിലയിലാണ്. സ്പാനുകൾക്കിടയിലെ ടാറിങ് തകർന്ന് വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കൈവരികൾ ഉൾപ്പെടെ പല ഭാഗങ്ങളിലെയും കോൺക്രീറ്റുകൾ തകർന്ന് കമ്പികൾ പുറത്തായി. ഭാരമുള്ള വാഹനങ്ങൾ കടന്ന് പോകുമ്പോൾ പാലത്തിന് വിറയൽ അനുഭവപ്പെടുന്നുമുണ്ട്.
കണ്ണൂർ, മട്ടന്നൂർ, തലശ്ശേരി, ചാലോട്, ഇരിട്ടി, ശ്രീകണ്ഠപുരം ഭാഗങ്ങളിലേക്കുള്ള 100ൽ ഏ റെ ബസുകളും വാഹനങ്ങളും ദിവസവും ഇതുവഴി പോകുന്നുണ്ട്. പയ്യാവൂർ, ഏരുവേശ്ശി, ശ്രീകണ്ഠപുരം, ചെങ്ങളായി ഉൾപ്പെടെ മലയോര മേഖലയിലുള്ളവർ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കും ഇരിക്കൂർ പാലത്തെയാണ് ആശ്രയിക്കുന്നത്.