പട്ടിക പുതുക്കിയപ്പോൾ കണ്ണൂർ ജില്ലയിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവ്; ദുരൂഹമെന്ന് മുസ്‌ലിം ലീഗ്

Mail This Article
കണ്ണൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക പുതുക്കിയപ്പോൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ജില്ലയിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവ് വന്നത് ദുരൂഹമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയേക്കാൾ 13,381 വോട്ടുകളാണ് 9 നിയമസഭാ മണ്ഡലങ്ങളിലായി കുറഞ്ഞിട്ടുള്ളത്.
ഇരിക്കൂറിൽ 2143, അഴീക്കോട് 2743, കണ്ണൂരിൽ 1201, പേരാവൂരിൽ 1938 എന്നിങ്ങനെ വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. തലശ്ശേരി, മട്ടന്നൂർ, കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിൽ യുഡിഎഫ് അനുഭാവികളുടെ വോട്ടുകൾ വ്യാപകമായി തള്ളിയിട്ടുമുണ്ട്. ഓൺലൈനിൽ ചേർത്തവ വോട്ടർ പട്ടികയിൽ ഇടം പിടിക്കാതെ മാറ്റി വയ്ക്കപ്പെടുകയും ചെയ്തു.
പല നിയോജക മണ്ഡലങ്ങളിലും തൊട്ടടുത്ത മണ്ഡലങ്ങളിൽ നിന്ന് സിപിഎം വോട്ടുകൾ മാറ്റി ചേർക്കുകയും ആ മണ്ഡലങ്ങളിലെ യുഡിഎഫ് വോട്ടുകൾ വോട്ടർ പട്ടിക ശുദ്ധീകരണം എന്ന് പറഞ്ഞ് തള്ളപ്പെട്ടതും അംഗീകരിക്കാനാവാത്തതാണ്. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ കൂട്ടുനിന്നതായി സംശയിക്കുന്നു. അന്വേഷിച്ച് തിരഞ്ഞെടുപ്പ് അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.