സഞ്ചാരികളുടെ മനസ്സുമടുപ്പിക്കരുത്; ഇങ്ങനെ മതിയോ നമ്മുടെ കണ്ണൂർ?
Mail This Article
കണ്ണൂർ ∙ ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യം വലിച്ചെറിഞ്ഞ് വൃത്തിഹീനമാക്കിയ നടവഴികൾ, ഇവ കടിച്ചുവലിച്ച് തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കൾ, വിദേശസഞ്ചാരികളെ പട്ടാപ്പകൽ പോലും കൊള്ളയടിക്കാൻ തയാറാകുന്ന തദ്ദേശീയർ, മദ്യപിച്ച് വലിച്ചെറിയുന്ന കുപ്പികൾ പൊട്ടി ചിതറിക്കിടക്കുന്ന ചില്ലുകൾ... ഇങ്ങനെ മതിയോ നമ്മുടെ ടൂറിസം കേന്ദ്രങ്ങൾ ? ഇതിന്റെയെല്ലാം ഇരകളായ ഒരു ടൂറിസ്റ്റ് സംഘം കഴിഞ്ഞ ദിവസം അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ടൂറിസം ഡപ്യൂട്ടി ഡയറക്ടറെയും മേയറെയും നേരിൽക്കണ്ട് പരാതി നൽകി.
യൂറോപ്പിൽ നിന്നു കണ്ണൂരിലേക്ക് പത്തു വർഷമായി സഞ്ചാരികളെ കൊണ്ടുവരുന്ന ബലാറസ് സ്വദേശിനി തത്‌സിയാന ഷുർവെൽ ആണ് പരാതിയുമായി അധികൃതർക്കു മുന്നിലെത്തിയത്. മുന്നൂറിലേറെപ്പേരെ ഇതുവരെ കേരളത്തിലേക്കു കൊണ്ടുവന്ന തത്‌സിയാനയ്ക്കൊപ്പം ഇത്തവണ കണ്ണൂരിൽ എത്തിയത് 20 പേരായിരുന്നു.
ഇവരിൽ 18 പേരും യാത്രാവസാനം മോശം അനുഭവങ്ങളാണ് പങ്കുവച്ചത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന 72 വയസ്സുകാരി പയ്യാമ്പലത്ത് കുപ്പിച്ചില്ലുകൊണ്ട് കാൽമുറിഞ്ഞ് ആശുപത്രിയിലായി. മറ്റൊരാളുടെ ബാഗ് പട്ടാപ്പകൽ പിടിച്ചുപറിച്ചു, തെരുവുനായ്ക്കൾ പിന്നാലെ ഓടിയതോടെ ബാക്കിയുള്ളവർ ഭയന്നുവിറച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയുള്ള പരാതിയാണ് കൈമാറിയത്.
സമൂഹമാധ്യമങ്ങളിലോ ടൂറിസം വെബ്സൈറ്റുകളിലോ ഈ അനുഭവങ്ങൾ പോസ്റ്റ് ചെയ്താൽ അത് കേരളത്തിന്റെ ടൂറിസം രംഗത്തിന് ഗുരുതര തിരിച്ചടിയുണ്ടാക്കും. അങ്ങനെ ചെയ്യരുതെന്നും അധികൃതരെ അറിയിച്ച് പരാതികൾ പരിഹരിക്കാമെന്നുമുള്ള അഭ്യർഥന മാനിച്ചാണ് അവർ സമൂഹമാധ്യമങ്ങളിൽ പരസ്യമായി അഭിപ്രായപ്രകടനങ്ങൾ നടത്താതിരുന്നതെന്നു തത്‌സിയാന മനോരമയോടു പറഞ്ഞു.
ഇന്ത്യയുമായി ഏറെക്കാലത്തെ ഹൃദയബന്ധമുണ്ട് തത്‌സിയാനയ്ക്ക്. യോഗ പഠനത്തിനായി ഇന്ത്യയിലെത്തി, ഈ നാടിന്റെ മരുമകളായി മാറിയ യുവതിയാണ് തത്‌സിയാന. ആഗ്ര സ്വദേശിയായ കുൽദീപ് കുമാറാണ് ഭർത്താവ്.
ടൂറിസത്തിൽ ഏറെ സാധ്യതകളുള്ള വടക്കേമലബാറിലേക്ക് കൂടുതൽ വിദേശസഞ്ചാരികളെ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നു തത്‌സിയാന പറഞ്ഞു. വരുന്നവർക്ക് ഇനിയും മോശം അനുഭവങ്ങൾ ഉണ്ടാവാതെ നോക്കണം. അതിന് ഏറ്റവും അടിസ്ഥാനപരമായ പരാതികൾ പരിഹരിക്കണമെന്നും അവർ പറഞ്ഞു.