മാവോയിസ്റ്റ് ഭീഷണി: കാനംവയലിൽ കർണാടക പൊലീസ് സുരക്ഷ ശക്തമാക്കി
Mail This Article
ചെറുപുഴ ∙ കർണാടക വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ കേരളത്തിലെ ജനവാസ കേന്ദ്രത്തിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർണാടക-കേരള അതിർത്തിയിലെ കാനംവയലിൽ കർണാടക പൊലീസ് സുരക്ഷ ശക്തമാക്കി.
കർണാടകത്തിൽ നിന്നുള്ള നക്‌സൽ വിരുദ്ധ സേനയാണു പ്രദേശത്ത് പരിശോധന നടത്തുന്നത്. കർണാടക വനംവകുപ്പിന്റെ മുണ്ടറോട്ട് റേയ്ഞ്ചിൽ ഉൾപ്പെട്ട പ്രദേശമാണു ചെറുപുഴ പഞ്ചായത്തിലെ കാനംവയലിനോട് ചേർന്നു കിടക്കുന്ന വനമേഖല. ഈ ഭാഗത്താണു കർണാടക വനംവകുപ്പിന്റെ റേയ്ഞ്ച് ഓഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ ഒട്ടേറെ വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്.
ഇവരുടെ സുരക്ഷ കൂടി മുൻനിർത്തിയാണു ആന്റി നക്‌സൽ ഫോഴ്‌സ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. കേരളത്തിൽ ആദ്യമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശം കൂടിയാണു കാനംവയലിനോട് ചേർന്നു കർണാടക വനത്തിലെ മങ്കുണ്ടി എസ്‌റ്റേറ്റ്. 2012ൽ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുളള സംഘം മങ്കുണ്ടി എസ്റ്റേറ്റിൽ എത്തിയിരുന്നു.