കപ്പൽ പൊളിക്കൽ: കൂറ്റൻ ക്രെയിൻ തകരാറിലായി, വീണ്ടും പണികിട്ടി!
Mail This Article
തലശ്ശേരി∙ ധർമടം തുരുത്തിന് സമീപം കടലിൽ വർഷങ്ങളായി കുടുങ്ങിക്കിടക്കുന്ന കപ്പൽ പൊളിച്ചു മാറ്റുന്ന പണി വീണ്ടും തടസ്സപ്പെട്ടു. ഇവിടെയുള്ള കൂറ്റൻ ക്രെയിൻ തകരാറായതിനെത്തുടർന്ന് ഒരു മാസമായി പണി മുടങ്ങി. ഡിസംബർ 14ന് തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ മൂന്ന് മാസം കൊണ്ട് കപ്പൽ പൂർണമായി പൊളിച്ചു നീക്കുമെന്ന് സിൽക്ക് പ്രതിനിധി ഉറപ്പു നൽകിയിരുന്നു. പണി ആരംഭിച്ചെങ്കിലും ക്രെയിൻ തകരാറായതാണ് പണി മുടങ്ങാനിടയാക്കിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ക്രെയിൻ നന്നാക്കാൻ ആളുകൾ എത്തിയിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് ക്രെയിൻ നന്നാക്കി പ്രവൃത്തി പുനരാരംഭിക്കാനാവുമെന്നും വ്യക്തമാക്കി.
നാലു വർഷം മുൻപാണ് കാലവർഷത്തിൽ വടംപൊട്ടി ധർമടം തുരുത്തിന് സമീപം കപ്പൽ മണലിൽ പുതഞ്ഞുപോയത്. മാലദ്വീപിൽ നിന്ന് പൊളിക്കാനായി അഴീക്കലിലേക്ക് കൊണ്ടുപോവുകയായിരുന്ന ഒയ്‌വാലി എന്ന മത്സ്യബന്ധന കപ്പലാണിത്. സിൽക്കിന് വേണ്ടി ആന്ധ്രയിലെ ഒരു കമ്പനിയാണ് ഇതിന്റെ പണി നടത്തിയിരുന്നത്. മുങ്ങൽ വിദഗ്ധരെയുൾപ്പെടെ കൊണ്ടുവന്നു വെള്ളത്തിനടയിൽ നിന്ന് കപ്പലിന്റെ ഭാഗം കട്ട് ചെയ്തു നീക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തി പുരോഗമിക്കുന്നതിനിടയിലാണ് തടസ്സം.
ഇതിനൊപ്പം കൊണ്ടു വന്ന മറ്റൊരു കപ്പൽ കടൽക്ഷോഭത്തിൽ അഴീക്കലിൽ കുടുങ്ങിയെങ്കിലും അതു നേരത്തേ തന്നെ പൊളിച്ചു നീക്കം ചെയ്തു. ധർമടത്ത് ആദ്യഘട്ടത്തിൽ കടലിൽ വച്ച് പൊളിക്കുന്നത് കടൽ മലിനമാകാൻ ഇടയാക്കുമെന്നും മത്സ്യ സമ്പത്തിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ തടഞ്ഞിരുന്നു. പിന്നീട് പലതവണ ചർച്ച നടത്തിയതിന് ശേഷമാണ് പൊളിക്കാൻ ആരംഭിച്ചത്. ഇനി പ്രവൃത്തി തുടങ്ങിയാൽ ഒരു മാസം കൊണ്ട് പൂർണമായും പൊളിച്ചു നീക്കാനാവുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.