അമൃത് പദ്ധതി: പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വികസനം ഗതാഗതക്കുരുക്ക് ഉണ്ടാകുമോ?
Mail This Article
പയ്യന്നൂർ ∙ പയ്യന്നൂരിൽ നിന്ന് രാമന്തളി, എട്ടിക്കുളം, ഏഴിമല നാവിക അക്കാദമി ഭാഗത്തേക്ക് റെയിൽവേ സ്റ്റേഷന് മുന്നിലൂടെയാണ് റോഡ് കടന്നു പോകുന്നത്. സ്റ്റേഷനിൽ എത്തുന്ന മുഴുവൻ വാഹനങ്ങളെയും ഉൾക്കൊള്ളും വിധം വലിയൊരു പാർക്കിങ് കേന്ദ്രം സ്‌റ്റേഷന് മുന്നിൽ സജ്ജമാക്കുന്നു. ഈ കേന്ദ്രത്തിൽ നിന്ന് വാഹനങ്ങൾ നിലവിലുള്ള റോഡിലേക്ക് കടന്നു വരുമ്പോൾ റോഡിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകും.
ഇതിന് പരിഹാരമായാണ് റെയിൽവേ സ്ഥലം തുടങ്ങുന്നിടത്ത് നിന്ന് ഓയിൽ മില്ലിന് സമീപത്തുകൂടി പടിഞ്ഞാറ് ഭാഗത്ത് കൂടി തോടിന് സമാന്തരമായി സ്റ്റേഷന് മുന്നിലെ കലുങ്കിലൂടെ രാമന്തളി റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് നിർമാണം നിർദേശിച്ചത്. നിലവിലുള്ള റോഡ് പൂർണമായും സ്റ്റേഷന് അകത്തേക്ക് വരുന്ന വാഹനങ്ങൾക്ക് ഉപയോഗിക്കാമെന്നുമായിരുന്നു മുൻ ധാരണ.
ഇതനുസരിച്ച് 9 മീറ്റർ റോഡ് പുതുതായി നിർമിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ 9 മീറ്റർ കോൺക്രീറ്റ് റോഡ്, പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഉപയോഗിക്കാനായി റെയിൽവേ മാറ്റിവച്ചു. നിലവിലുള്ള റോഡ് സ്റ്റേഷൻ കവാടത്തിന് മുന്നിൽ നിന്ന് 50 മീറ്റർ മാറി ക്രോസ് ചെയ്ത് കലുങ്കിനടുത്തേക്ക് തിരിച്ചുവിടും. രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇത് വഴിയൊരുക്കും. റെയിൽവേ സ്ഥലമായതിനാൽ കേരള പൊലീസിന് ഇതിൽ ഇടപെടാനാകില്ല.
ആവശ്യത്തിന് റെയിൽവേ പൊലീസിനെ പയ്യന്നൂർ സ്റ്റേഷനിൽ അനുവദിച്ചിട്ടുമില്ല. രാമന്തളി പഞ്ചായത്തിലെ പൊതുഗതാഗതമാണ് മുടങ്ങുക. വികസന പ്രവർത്തനം പൂർത്തിയാകും മുൻപ് ജനപ്രതിനിധികൾ ഇടപെട്ടാൽ പ്രശ്നപരിഹാരം കണ്ടെത്താം. നിർമാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. 3 ദിവസം മുൻപാണ് ഫൈനൽ സ്കെച്ച് പുറത്തിറങ്ങിയത്.