ഹാപ്പിനസ് കോംപ്ലക്സ് നിർമിക്കാൻ മട്ടന്നൂർ
Mail This Article
മട്ടന്നൂർ∙ നഗരസഭയിൽ കായിക - വിനോദ- വിജ്ഞാന മേഖലയുടെ വികസനം ലക്ഷ്യമിട്ട് ഹാപ്പിനസ് കോംപ്ലക്സ് നിർമിക്കുന്നു. മട്ടന്നൂർ ലയൺസ് ക്ലബ്ബിന്റെയും ഉദയ സ്പോർട്സ് ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് 20 ലക്ഷം രൂപ ചെലവിൽ തലശ്ശേരി റോഡിലെ പഴശ്ശി കനാൽക്കരയിൽ വോളിബോൾ കോർട്ടും പാർക്കും നിർമിക്കുന്നത്.
പഴശ്ശി പദ്ധതിയുടെ ഭാഗമായുള്ള ഈ സ്ഥലം കുട്ടികളുടെ പാർക്കിനും വോളിബോൾ ഗ്രൗണ്ടിനുമായി നേരത്തേ വിട്ടു നൽകിയിരുന്നു. ഇവിടെയാണ് വിശാലമായ കളിസ്ഥലവും മറ്റു വിനോദ വിജ്ഞാന പദ്ധതികളും നടപ്പാക്കുന്നത്. പ്രാഥമിക പ്രവർത്തനങ്ങൾക്ക് നഗരസഭ വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
എല്ലാവർക്കുംഹാപ്പിയാകാൻ
ഹാപ്പിനസ് കോംപ്ലക്സ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി വിശദമായ രൂപരേഖ തയാറാക്കി പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് ചെയർമാനായി ലയൺസ് ക്ലബ്ബിന്റെയും ഉദയ സ്പോർട്സ് ക്ലബ്ബിന്റെയും ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഫ്ലഡ്‌ലിറ്റ് സൗകര്യത്തോടെയുള്ള വോളിബോൾ കോർട്ട്, ചുറ്റിലുമായി കുട്ടികൾക്ക് വിനോദത്തിനുള്ള ഉപകരണങ്ങൾ സഹിതം പാർക്ക്, പ്രഭാത സായാഹ്ന സവാരിക്ക് ഉതകുന്ന നടപ്പാത, ഓപ്പൺ ജിംനേഷ്യം, ദീപാലങ്കാരത്തോടുകൂടിയ പുൽത്തകിട്, പൂന്തോട്ടം, കോഫി പാർലർ, ശുചിമുറികൾ, ചുറ്റുമതിൽ തുടങ്ങിയവയാണ് പ്ലാനിലുള്ളത്.
സഹായം വേണം
കായിക പ്രേമികളുടെയും സന്നദ്ധ സംഘടനകളുടെയും മികച്ച സഹായം ഉണ്ടായാൽ പദ്ധതി എത്രയും വേഗം പൂർത്തിയാക്കാനാകുമെന്ന് നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്, ലയൺസ് ക്ലബ് പ്രസിഡന്റ് സി.ഷൈനിത്ത് കുമാർ, ഉദയ സ്പോർട്സ് ക്ലബ് പ്രസിഡന്റ് എം.സി.കുഞ്ഞമ്മദ്, നഗരസഭ കൗൺസിലർമാരായ വി.കെ.സുഗതൻ, പി.രാഘവൻ, എ.മധുസൂദനൻ, കായിക അധ്യാപകൻ ടി.പി.ബഷീർ, എം.ശ്രീകുമാർ, സിനി രാമദാസ് എന്നിവർ അറിയിച്ചു.