വെള്ളാരംപാറ പൊലീസ് ഡംപിങ് യാർഡ്; വിളിച്ചുവരുത്തരുത് അപകടം
Mail This Article
തളിപ്പറമ്പ്∙ വീണ്ടുമൊരു തീപ്പൊരി വീഴാൻ കാത്ത് നിൽക്കുകയാണ് വെള്ളാരംപാറയിലെ പൊലീസ് ഡംപ്‍യാർഡിലുള്ള വാഹനങ്ങൾ. കഴിഞ്ഞ വർഷം ഇവിടെയുണ്ടായ അഗ്നിബാധയിൽ വിവിധ കേസുകളിലായി പൊലീസ് പിടികൂടിയ 160 ൽ അധികം വാഹനങ്ങളാണ് കത്തിനശിച്ചത്. കോടികളുടെ നാശനഷ്ടം ഇതിലൂടെ ഉണ്ടായിട്ടും ഇക്കാര്യത്തിൽ പിന്നീട് തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇപ്പോഴും ഉണങ്ങിയ പുല്ലുകളും കാടും മൂടി കിടക്കുകയാണ് തളിപ്പറമ്പ് ശ്രീകണ്ഠപുരം സംസ്ഥാന പാതയോരത്തുള്ള ഈ ഡംപിങ് യാർഡ്.
തളിപ്പറമ്പ് പൊലീസ് സബ് ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെയും വളപട്ടണം ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഇവിടെ സൂക്ഷിച്ച വാഹനങ്ങൾക്കാണ് 2023 ഫെബ്രുവരി 16ന് തീ പിടിച്ചത്. തുടർന്ന് സ്ഥലം സന്ദർശിച്ച ഉത്തരമേഖലാ ഡിഐജി രാഹുൽ ആർ നായർ തുടർന്ന് ഇവിടെ അഗ്നിബാധ ഉണ്ടാകാതിരിക്കാനുള്ള നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു. അഗ്നിബാധ ഉണ്ടാകുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ് ഇവിടെ അഗ്നിബാധ സാധ്യതയുണ്ടെന് അഗ്നിരക്ഷാകേന്ദ്രം അധികൃതർ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും സുരക്ഷാ നടപടികൾ സ്വീകരിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന ആരോപണമുയർന്നിരുന്നു.
എന്നാൽ ഇക്കാര്യത്തിലും അന്വേഷണങ്ങൾ ഉണ്ടായില്ല. ഇത്തവണയും ഡംപിങ് യാർഡിന്റെ പുറത്ത് ഫയർ ബെൽട്ട് എന്ന പേരിൽ അൽപം സ്ഥലം വൃത്തിയാക്കിയതല്ലാതെ വാഹനങ്ങൾക്ക് മുകളിൽ പടർന്ന കയറിയ ഉണങ്ങിയ കാടുകൾ നീക്കാൻ നടപടി സ്വീകരിച്ചിട്ടല്ല. റോഡരികിലെ വൈദ്യുതി ലൈനുകളിൽ നിന്നോ മറ്റെന്തെങ്കിലും തരത്തിലോ ഒരു തീപ്പൊരി ഡംപിങ് യാർഡിലേക്ക് വീണാൽ കഴിഞ്ഞ വർഷത്തെ ദുരന്തം ആവർത്തിക്കുന്ന അവസ്ഥയാണെന്നും ഇതിന് സമീപത്തുള്ള നാട്ടുകാരും പറയുന്നു.
കഴിഞ്ഞ വർഷം കത്തിയെരിഞ്ഞ വാഹനങ്ങൾ മുഴുവൻ ഇപ്പോഴും ഇവിടെ തുരമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള കമ്പി വേലികൾ തീപിടിത്തത്തിൽ നശിച്ചതും പുനർ നിർമിച്ചിട്ടില്ല. ഒരു ഹോം ഗാർഡ് മാത്രമാണ് ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടാകാറുള്ളത്.