കണ്ടൽ കാടുകളിൽ മാലിന്യം തള്ളിയ സ്ഥാപനത്തിന് പിഴ
Mail This Article
കണ്ണൂർ∙ മമ്മാക്കുന്നിന് സമീപം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടൽ കാടുകളിൽ മാലിന്യം തള്ളിയ സ്ഥാപനത്തോട് 25000 രൂപ പിഴ ഈടാക്കി. തോട്ടടയിലെ പോപ്പുലർ മെഗാ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പിഴ ചുമത്തിയത്. തുടർ നടപടികൾക്കായി കടമ്പൂർ പഞ്ചായത്തിന് നിർദേശം നൽകി. വർക് ഷോപ് അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, എയർ ഫിൽറ്ററുകൾ, ഓയിൽ കാനുകൾ, കോട്ടൺ വേസ്റ്റ്, സ്പെയർ പാർട്സിന്റെ അവശിഷ്ടങ്ങൾ എന്നിവ കണ്ടൽ കാട്ടിലും റോഡിലുമായി തള്ളിയതായി സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
1 ടണ്ണിലധികം മാലിന്യം സ്ക്വാഡ് സ്ഥാപനത്തിന്റെ ചെലവിൽ 1 മണിക്കൂറിനകം നീക്കം ചെയ്യിപ്പിച്ചു. മാലിന്യം തള്ളിയതിന് പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് നടപടി. സമീപത്തായി റോഡിൽ ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി തള്ളിയതിന് പെരളശ്ശേരി പഞ്ചായത്തിലെ തൃക്കപാലം ദേവ് ബേക്കറിക്കും 5000 രൂപ സ്ക്വാഡ് പിഴ ചുമത്തി. പരിശോധന തുടരുമെന്ന്എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ.അജയകുമാർ, ഷെരികുൽ അൻസാർ, കടമ്പൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എൻ.വി.അനീസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.