ജില്ലയിൽ 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണത്തിന് നടപടികൾ തുടങ്ങി
Mail This Article
കാസർകോട് ∙ ജില്ലയിൽ 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്ത വിതരണത്തിനുള്ള നടപടികൾ തുടങ്ങി. 25 നു തൃശൂരിൽ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞായിരിക്കും ജില്ലയിൽ വിതരണം. 14 ലക്ഷം പുസ്തകം ആണ് ജില്ലയിൽ ആവശ്യം. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആണ് ആദ്യം വിതരണം.
അൺ എയ്ഡഡ് വിദ്യാലയങ്ങൾ ആവശ്യമായ പുസ്തകങ്ങൾക്കു ചലാൻ വഴി പണം അടയ്ക്കണം. ജില്ലയിൽ 9,10 ക്ലാസുകളിലെ മലയാളം, കന്നഡ, ഇംഗ്ലിഷ് മീഡിയം മുഴുവൻ പാഠപുസ്തകങ്ങളും കാസർകോട് ഗവ.ഹൈസ്കൂളിലെ ജില്ലാ ഡിപ്പോയിൽ എത്തി. 1 മുതൽ 4 വരെ ക്ലാസുകളിലെ പുസ്തകങ്ങൾ പകുതിയോളം കിട്ടി. അതിന്റെ സോർട്ടിങ് നടക്കുന്നു. ഇതടക്കം 4 ലക്ഷം പാഠ പുസ്തകമാണ് എത്തിയത്.
കുടുംബശ്രീ ജില്ലാ മിഷൻ മുഖേനയാണ് വിതരണം. ജില്ലയിലെ 137 സ്കൂൾ സഹകരണസംഘങ്ങൾ വഴിയാണ് സ്കൂളുകളിലേക്ക് എത്തിക്കുക. ജില്ലാ ഡിപ്പോയിൽ നിന്നു കുടുംബശ്രീ മിഷൻ ഈ സംഘങ്ങളിൽ എത്തിക്കും. അടുത്ത മാസം ആദ്യ വാരത്തോടെ അത് പൂർത്തിയാകും. ഒരു സംഘം പരിധിയിൽ 5 വരെ സ്കൂൾ ഉണ്ടാകും.
സ്കൂൾ അധികൃതർ സംഘങ്ങളിൽ നിന്നു പുസ്തകം ഏറ്റെടുക്കണം. ജില്ലയിൽ നായന്മാർമൂല തൻബീഹുൽ ഇസ്‍ലാം സ്കൂളിലും കാഞ്ഞങ്ങാട് ദുർഗാ സ്കൂളിലുമാണ് ഏറ്റവും കൂടുതൽ പുസ്തകം ആവശ്യം. 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടുത്ത മാസം തന്നെ വിതരണം ചെയ്തേക്കും. പല സ്കൂളുകളിലും പ്രത്യേകം ക്ലാസുകൾ തുടങ്ങുന്ന സാഹചര്യത്തിലാണിത് .
തലപ്പാടി മുതൽ ചിറ്റാരിക്കാൽ വരെ 2 വിദ്യാഭ്യാസ ജില്ലയും 7 വിദ്യാഭ്യാസ ഉപജില്ലയും ഉള്ള ജില്ലയിൽ മേയിൽ തന്നെ പുസ്തക വിതരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 2024 ൽ പാഠപുസ്തകങ്ങൾ മാറാൻ സാധ്യതയുണ്ട്. അതിനാൽ ജില്ലാ ഡിപ്പോയിൽ സ്റ്റോക്കുള്ള പുസ്തകങ്ങൾ മുഴുവനും കൊടുത്തു തീർക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 3600 പാഠപുസ്തകങ്ങൾ ബാക്കിയുണ്ടായിരുന്നു. അത് ഈ വർഷത്തെ വിതരണത്തിൽ ഉൾപ്പെടുത്തി നൽകും.