ADVERTISEMENT

വെള്ളരിക്കുണ്ട് ∙ മലയോര മേഖലയിലൂടെ ഗൂരുവായൂരിലേക്കും തൃശൂരിലേക്കും കെഎസ്ആർടിസി ആരംഭിച്ച സൂപ്പർഫാസ്റ്റ് സർവീസുകൾ ദിവസങ്ങൾക്കുള്ളിൽ നിർത്തലാക്കിയതിൽ മലയോരത്ത് അമർഷം. കേവലം 9 ദിവസം മാത്രം സർവീസ് നടത്തി നഷ്ടമാണെന്നു പറയുന്നതിൽ എന്ത് യുക്തിയെന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്. യാത്രക്കാർക്കിടയിൽ ബസുകൾ പരിചയം ആകുന്നതിനു മുൻപേ ഓട്ടം‍ നിർത്തുകയും ചെയ്തുവെന്നാണ് പരാതി. രണ്ടാഴ്ച മുൻപാണ് ഗുരുവായൂരിൽ നിന്നു 2 ബസുകളും തൃശൂരിൽ നിന്നു ഒരു ബസും മലയോര മേഖലകളിലൂടെ കാസർകോട്ടേക്ക് സർവീസ് ആരംഭിച്ചത്. ദേശീയപാതയിലെ സർവീസുകളുടെ എണ്ണക്കൂടുതലും മലയോരത്തെ യാത്രാ ക്ലേശവും പരിഗണിച്ചാണ് ഈ സർവീസുകൾ തുടങ്ങിയത്. എന്നാൽ പത്തു ദിവസം പോലും തികയുന്നതിനു മുൻപു ഇവ ഓട്ടം നിർത്തി. മലയോര മേഖലകളിൽ നിന്നു ദേശീയപാതയിലെ പ്രധാന ടൗണുകളുമായി ബന്ധിപ്പിച്ച് കൂടുതൽ കെഎസ്ആർടിസി ബസുകൾ ആരംഭിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് തുടങ്ങിയ ബസുകൾ പോലും മുന്നറിയിപ്പില്ലാതെ നിർത്തിയത്.

ദിവസങ്ങൾ മാത്രം ഓടിയാൽ എങ്ങനെ ലാഭ നഷ്ടം കണക്കാക്കുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. നഷ്ടത്തിൽ തുടങ്ങുകയും പിന്നീട് ലാഭത്തിലാവുകയും ചെയ്ത നിരവധി മലയോര സർവീസുകൾ ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു. പാലാ-ബന്തടുക്ക ബസ് രണ്ടു മാസത്തോളം നഷ്ടത്തിലാണ് ഓടിയത്. പക്ഷേ ഇപ്പോൾ റിസർവേഷൻ പോലും ലഭിക്കാത്ത രീതിയിൽ വൻതിരക്കാണെന്നു കണക്ക് നിരത്തി വ്യക്തമാക്കുന്നു.ഇതുപോലെ പെർല-കുമളി, കാഞ്ഞങ്ങാട്-പത്തനംതിട്ട, കാഞ്ഞങ്ങാട്-ബെംഗളൂരു, കൊന്നക്കാട്-കോട്ടയം, കൊന്നക്കാട്- കുമളി സർവീസുകളൊക്കെ നഷ്ടത്തിൽ തുടങ്ങുകയും പിന്നീട് വൻലാഭത്തിലാവുകയും ചെയ്ത സർവീസുകളാണ്.ഇതു മുന്നിലിരിക്കെയാണ് 9 ദിവസം കൊണ്ട് സർവീസുകൾ നിർത്തലാക്കിയത്.

അശാസ്ത്രീയമായ റൂട്ട് നിർണയവും സമയകൃത്യത പാലിക്കാത്തതുമാണ് ഈ ബസുകളുടെ പ്രധാന പ്രശ്നം. കുറ്റിക്കോലിൽ നിന്നു മുള്ളേരിയ വഴി കാസർകോട്ടേക്ക് പോകുന്നതായിരുന്നു റൂട്ട്. മുള്ളേരിയ വഴി കാസർകോട്ടേക്ക് ചുറ്റി പോകാൻ യാത്രക്കാർക്കു താൽപര്യം കുറവായിരിക്കും. ഇത്തരം പിഴവുകൾ തിരുത്തി ബസുകൾ സമയകൃത്യത പാലിച്ചിരുന്നെങ്കിൽ മൂന്നു സർവീസുകളും ലാഭത്തിലാക്കാൻ സാധിക്കുമായിരുന്നുവെന്ന് അന്തർജില്ലാ മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ ഏകോപന സമിതി വ്യക്തമാക്കി. നിർത്തിയ ബസുകൾക്കു പകരം പുതിയ ബസ് സർവീസ് തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്.

കാഞ്ഞങ്ങാട്, പാണത്തൂർ, ബന്തടുക്ക,കൊന്നക്കാട്, ഭീമനടി, ചെറുപുഴ. ആലക്കോട്, നടുവിൽ, ചെമ്പേരി, ഇരിട്ടി, പേരാവൂർ, കേളകം, കൊട്ടിയൂർ, മാനന്തവാടി തുടങ്ങിയ കുടിയേറ്റ മേഖലകളെ ബന്ധപ്പെടുത്തി ജനോപകാര പ്രദമായ സമയം ക്രമീകരിച്ച് കൂടുതൽ ഫാസ്റ്റ് പാസഞ്ചർ ഓർഡിനറി സർവീസുകൾ അനുവദിച്ചാൽ യാത്രാക്ലേശം പരിഹരിക്കുന്നതോടൊപ്പം കെഎസ്ആർടിസിക്ക് മികച്ച വരുമാനവും ലഭിക്കും. ടൂറിസ്റ്റുകൾക്കും ഇത് ഗുണകരമാകും. ട്രെയിൻ സൗകര്യമില്ലാത്ത കാഞ്ഞങ്ങാട്, ഭീമനടി, ചെറുപുഴ, ഇരിട്ടി, മാനന്തവാടി റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് അനുവദിച്ചാലും യാത്രാക്ലേശത്തിന് പരിഹാരമാകും.

അസോസിയേഷൻ ഏകോപന സമിതി ആവശ്യപ്പെടുന്നത് എം.വി.രാജു നർക്കിലക്കാട് (മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ) കാസർകോട്,

നിലമ്പൂർ, ബത്തേരി ഡിപ്പോകളിൽ നിന്നു നിലമ്പൂർ- കാഞ്ഞങ്ങാട് റൂട്ടിലും ബത്തേരി-കാസർകോട് റൂട്ടിലും പുതിയ സൂപ്പർഫാസ്റ്റ് സർവീസുകൾ തുടങ്ങുക.കോട്ടയം, എറണാകുളം തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നു ചെറുപുഴ, വെള്ളരിക്കുണ്ട് വഴി കൂടുതൽ സർവീസുകൾ തുടങ്ങുക

ടി.ടി.കുരുവിള പയ്യാവൂർ (പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ)

കണ്ണൂർ, കാസർ‌കോട്, വയനാട് ജില്ലകളിലെ കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ചു സുൽത്താൻ ബത്തേരി, കൽപറ്റ, ഗുഡലൂർ, തിരുനെല്ലിക്ഷേത്രം എന്നിവിടങ്ങളിലേക്ക് പുതുതായി കൂടുതൽ സർവീസുകൾ അനുവദിക്കണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com