ഭിന്നശേഷിക്കാരായ കുട്ടികളെ പച്ചക്കറി കൃഷിയിലേക്ക് കൈപിടിച്ച് ബിആർസി
Mail This Article
തൃക്കരിപ്പൂർ ∙ ഭിന്നശേഷിക്കാരായ കുട്ടികളെ പച്ചക്കറി കൃഷിയിലേക്ക് കൈപിടിച്ച് ബിആർസിയുടെ വേറിട്ട പ്രവർത്തനം. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുമായി ചെറുവത്തൂർ ബിആർസിയാണ് ഭിന്നശേഷിയുള്ള കുട്ടികളെ കൃഷിയിലേക്ക് ആകർഷിക്കുന്നത്. തൃക്കരിപ്പൂർ പൂച്ചോലിലെ കർഷകൻ ഒ.ടി.അഷ്റഫ് ഹാജിയുടെ സഹകരണത്തോടെയാണ് ഉപജില്ലയിലെ ഇരുന്നൂറോളം ഭിന്നശേഷി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തത്. ചീര, വെണ്ട, വഴുതന, പയർ, മത്തൻ, കയ്പ തുടങ്ങിയ വിത്തുകളാണ് നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവയും ചന്തേര പൊലീസ് എസ്ഐ പ്രദീപ്‌കുമാറും ചേർന്ന് പച്ചക്കറി വിത്തുകളും നടീൽ വസ്തുക്കളും സമഗ്ര ശിക്ഷാ ചെറുവത്തൂർബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ എം.സുനിൽകുമാറിന് കൈമാറി.പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഹാഷിം കാരോളം, ക്ലസ്റ്റർ കോഓർഡിനേറ്റർ സി.സനൂപ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി.നരേന്ദ്രൻ, കെ.സജീഷ്, സ്പെഷൽ എജ്യുക്കേറ്റർമാരായ കെ.യു.നിമിത, പി.രജിത, പി.അനുശ്രീ, തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ്കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി കെ.മറിയംബി എന്നിവർ പ്രസംഗിച്ചു.