ADVERTISEMENT

കാസർകോട് ∙ ചെർക്കള – കല്ലടുക്ക സംസ്ഥാനാന്തര പാതയിൽ പള്ളത്തടുക്കയ്ക്കു സമീപം ‘എസ്’ വളവിലെ ഇറക്കത്തിൽ ഓട്ടോറിക്ഷയും സ്കൂൾ ബസും കൂട്ടിയിടിച്ച് മരിച്ചത് ഒരു കുടുംബത്തിലെ 4 സ്ത്രീകളടക്കം 5 പേർ. ‌ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന 3 സഹോദരിമാരും ഇവരുടെ പിതാവിന്റെ അനുജന്റെ ഭാര്യയും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്.

ഒരു കുടുംബത്തിലെ 4 പേർ, ഒരുമിച്ചായിരുന്നു നെക്രാജെയിലെ ബന്ധുവീട്ടിലേക്ക് പോകാനായി വൈകിട്ട് 3ന് വീട്ടിൽ നിന്നിറങ്ങിയത്. ചെറിയ ദൂരത്താണു നാലു പേരുടെയും വീടുകൾ. സാധാരണയായി ഓട്ടം പോകുന്ന ഡ്രൈവറെ തന്നെയായിരുന്നു ഇന്നലെയും ഇവർ വിളിച്ചിരുന്നത്. സന്ധ്യയായാൽ മഴ പെയ്തേക്കുമെന്നു കരുതി നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങി ഉടനെ വീട്ടിലെത്താനായിരുന്നു ഇവർ വൈകിട്ട് മൂന്നോടെ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷെ... അപകടവിവരം നാടാകെ നിമിഷങ്ങൾക്കുള്ളിൽ പടരുകയായിരുന്നു.

അപകടം നടന്ന സ്ഥലത്തു നിന്ന് പ്രദേശത്തെ ഒരു വ്യക്തിക്കു നൽകാനുള്ള കത്ത് മരണപ്പെട്ടവരുടെ കയ്യിൽ നിന്ന് കിട്ടിയിട്ടുണ്ട്. ഈ കത്ത് പള്ളത്തടുക്കയിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ ഏൽപിക്കാനാവും വഴി മാറി പള്ളത്തടുക്ക വഴി കുടുംബം പോയത് എന്നതാണ് മറ്റൊരു സാധ്യത. കത്ത് പൊലീസിനു കൈമാറിയിട്ടുണ്ട്. പരുക്കേറ്റവരിൽ ആരും ജീവനോടെ അവശേഷിക്കാത്തതിനാൽ ഈ ചോദ്യങ്ങൾക്കുത്തരം ബന്ധുക്കളിൽ നിന്നു തന്നെ ലഭിക്കേണ്ടി വരും. അപകട സ്ഥലത്ത് ഓടിയെത്തിയവർ ഈ കത്തിലെ വിലാസത്തിലാണ് ആദ്യം വിളിച്ചു പറഞ്ഞത്.

മരണപ്പെട്ട കുടുംബം എവിടെ പോവുകയായിരുന്നു? അവ്യക്തത
നെക്രാജെ പള്ളത്തുമൂലയിലെ ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. ഇവർ പിന്നീട് എങ്ങനെ പള്ളത്തടുക്കയിലെത്തി എന്നതിൽ വ്യക്തതയില്ല. നെക്രാജെയിൽ നിന്ന് കാസർകോട് മൊഗർ എരിയാലിലേക്ക് നീർച്ചാൽ–സീതാംഗോളി വഴിയാണ് എളുപ്പ വഴി. എന്നാൽ ഇവിടേക്ക് വരുന്നതിനിടെ വഴി തെറ്റി പള്ളത്തടുക്കയിലേക്ക് വന്നതാണോ എന്നതാണ് സംശയം.

ഓർക്കുമ്പോൾ നടുക്കമാണ് ഇപ്പോഴും !
പള്ളത്തടുക്ക ∙ വൈകിട്ട് 5ന് പെട്ടെന്നുണ്ടായ അപകടത്തിൽ പള്ളത്തടുക്ക നാട് ഞെട്ടി. ‘എസ്’ ആകൃതിയിലുള്ള വളവിൽ അപകടങ്ങൾ പതിവായിരുന്നുവെന്നു നാട്ടുകാർ‌ പറയുന്നു. എന്നാൽ, ഇത്ര വലിയ ഒരു അപകടം ഇവിടെ അപ്രതീക്ഷിതമായിരുന്നു. ശബ്ദവും കരച്ചിലും കേട്ട് സമീപത്തെ പള്ളത്തടുക്ക വീട്ടിൽ നിസാർ ഓടിയെത്തുമ്പോൾ ഓട്ടോയിലെ 5 അംഗ കുടുംബവും ഓട്ടോയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

ഉടനെ പിറകെ വന്ന വാഹനങ്ങളിലെത്തിയവരും നാട്ടുകാരും  ചേർന്നാണ് ഓരോരുത്തരെയായി ആംബുലൻസിൽ‌ ആശുപത്രിയിലെത്തിച്ചത്. അപ്പോൾ തന്നെ 3 പേർ മരച്ചിരുന്നുവെന്ന് നിസാർ‌ പറയുന്നു. ആദ്യത്തെ ആളെ ആംബുലൻസിൽ കയറ്റിയ ശേഷമാണ് സ്ഥലവാസിയായ നൗഷാദ് പള്ളത്തടുക്ക സ്ഥലത്തെത്തിയത്. ഈ സമയത്ത് 2 സ്ത്രീകൾ ഓട്ടോയിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. ഇവരെ വളരെ പ്രയാസപ്പെട്ടാണ് നാട്ടുകാർ ഓട്ടോയിൽ നിന്നു പുറത്തെടുത്തത്.

ഈ സമയത്ത് ശരീരമാകെ രക്തത്തിൽ കുതിർന്ന നിലയിലായിരുന്നു.ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ ബസ് കുട്ടികളെ ഇറക്കി മടങ്ങി വരുമ്പോഴാണ് അപകടം എന്നതിനാൽ കുട്ടികൾക്കു പരുക്കേൽക്കാതെ രക്ഷപ്പെട്ടു എന്നത് ആശ്വാസമായി.എംവിഐ ഷാജി ഫ്രാൻസിസ്, എഎംവിഐ കെ.വി. അരുൺകുമാർ, ബദിയടുക്ക സിഐ, എസ്ഐ കെ.പി.വിനോദ്കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി.

റോഡുപണിയിലെ വീഴ്ച, റോഡിൽ മാർക്കിങ്ങും ഇല്ല
പള്ളത്തടുക ∙ ചെർക്കള–കല്ലടുക്ക സംസ്ഥാനാന്തര പാത നിർമാണത്തിലെ വീഴ്ച അപകടത്തിനു പ്രധാന കാരണമാണ്. കേരള റോഡ് ഫണ്ട് ബോർഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോ‍ഡ് 4 വർഷം മുൻപ് ആദ്യഘട്ട ടാറിങ് നടത്തിയത്. രണ്ടാംഘട്ട ടാറിങ് പൂർത്തിയാക്കാതെ കരാറുകാരൻ പിൻവാങ്ങി.  തുടർന്ന് പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ കലക്ടർ ഇടപെട്ട് ഈയിടെ റീ ടെൻഡർ ചെയ്തെങ്കിലും പണി ഏറ്റെടുക്കാൻ ആളുണ്ടായില്ല.

ഇതോടെ രണ്ടാംഘട്ട ടാറിങ് മുടങ്ങി. വളവും ഇറക്കവുമുള്ള റോഡിൽ ടാറിങ് പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ നിയന്ത്രണം തെറ്റുന്നു. മാത്രമല്ല, ഇവിടെയൊന്നും റോഡിന്റെ മധ്യഭാഗം വേർതിരിക്കുന്ന മാർക്കിങ്ങും നടത്തിയിട്ടില്ല. ഇതെല്ലാം അപകടത്തിലേക്ക് നയിച്ച ഘടകമാണ്.

അപകട കാരണങ്ങൾ,സാധ്യത
∙ ചെർക്കള–കല്ലടുക്ക സംസ്ഥാനാന്തര പാതയിൽ പള്ളത്തടുക്കയ്ക്കു സമീപത്തെ ‘എസ്’ അക്ഷരം പോലെയുള്ള കൊടുംവളവ്
∙ കയറ്റവും ഇറക്കവുമുള്ള വളവിൽ അമിത വേഗത്തിലാണ് സ്കൂൾ ബസ് വന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
∙ റോഡിന്റെ ദിശ മാറി വലതുവശം ചേർ‌ന്ന് ബസ് വന്നത് അപകടത്തിനിടയാക്കി.
∙ കൊടും വളവുള്ള റോഡായിട്ടും രണ്ടായി തിരിച്ചുള്ള മാർ‌ക്കിങ്ങോ അരിക് ചേർന്ന് മാർക്കിങ്ങോ ഡിവൈഡറുകളോ ഇല്ല
∙ കൊടും വളവിനെ കുറിച്ചും അപകട സാധ്യതയെക്കുറിച്ചും ഓട്ടോ ഡ്രൈവർക്കു പരിചയക്കുറവുണ്ടായിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com