രാത്രിയിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചയാൾക്ക് പിഴ; വിവരങ്ങൾ നൽകിയാൽ പാരിതോഷികം
Mail This Article
ബോവിക്കാനം∙ പഞ്ചായത്ത് ഉദ്യോഗസ്ഥർ രാത്രി പരിശോധന നടത്തി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതു പിടികൂടി. മുളിയാർ പഞ്ചായത്തിലെ ഒന്നാം വാർഡ് ചൂരിമൂലയിലാണ് ജനവാസ മേഖലയിൽ മാലിന്യം കത്തിക്കുന്നതു പിടികൂടിയത്. എടനീരിലെ യു.കെ.ഹുസൈനെതിരെ മാലിന്യനിർമാർജന നിയമപ്രകാരം പഞ്ചായത്ത് സെക്രട്ടറി കേസെടുത്തു. 25000 രൂപ വരെ പിഴ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അസി.സെക്രട്ടറി പി.വി.ശ്രീനിവാസന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും മാലിന്യം ഏതാണ്ട് കത്തി തീരാറായിരുന്നു. ഹുസൈൻ സ്ഥലത്തു തന്നെയുണ്ടായിരുന്നു.
ഓട്ടോഡ്രൈവറായ ഇദ്ദേഹം പുറമെ നിന്നു മാലിന്യം കൊണ്ടു വന്ന് പതിവായി കത്തിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. ആദൂർ പൊലീസും സ്ഥലത്തെത്തി. നേരത്തെയും ഇത്തരത്തിൽ പരാതി ലഭിച്ചതിനെ തുടർന്നു പരിശോധന നടത്തിയെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. ചില കടകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുളള മാലിന്യങ്ങളാണ് ഇവിടെ കൊണ്ടു വന്നു കത്തിക്കുന്നതെന്നാണു പ്രധാന പരാതി. സ്ഥല ഉടമയെയും കേസിൽ പ്രതി ചേർക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.
വിവരങ്ങൾ നൽകിയാൽ പാരിതോഷികം
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന്റെയും കത്തിക്കുന്നതിന്റെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ നൽകുന്നവർക്കു 2500 രൂപ പാരിതോഷികം നൽകുമെന്ന് മുളിയാർ പഞ്ചായത്ത് സെക്രട്ടറി എ.ആർ.പ്രശാന്ത് കുമാർ. വിവരം നൽകുന്നവരുടെ പേര് ഉൾപ്പെടെയുള്ളവ രഹസ്യമായി സൂക്ഷിക്കും. പഞ്ചായത്തിലെ പല ഭാഗങ്ങളിലും റോഡരികിലുൾപ്പെടെ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്നു തള്ളുന്നതു പതിവാണ്. ഇതു തടയുന്നതിന്റെ ഭാഗമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മാലിന്യം തള്ളുന്നതു കണ്ടെത്താൻ പഞ്ചായത്തിലെ 10 സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.