ഈ വയൽ മരിക്കില്ല, ജീവിക്കുന്നു ഈ കർഷകരിലൂടെ...
Mail This Article
ചെറുവത്തൂർ ∙ തരിശിലേക്കു വഴിമാറിക്കൊണ്ടിരുന്ന കൊടക്കാട് പാടശേഖരം കർഷകരെ ചേർത്തുപിടിച്ച് വീണ്ടും നെൽക്കൃഷി ഇറക്കി. പല കാരണങ്ങൾ കൊണ്ടും പൂർണമായും നെൽക്കൃഷിയിൽ നിന്ന് കർഷകർ പിൻവാങ്ങുന്ന ഘട്ടം വന്നപ്പോൾ പാടശേഖരത്തിലെ പ്രമുഖ കർഷകനും കർഷകരുടെ അനൗപചാരിക സർവകലാശാലയായ കർഷക വിദ്യാപീഠത്തിന്റെ അസോഷ്യേറ്റ് ഡയറക്ടറുമായ രവീന്ദ്രൻ കൊടക്കാട്, കൊടക്കാട് പാടശേഖരത്തിന്റെ സെക്രട്ടറി സി.വി.രാഘവൻ എന്നിവർ ചേർന്നു നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് പാടശേഖരത്തെ ഇന്ന് ഒരു പരിധിവരെ തുടർ കൃഷിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത്. കൃഷി ഉപേക്ഷിച്ച കർഷകരെ നേരിൽ കണ്ട് അവരെ കൃഷിയുടെ പ്രാധാന്യം പറഞ്ഞ് കൊടുത്തപ്പോൾ ആണ് പലരും വീണ്ടും കൃഷിയിറക്കാൻ തയാറായത്. വിത്തില്ലാത്തവർക്ക് വിത്ത് എത്തിച്ചു കൊടുത്തും.
ഞാറ്റടി തയാറാക്കി കൊടുത്തും, കൃഷിപ്പണിക്ക് നാട്ടിൽ നിന്ന് ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതെ വന്നപ്പോൾ അതിഥി തൊഴിലാളികളെ എത്തിച്ചു കൊടുത്തും കൃഷിക്കാരെ പിന്തുണച്ചു. ചിറ്റേനി, ഏഴോം, പൗർണമി, ഒറ്റ നുരി, അരിക്കനായി, ആയിരപ്പറ എന്നീ നെല്ലിനങ്ങളാണ് പാടശേഖരത്ത് കൃഷി ഇറക്കിയിട്ടുള്ളത്. ട്രാക്ടർ ഉപയോഗിച്ച് രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് പൂർണമായും നടാൻ വേണ്ട വിധത്തിൽ നിലമൊരുക്കിയ ഇടങ്ങൾ തരിശിട്ടതു കാരണം നിലമൊരുക്കാൻ ഇപ്പോൾ ഇതിന്റെ നാലിരട്ടി സമയം വേണ്ടി വന്നു. വിപുലമായ ഞാറ്റടിയും ഇവിടെ തയാറാക്കിയിട്ടുണ്ട്. ഒരേ ഘട്ടത്തിൽ തന്നെ വിളവിറക്കാൻ കഴിഞ്ഞതിനാൽ ഒരേ സമയം തന്നെ മെഷീൻ ഉപയോഗിച്ച് കൃഷി കൊയ്തെടുക്കാം. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് കൊടക്കാട് പാടശേഖരത്തിന് ഇങ്ങനെ ഒരു വയൽക്കാഴ്ച ഒരുക്കാൻ കഴിഞ്ഞത്.