ADVERTISEMENT

ചെർക്കള∙ എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന വിചാരണ സദസ്സിന് ജില്ലയിൽ  ആവേശത്തുടക്കം. കാസർകോട് നിയോജക മണ്ഡലത്തിലെ ചെർക്കളയിൽ സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത വിചാരണ സദസ്സ് എൽഡിഎഫിനെതിരെ മുദ്രാവാക്യവും മുഴക്കി. കലാപരിപാടികളോടെയാണ് സദസ്സ് തുടങ്ങിയത്. യുഡിഎഫിലെ ഘടകകക്ഷികളുടെ ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ള പങ്കെടുത്ത പരിപാടിയിൽ അവതരിപ്പിച്ച ജനകീയ കോടതിയിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിചാരണ നടത്തി.

മുസ്‍ലിംലീഗ് ദേശീയ  ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ സിടി അഹമ്മദലി അധ്യക്ഷത വഹിച്ചു. കാസർകോട് മണ്ഡലം ചെയർമാൻ മാഹിൻ കേളോട്ട്, കെപിസിസി അംഗങ്ങളായ   ബാലകൃഷ്ണൻ പെരിയ, കെ.പി.കുഞ്ഞിക്കണ്ണൻ, കെ.നീലകണ്ഠൻ, ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, റിജിൽ മാക്കുറ്റി, എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ്, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ,  മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി.

ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ, ട്രഷറർ പി.എം. മുനീർ ഹാജി, എം.സി.കമറുദ്ദീൻ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനിചന്ദ്രൻ, കെഎസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, എ.എം.കടവത്ത്,  വി.കെ.പി.ഹമീദലി, എ.ബി.ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെർക്കള, കരുൺ താപ്പ, പി.എ.അഷ്റഫലി, അഷ്റഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്,  വി.എം.മുനീർ, ജലീൽ എരുതുംകടവ്, ഇഖ്ബാൽ ചേരൂർ, ഖാദർ ബദ്‍രിയ, ഹരീഷ് ബി.നമ്പ്യാർ, വി.കമ്മാരൻ, പി.പി.അടിയോടി, ബി.എം. സുഹൈൽ, നാഷനൽ അബ്ദുല്ല, കരിവെള്ളൂർ വിജയൻ,  ടിറ്റോ ജോസഫ്,എ.ഗോവിന്ദൻ നായർ എന്നിവർ പ്രസംഗിച്ചു.

‘കോടികൾ ധൂർത്തടിക്കുന്ന നവകേരള സദസ്സിന്റെ  പൊള്ളത്തരങ്ങൾ  ജനങ്ങളിൽ എത്തിക്കും’
ചെർക്കള∙ സംസ്ഥാനത്താകെ വികസനം എത്തിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേത്  സൗമ്യഭാവമായിരുന്നുവെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രൗദ്രഭാവത്തോടെയാണ് ജനങ്ങളോട് പെരുമാറുന്നതെന്ന് മുസ്‍ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി പറഞ്ഞു. കേരളം ഭരിക്കുന്നത് അഹങ്കാരം തലയ്ക്ക് പിടിച്ച മുഖ്യമന്ത്രിയാണ്.സംസ്ഥാന സർക്കാർ കോടികൾ ധൂർത്തടിച്ച് നടത്തുന്ന നവകേരള സദസ്സിന്റെ പൊള്ളത്തരങ്ങൾ  ജനങ്ങളിൽ എത്തിക്കാനാണ് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും വിചാരണ സദസ്സ് നടത്തുന്നത്. ഇടതുസർക്കാരിന്റെ അഴിമതികളും  കെടുകാര്യസ്ഥതയും മറയ്ക്കാനാണ് നവകേരള സദസ്സ്. പരസ്യങ്ങളുടെ വർണപൊലിമ കൊണ്ട് പിണറായിക്ക് വ്യക്തി പ്രഭ ഉണ്ടാക്കി കൊടുക്കാനാണ് ശ്രമം. 

വിലക്കയറ്റത്താൽ  ജനങ്ങൾ പൊറുതി മുട്ടുമ്പോൾ സാധാരണക്കാരുടെ ആശ്രയമായ സപ്ലൈകോ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സപ്ലൈകോയിൽ സബ്സിഡി നിർത്തലാക്കി. സർക്കാർ ഖജനാവ് കാലിയായപ്പോഴും കേരളീയം പരിപാടിക്കായി സർക്കാർ 27 കോടി രൂപ തുലച്ചു. ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. വൈദ്യുതി ചാർജ് 40 ശതമാനവും വെള്ളക്കരവും കെട്ടിട നികുതിയും വർധിപ്പിച്ചു.  ഇന്ധന നികുതി കൂട്ടി. ആരോഗ്യമേഖലയാകെ തകർന്നു. യുഡിഎഫ് സർക്കാർ ഓരോ ജില്ലകളിലും കൊണ്ടുവന്ന മെഡിക്കൽ കോളജുകൾക്ക് ഫണ്ട് അനുവദിക്കാതെ പാതി വഴിയിൽ നിർത്തി.മന്ത്രിമാരുടെ ഭാര്യമാർക്ക് ജോലി നൽകുകയും പാർട്ടി അനുഭാവികൾ എഴുതാതെ പരീക്ഷ ജയിക്കുകയും യോഗ്യത ഇല്ലാതെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുകയും ചെയ്യുകയാണെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ജനകീയ കോടതി
ചെർക്കള∙മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി യു‍ഡിഎഫിന്റെ വിചാരണ സദസ്സിൽ ജനകീയ കോടതി. സംസ്ഥാനത്തെ വിവിധ ക്ഷേമ പെൻഷനുകൾ കിട്ടാത്തതും,ലൈഫ്മിഷനിൽ അപേക്ഷിച്ചിട്ട് വീടു അനുവദിക്കാത്തതും ബൈക്ക് യാത്രക്കാരന് സീറ്റ് ബെൽറ്റ് ഇട്ടില്ലെന്നു കുറ്റം ആരോപിച്ച് പിഴ അടയ്ക്കേണ്ടി വന്നതും ഉൾപ്പെടെയുള്ളവ ജനകീയ കോടതിയിൽ വിഷയമായി.  മുഖ്യമന്ത്രിയുടെ മുഖംമൂടിയുമായി നിശബ്ദനായി പ്രതിക്കൂട്ടിൽ നിൽക്കുന്ന മുഖ്യമന്ത്രിയെയാണ് ജനകീയകോടതി അവതരിപ്പിച്ചത്. കാസർകോട് ബാറിലെ അഭിഭാഷകരാണ് ജനകീയ കോടതിയിൽ ജഡ്ജിയുടെയും പ്രോസിക്യൂട്ടറുടെയും വക്കീലിന്റെയും വേഷത്തിലെത്തിയത്.

മറ്റ് മണ്ഡലങ്ങളിലെ പരിപാടികൾ ഇങ്ങനെ
ജില്ലയിലെ ആദ്യത്തെ പരിപാടിയാണ് ഇന്നലെ നടന്നത്. മറ്റു മണ്ഡലങ്ങളിലെ പരിപാടികളുടെ പ്രചാരണാർഥമുള്ള അനുബന്ധ പരിപാടികൾ തുടങ്ങിയിട്ടുണ്ട്. 5ന് തൃക്കരിപ്പൂരിൽ രമേശ് ചെന്നിത്തലയും 11ന് ഉദുമയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും 14ന് കാഞ്ഞങ്ങാട്ട് യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം.ഹസനും ഉദ്ഘാടനം ചെയ്യും. മ‍ഞ്ചേശ്വരം മണ്ഡലം കൺവൻഷൻ 27ന് നടത്താനാണു ആലോചിച്ചിട്ടുള്ളത്. പരിപാടിയിൽ പങ്കെടുക്കുന്ന  സംസ്ഥാന നേതാക്കന്മാരുടെ സൗകര്യം കൂടി കണക്കിലെടുത്ത്  ഔദ്യോഗിക തീയതി ഉടൻ തീരുമാനിക്കും.

യുഡിഎഫ് കുറ്റവിചാരണ സദസ്സ് 5ന് തൃക്കരിപ്പൂരിൽ
തൃക്കരിപ്പൂർ∙ ഇടതു സർക്കാർ അവഗണിച്ച സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സ് 5നു തൃക്കരിപ്പൂരിൽ നടത്തും. കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യും. നടത്തിപ്പിനു വിപുലമായ ഒരുക്കങ്ങളായതായി യുഡിഎഫ് നേതാക്കൾ അറിയിച്ചു.വൈകിട്ട് 3 മുതൽ 6 വരെയാണ് കുറ്റ വിചാരണ സദസ്സ്. ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാത്തവർ, മസ്റ്ററിങ് നടത്തി പെൻഷൻ ലഭിക്കാത്തവർ, കെഎസ്ആർടിസിയിൽ ശമ്പളം കിട്ടാത്ത ജീവനക്കാരും പെൻഷൻകാരും, പിഎസ്‌സി നിയമന പട്ടിക  പ്രസിദ്ധീകരിച്ചിട്ടും ജോലി ലഭിക്കാത്തവർ, മലയോര പഞ്ചായത്തുകളിൽ വന്യമൃഗങ്ങളുടെ ആക്രമണമേറ്റവരും ഭീഷണിയിൽ കഴിയുന്നവരും തുടങ്ങിയവർ കുറ്റവിചാരണ സദസ്സിൽ.

നേരിട്ട് അനുഭവങ്ങളും കാര്യങ്ങളും വിശദീകരിക്കുമെന്നു സ്വാഗത സംഘം നിയോജക മണ്ഡലം വർക്കിങ് ചെയർമാൻ കെ.ശ്രീധരൻ, ജനറൽ കൺവീനർ എ.ജി.സി.ബഷീർ, കൺവീനർ സത്താർ വടക്കുമ്പാട്, ട്രഷറർ വി.കെ.ബാവ, പ്രചാരണ കമ്മിറ്റി ചെയർമാൻ എം.രജീഷ് ബാബു എന്നിവർ അറിയിച്ചു.വർഷങ്ങളായി സർക്കാർ അനാസ്ഥ മൂലം വിവിധ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത സ്ത്രീകളെയും യുവജനങ്ങളെയും ഉൾപ്പെടെ സമൂഹത്തിലെ സർവ തലങ്ങളിലുള്ളവരെയും കുറ്റവിചാരണ സദസ്സിനു ക്ഷണിച്ചിട്ടുണ്ടെന്നു നേതാക്കൾ വിശദീകരിച്ചു.യുഡിഎഫിന്റെ കുറ്റ വിചാരണ സദസ്സുകൾ  പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ജില്ലയിലെ  5 മണ്ഡലങ്ങളിലായി സദസ്സുകൾ നടത്തും. ഓരോ മണ്ഡലങ്ങളിലുമായി യുഡിഎഫിന്റെ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ഓരോ മണ്ഡലങ്ങളിലും രണ്ടായിരത്തിലേറെ പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് യുഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. എ.ഗോവിന്ദൻ നായർ  ജില്ലാ കൺവീനർ, യുഡിഎഫ് ജില്ലാ കമ്മിറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com