ADVERTISEMENT

കാസർകോട്∙ ഇന്ധനം നിറച്ചും സ്പെയർ പാർട്സ് വാങ്ങിയും വാഹനം റിപ്പയർ ചെയ്തും പണം നൽകാതെ പൊലീസ്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് പണം നൽകുന്നത് സർക്കാർ തടഞ്ഞപ്പോൾ വെട്ടിലായത് ഉടമകൾ.   ജില്ലയിൽ ഇന്ധനം നിറച്ച കുടിശിക ഇനത്തിൽ 22 ഇന്ധന ഡീലർമാർക്ക് കിട്ടാനുള്ളത് ആകെ ഒന്നര കോടിയോളം രൂപ.  6 മാസത്തെ കുടിശിക കിട്ടാനുണ്ട്. ഇതിനിടെ പൊലീസ് നൽകിയത് 30 ലക്ഷത്തോളം രൂപ. പെട്രോൾ കമ്പനികൾ മുൻകൂർ പണം നൽകാതെ പമ്പുകൾക്ക് ഇന്ധനം നൽകില്ല.

ഈ സാഹചര്യത്തിൽ ഇന്ധനം നൽകിയതിന്റെ കുടിശിക നൽകാൻ സർക്കാർ ഓരോ ദിവസം വൈകുന്തോറും ഇതിനായി കടം വാങ്ങി നൽകണം ഡീലർമാർ. ബാങ്കിൽ നിന്നും അല്ലാതെയും കടം വാങ്ങിയ പണത്തിന് പലിശ കൊടുത്തു കടത്തിന്റെ ആഴം കൂടുന്നു. സർക്കാർ അനുവദിക്കുമ്പോൾ ഒന്നിച്ചു ഒരു തുക കിട്ടുമെന്ന ആശ്വാസം പലപ്പോഴും വൻ ബാധ്യത വരുത്തുന്നു എന്നാണ് ഡീലർമാർ പറയുന്നത്. കുടിശിക വൻ തുക കിട്ടാനുണ്ട് എങ്കിലും ഇന്ധനം നൽകുന്നത് റദ്ദാക്കിയിട്ടില്ല. ഇനി നൽകില്ലെന്ന മുന്നറിയിപ്പ് നൽകുമ്പോൾ ചെറിയ തുക അടച്ച് കാര്യം സാധിക്കുകയാണ് പൊലീസ് വകുപ്പ്.

സ്പെയർ പാർട്സ് വാങ്ങിയ ഇനത്തിലും കുടിശിക

ഇന്ധനത്തിന്റെ കഥ ഇതാണെങ്കിൽ സ്പെയർപാർട്സ് വാങ്ങിയ ഇനത്തിൽ പല കടകളിലും ഒരു വർഷം വരെയുള്ള കുടിശിക നൽകാനുണ്ട്.   ലക്ഷത്തിൽ കുറയാത്ത തുക പല ഇടങ്ങളിലും കുടിശിക ഉണ്ട്.   കുടിശിക ഒരു വർഷത്തിലേക്ക് നീണ്ടപ്പോൾ സ്പെയർപാർട്സ് നൽകുന്നത് നിർത്തി വച്ച സ്ഥാപനങ്ങളും ഉണ്ട്. റിപ്പയർ നടത്തിയ വർക്‌ഷോപ്പുകളിലും  പൊലീസിനു കടം ബാക്കിയുണ്ട്.   എപ്പോൾ കൊടുക്കും എന്നു പറയാൻ കഴിയാത്ത അവസ്ഥയിലാണ് പൊലീസ്.   സർക്കാരിന്റെ ഭരണ നേട്ടങ്ങൾ പറയാനും പ്രതിപക്ഷത്തെ വിമർശിക്കാനും നവകേരള സദസ്സ് നടത്തുന്ന സർക്കാർ, ഇതേ പരിപാടിക്കായി ഓടിത്തളർന്ന പൊലീസ് സേനയ്ക്ക് ഇന്ധനം നിറച്ച പണം നൽകാതെ, ഉദ്യോഗസ്ഥർക്ക് പമ്പുടമകളെ നേരിടാൻ കഴിയാത്ത സ്ഥിതിയിലാക്കി.ട്രഷറി നിയന്ത്രണത്തിന്റെ ഊരാക്കുടുക്ക് ഒന്നിനു പിറകെ ഒന്നായി വരുമ്പോൾ കടബാധ്യത എപ്പോൾ ഒഴിയും എന്ന ആശങ്കയിലാണ് പൊലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com