ADVERTISEMENT

കാഞ്ഞങ്ങാട് ∙ മാസങ്ങൾക്കു മുൻപു വീടു വിട്ട മകനെ കണ്ടെത്തിയ സന്തോഷത്തിൽ അളമേലിന്റെ വാക്കുകൾ മുറിഞ്ഞു. മകനെ ചേർത്തുപിടിച്ചു ആലിംഗനം ചെയ്തു, പിന്നീടു പരിഭവം പറഞ്ഞു, കൂടെ നിന്നവർക്കു നന്ദി പറഞ്ഞു. നാലുമാസം മുൻപു വീടു വിട്ട മകൻ വീരപ്പനെ(33) കാഞ്ഞങ്ങാട് നിന്നു കണ്ടെത്തിയതോടെയാണു മാസങ്ങൾ നീണ്ട തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ പൂണ്ടി വില്ലേജിലെ അളമേലിന്റെ മകനെ തേടിയുള്ള അലച്ചിലിന് അറുതിയായത്. അളമേലിന്റെ മകനെ തേടിയുള്ള കഥ ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. 

മംഗളൂരുവിലായിരുന്ന വീരപ്പനെ വാര്‍ത്ത കണ്ടവര്‍ കാഞ്ഞങ്ങാട്ടേക്കു ട്രെയിനിൽ കയറ്റി വിടുകയായിരുന്നു. വിവരമറിഞ്ഞ അളമേലും നന്മമരം പ്രവർത്തകൻ സലാം കേരളയും റെയിൽവേ സ്റ്റേഷനിലെത്തി വീരപ്പനെ കണ്ടെത്തി. ഇവിടെ നിന്നു അമ്മയെയും മകനെയും ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എംഎ, എംഎഫിൽ യോഗ്യതയുള്ള തനിക്കു നല്ലൊരു ജോലി കിട്ടാത്തതാണു നാടു വിടാൻ കാരണമെന്നു വീരപ്പൻ പറഞ്ഞു. അമ്മയെയും ഭാര്യയെയും മകളെയും സംരക്ഷിക്കാൻ നല്ലൊരു ജോലി ആവശ്യമാണ്. ഇതിനായി ഏറെ അലഞ്ഞെങ്കിലും കിട്ടിയില്ല. നല്ലൊരു ജോലി ആരെങ്കിലും തന്നു സഹായിക്കണമെന്നും വീരപ്പൻ പറഞ്ഞു.

കാഴ്ചക്കുറവുള്ള വീരപ്പൻ ബെംഗളൂരുവിൽ ജോലി കിട്ടിയെന്നു പറഞ്ഞാണു വീട് വിട്ടത്. പിന്നീട് വീരപ്പനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഫോണിൽ ബന്ധപ്പെടുമ്പോൾ സ്വിച്ച് ഓഫ്. മകൻ തിരിച്ചു വരുമെന്നു കരുതി ഒരു മാസത്തെ കാത്തിരിപ്പ്. എന്നിട്ടും വിവരമില്ലാതെ വന്നതോടെ പൊലീസിൽ പരാതി നൽകി. അതിലും നടപടിയില്ലാതെ വന്നതോടെ അളമേൽ തന്നെ മകനെ തേടിയിറങ്ങി. ആദ്യം പോയത് ബെംഗളൂരുവിലേക്ക്.

അവിടെ ദിവസങ്ങളോളം മകനെ തേടി നടന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തമിഴ്നാട്ടിലും ഏറെ അലഞ്ഞു. ഒടുവിൽ നാട്ടുകാരാനായ ഒരാൾ വീരപ്പനെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ കണ്ടുവെന്ന് വിളിച്ചു പറഞ്ഞപ്പോൾ കാഞ്ഞങ്ങാട്ടേക്ക്. മകനെ തേടി അലയുന്ന അമ്മയെ നന്മമരം പ്രവർത്തകൻ വിനു വേലാശ്വരമാണു കണ്ടത്.  ഇദ്ദേഹം വിവരം മറ്റുള്ളവരെ അറിയിച്ചു. അളമേലിന്റെ സങ്കടം കണ്ട നന്മമരം പ്രവർത്തകർ ഹൊസ്ദുർഗ് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഉടൻ തന്നെ നടപടി  സ്വീകരിച്ചു. 

പൊലീസ് സ്റ്റേഷനിലെത്തിച്ച അമ്മയെയും മകനെയും പൊലീസ് സ്നേഹത്തോടെ യാത്രയാക്കി. എന്നാൽ ജോലി തേടി കുറച്ചു ദിവസം കൂടി കാഞ്ഞങ്ങാട്  ചെലവഴിക്കുമെന്നും നല്ലൊരു ജോലി ആരെങ്കിലും നൽകുമെന്നാണു പ്രതീക്ഷയെന്നും വീരപ്പൻ പറഞ്ഞു. എസ്ഐ സൈഫുദ്ദീൻ നീലേശ്വരം‍, ജനമൈത്രി ബീറ്റ് ഓഫിസർമാരായ രഞ്ജിത്ത് ഒഴിഞ്ഞവളപ്പ്, ‍പ്രമോദ് ഒഴിഞ്ഞവളപ്പ് എന്നിവരുടെ നേതൃത്വത്തിൽ വീരപ്പനെ കണ്ടെത്താൻ പൊലീസും ഏറെ പരിശ്രമിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com