വെള്ളരിക്കുണ്ട് താലൂക്കിൽ ഭക്ഷ്യ കമ്മിഷൻ പരിശോധന പൂർത്തിയായി
Mail This Article
വെള്ളരിക്കുണ്ട്∙താലൂക്കിൽ ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം എം.വിജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി താലൂക്കിലെ പട്ടികവർഗ ഊരുകളും റേഷൻ കടകളും സന്ദർശിച്ചത്. കഴിഞ്ഞ ദിവസം ഈസ്റ്റ് എളേരി പഞ്ചായത്തിലെ അതിർത്തി പ്രദേശത്തെ കോളിത്തട്ട് ഊര് സന്ദർശിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ്, പട്ടിക വർഗ വികസന വകുപ്പ്, വനം വകുപ്പ്, ഐസിഡിഎസ്, പൊതുവിദ്യാഭ്യാസം, എന്നിവയിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു
റേഷൻ കടകളിലൂടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, അങ്കണവാടികൾ വഴിയുള്ള കുട്ടികൾക്കും അമ്മമാർക്കുമുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം, ഗർഭസ്ഥ കാല ധനസഹായം എന്നിവയെപ്പറ്റിയും അന്വേഷിച്ചു. റേഷൻ കടകൾവഴി അർഹമായ ഭക്ഷ്യധാന്യങ്ങളുടെ അളവ് ഊരിലെ കുടുംബങ്ങളെ ബോധ്യപ്പെടുത്തി. പാലാവയലിലെ പൊതുവിതരണ കേന്ദ്രത്തിലും പരിശോധന നടത്തി. ഭക്ഷ്യ കമ്മിഷൻ ഓഫിസിലെ റേഷനിങ് ഇൻസ്പെക്ടർ വി.രഞ്ജിത്, താലൂക്ക് സപ്ലൈ ഓഫിസർ ടി.സി.സജീവൻ, കെ.കെ.രാജീവൻ, ജാസ്മിൻ കെ.ആന്റണി, കെ.വൈശാഖ്, ഇ.പി.ഉഷ, എം.സുനിൽകുമാർ, എ.ബാബു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.