മംഗളൂരു റെയിൽവേ സ്റ്റേഷന് ബജറ്റിൽ 4.74 കോടി
Mail This Article
മംഗളൂരു ∙ ഇടക്കാല ബജറ്റിൽ ദക്ഷിണ കന്നഡയിലെ റെയിൽവേ പദ്ധതികൾക്കായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 55 കോടി രൂപ അനുവദിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും ട്രാക്ക് വികസനത്തിനും വേണ്ടിയാണ് ഫണ്ട് അനുവദിച്ചത്. ജോക്കട്ടെ റെയിൽവേ സ്റ്റേഷനും (ദക്ഷിണ റെയിൽവേ) തൊക്കൂർ റെയിൽവേ സ്റ്റേഷനും (കൊങ്കൺ റെയിൽവേ) ഇടയിലുള്ള ഇരട്ടപ്പാത പദ്ധതിക്ക് 50 കോടി രൂപ ബജറ്റിൽ വകയിരുത്തി.
രണ്ട് വ്യത്യസ്ത റെയിൽവേ മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാത 1.98 കിലോമീറ്റർ നീളമുള്ളതാണ്. കൂടാതെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അധിക പ്ലാറ്റ്‌ഫോമുകൾ പൂർത്തീകരിക്കുന്നതിന് 4.74 കോടി രൂപ വകയിരുത്തി. പ്ലാറ്റ്ഫോമുകൾക്കുള്ള ഷെൽട്ടറുകളുടെയും കാൽനടപ്പാലവും നിർമാണത്തിലാണ്. മംഗളൂരു - പനമ്പൂർ റെയിൽവേ ട്രാക്കിന്റെ പാച്ച് ഇരട്ടിപ്പിക്കൽ പ്രവൃത്തിക്കും നേത്രാവതി ക്യാബിൻ – മംഗളൂരു സെൻട്രൽ സെക്‌ഷൻ ഇരട്ടിപ്പിക്കലിന്റെ ബാക്കി ജോലികൾക്കായും തുക അനുവദിച്ചു.