ADVERTISEMENT

കാസർകോട് ∙ കാറഡുക്ക പഞ്ചായത്തിൽ മിഞ്ചിപദവിലെ പ്ലാന്റേഷൻ കോർപറേഷൻ തോട്ടത്തിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന പരാതിയിൽ അന്വേഷണം നടത്തി കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) സമർപ്പിച്ച റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ(എൻജിടി) 28‌നു പരിഗണിക്കും. കഴിഞ്ഞ മാസം 31നു പ്രാഥമിക റിപ്പോർട്ട് പരിഗണിച്ച എൻജിടി ദക്ഷിണ മേഖലാ ബെഞ്ച്, ഇതിൽ എന്തെങ്കിലും തടസ്സവാദം ഉണ്ടെങ്കിൽ അറിയിക്കാൻ പരാതിക്കാരനോടും കേരള പ്ലാന്റേഷൻ കോർപറേഷനോടും(പിസികെ) ആവശ്യപ്പെട്ടിരുന്നു.

ഇവരുടെ മറുപടി കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ജസ്റ്റിസ് പുഷ്പ സത്യനാരായണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണു കേസിൽ വാദം കേൾക്കുന്നത്. എൻഡോസൾഫാൻ കുഴിച്ചുമൂടിയിട്ടുണ്ടോ എന്നു കണ്ടെത്താൻ പിസികെ കാസർകോട് എസ്റ്റേറ്റിലെ മൂടിയ 5 കിണറുകൾ 100 അടി ആഴത്തിൽ കുഴിച്ചു പരിശോധിക്കണമെന്നു സിപിസിബി റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ പിസികെ നൽകുന്ന മറുപടി ഇക്കാര്യത്തിൽ നിർണായകമാകും. 

എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്നു പറയപ്പെടുന്ന മിഞ്ചിപദവിലെ കിണറിന്റെ മുകൾ ഭാഗത്തു നിന്നു സിപിസിബി സംഘം ശേഖരിച്ച മണ്ണിന്റെയും പിസികെ ഡിവിഷൻ ഓഫിസ് പരിസരത്തെ തുറന്ന കിണറിലെ വെള്ളത്തിന്റെയും ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം നിലപാട് അറിയിക്കാമെന്നു പ്രാഥമിക റിപ്പോർട്ട് പരിഗണിക്കവെ എൻജിടി ബെഞ്ച് അറിയിച്ചിരുന്നു. സിപിസിബി ബെംഗളൂരു ലാബിൽ പരിശോധന പൂർത്തിയാക്കി അടുത്ത സിറ്റിങ്ങിനു മുൻപു ഫലം സമർപ്പിക്കും. പ്രാഥമിക റിപ്പോർട്ടിൽ മൂന്നാഴ്ചത്തെ സമയമാണ് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്നു പറയുന്ന കിണറിന്റെ സമീപ പ്രദേശങ്ങളിൽ നിന്നു കഴിഞ്ഞ 10 വർഷമായി മാസം തോറും മണ്ണും വെള്ളവും ശേഖരിച്ചു പരിശോധിക്കുന്നുണ്ടെന്നും അതിൽ എൻഡോസൾഫാന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. 

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച സെല്ലിന്റെ പ്രവർത്തനം നിർജീവമാവുകയും ആനുകൂല്യങ്ങൾ മുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലോടെ എൻഡോസൾഫാൻ വിഷയം വീണ്ടും സജീവമാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com