ബേക്കൽ ബീച്ച് ഫെസ്റ്റ് രണ്ടാം സീസൺ: 65 ലക്ഷം രൂപ നഷ്ടം
Mail This Article
ബേക്കൽ ∙ ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ രണ്ടാം സീസണ് 65 ലക്ഷം രൂപയിലേറെ നഷ്ടമെന്നു സംഘാടക സമിതിയുടെ വരവുചെലവ് കണക്ക്. മുൻ വർഷത്തെ ഫെസ്റ്റിന്റെ നീക്കിയിരിപ്പ് തുകയായ 35 ലക്ഷം രൂപയും ഇത്തവണത്തെ ഫെസ്റ്റിവലിന്റെ വരവിൽ ഉൾപ്പെടുത്തിയാണ് ഇന്നലെ കണക്ക് അവതരിപ്പിച്ചതെന്നതിനാൽ ഇതുപ്രകാരമുള്ള ബാക്കി ബാധ്യത 36.48 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ തവണത്തെ ഫെസ്റ്റിൽ ജിഎസ്ടി അടയ്ക്കാനായി നീക്കിവച്ചതാണ് ഈ 35 ലക്ഷം രൂപ.
ഇന്നലെ ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനറും ബിആർഡിസി എംഡിയുമായ പി.ഷിജിനാണ് ഫെസ്റ്റിന്റെ കണക്ക് അവതരിപ്പിച്ചത്. മുൻ വർഷത്തെ നീക്കിയിരിപ്പായ 35 ലക്ഷം ഉൾപ്പെടെ ആകെ 1.59 കോടി രൂപ വരവും 1.96 കോടി രൂപ ചെലവുമുള്ള കണക്കാണ് അവതരിപ്പിച്ചത്. ഇതനുസരിച്ച് നഷ്ടം 36,48,479 രൂപയാണ്.
തുക നൽകാനുള്ളത് സംഘാടക സമിതി അംഗങ്ങൾക്കും
കലാകാരൻമാർക്കും പന്തൽ, ലെറ്റ് ആൻഡ് സൗണ്ട് കരാറുകാരനും ഉൾപ്പെടെ ഏകദേശം 28 ലക്ഷത്തോളം രൂപ നൽകാനുണ്ട്. സംഘാടക സമിതി അംഗങ്ങളിൽ പലരും 15 ലക്ഷം മുതൽ 8 ലക്ഷം വരെ സംഘാടക സമിതിക്കു വായ്പ നൽകിയിട്ടുണ്ട്. ഈ തുകയും തിരികെ നൽകണം.
ഇനി പ്രതീക്ഷ സർക്കാരിൽ നിന്നുള്ള ധനസഹായം
ബാധ്യതയായ 36.48 ലക്ഷം രൂപ തീർക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് 15 ലക്ഷത്തോളം രൂപ ലഭിക്കുമെന്നാണു സംഘാടക സമിതിയുടെ പ്രതീക്ഷ. ഇതിനു പുറമെ സർക്കാരിൽനിന്നും ടൂറിസം വകുപ്പിൽനിന്നും സഹായം ലഭിക്കുമെന്നു കരുതുന്നതായും അതിനായി ഫെസ്റ്റിന്റെ ഓഡിറ്റ് ചെയ്ത കൃത്യമായ കണക്കുകൾ കൈമാറാൻ നിർദേശിച്ചിട്ടുണ്ടെന്നും സംഘാടക സമിതി യോഗത്തിൽ അറിയിച്ചു.
വരവുചെലവ് കണക്ക് ഇങ്ങനെ
∙ആകെ ചെലവ്: 1.95 കോടി
∙ആകെ വരവ്: 1.59 കോടി (ടിക്കറ്റ് വരവ് : 1.01 കോടി ടൂറിസം വകുപ്പ് സഹായം: 10 ലക്ഷം
സ്വകാര്യ ബാങ്ക്: 10 ലക്ഷം
മുൻ വർഷത്തെ നീക്കിയിരിപ്പ്: 35 ലക്ഷം
മറ്റ് വരവ്: 3 ലക്ഷം)
വരവുചെലവ് കഴിച്ച് നഷ്ടം: 36.48 ലക്ഷം