ADVERTISEMENT

കാസർകോട് ∙‌ നഗരത്തിലെ പാർക്കിങ്, ഗതാഗതം, ബസ് സ്റ്റോപ് സംവിധാനങ്ങൾ പരിഷ്കരിക്കാൻ നഗരസഭ പദ്ധതി നടപ്പാക്കും. നടപ്പാതയിലും റോഡിലും ഉണ്ടാകുന്ന ദുരിതവും കുരുക്കും ഒഴിവാക്കാൻ ആവശ്യമായ പരിഷ്കാരങ്ങളാണ് ഏർപ്പെടുത്തുകയെന്നും നാളെ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതിനുള്ള നി‍ർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം പറഞ്ഞു.

8 പുതിയ ബസ് ബേ
നഗരത്തിൽ 8 ഇടങ്ങളിൽ പുതിയ ബസ് ബേ ഏർപ്പെടുത്തും. എംജി റോഡിലേതടക്കം ഇന്റർലോക്ക് ചെയ്ത നടപ്പാതയിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യും. 

ഗതാഗതക്കുരുക്ക് അഴിക്കും
നഗരത്തിൽ വൈകിട്ട് 7 മുതൽ കടുത്ത ട്രാഫിക് ബ്ലോക്കാണ്. വ്യാപാരമേഖലയെ ഉൾപ്പെടെ ഇത് സാരമായി ബാധിക്കുന്നു.  ഇതിന് എല്ലാവർക്കും സ്വീകാര്യമായ പരിഹാരമാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് അബ്ബാസ് ബീഗം പറഞ്ഞു. 

കെപിആർ റാവു റോഡ്
കെപിആർ റാവു റോഡിലാണ് കടുത്ത ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്നത്. ഇവിടെ തിയറ്റർ പരിസരത്ത് പേ പാർക്കിങ് സൗകര്യം ഉണ്ട്. എന്നാൽ പലരും അത് ഉപയോഗപ്പെടുത്തുന്നില്ല. റോഡിലും നടപ്പാതയിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാൽനട യാത്രികർക്കും വാഹനങ്ങൾക്കും ഒരു പോലെ ദുരിതവും അപകടവും ഉണ്ടാക്കുന്നുണ്ട്. താലൂക്ക് ഓഫിസ് ജം‌ക്‌ഷനിൽ ട്രാഫിക് സർക്കിളിൽ വൈകിട്ട് 7– 7.30 മുതൽ സിഗ്നൽ കട്ട് ചെയ്യുന്നു.

റെയിൽവേ സ്റ്റേഷൻ, തായലങ്ങാടി, പള്ളം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ഈ സിഗ്നൽ സർക്കിളിൽ നിന്നു നേരെ മുകളിൽ കയറി എംജി റോഡിൽ തന്നെ പ്രവേശിക്കുന്നു.  ഇത് കടുത്ത ഗതാഗത കുരുക്കിനും അപകടത്തിനും സാധ്യത ഉണ്ടാക്കുന്നുണ്ട്.  നഗരത്തിൽ നിലവിലുള്ള നടപ്പാത, റോഡ് ഗതാഗത സൗകര്യങ്ങൾ മികച്ച പാർക്കിങ് സംവിധാനങ്ങളോടെ പരിഷ്കരിച്ചാൽ കുരുക്ക് തടയാൻ കഴിയുമെന്ന് അബ്ബാസ് ബീഗം പറഞ്ഞു.

എംജി റോഡിൽ ഇരു ചക്രവാഹന പാർക്കിങ്
എംജി റോഡിൽ ഇരു ഭാഗത്തും മോട്ടർ സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. അത് പേ പാർക്കിങ് വേണോ എന്നതു സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. ഇപ്പോൾ അനധികൃത പാർക്കിങ് എന്ന പേരിൽ വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പിഴ ഈടാക്കുന്നത് കടുത്ത ദുരിതം ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല പല യാത്രക്കാർക്കും നഗരത്തിൽ വ്യാപാരം, ആശുപത്രി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കു സ്വന്തം വാഹനം എടുത്തു വരാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് അബ്ബാസ് ബീഗം പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com