കരയിലിനി കരയേണ്ട; തണലായി, വീടായി: ഒടുവിൽ പട്ടയം കൈമാറി അധികൃതർ
Mail This Article
തൃക്കരിപ്പൂർ ∙ 30 വർഷം, 14 വീടുകൾ, മാതാപിതാക്കൾക്ക് നൽകിയ വീട്ടിൽ മക്കൾക്ക് അനുവാദമില്ലെന്ന വകുപ്പിന്റെ നിലപാട്. ഓഫിസുകൾ കയറിയിറങ്ങി അവർ തീർത്ത പതിറ്റാണ്ടുകൾ, ഒടുവിൽ ആ വീടുകളുടെ പട്ടയം അധികൃതർ കുടുംബങ്ങൾക്ക് കൈമാറി. വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറം ഫിഷർമെൻ കോളനിയിലെ 14 വീടുകളിലും ഇന്നലെ സന്തോഷത്തിന്റെ തിരമാലയെത്തി. ഇന്നലെ കാസർകോട്ട് നടന്ന ചടങ്ങിൽ വച്ചാണ് ഈ കുടുംബങ്ങൾക്ക് പട്ടയം കൈമാറിയത്.
മീൻപിടിത്ത തൊഴിലാളിക്ക് അനുവദിക്കുന്ന വീട്ടിൽ തൊഴിലാളി മരിച്ചാൽ വീടിനു കുടുംബം അർഹരല്ലെന്ന നിലപാടാണ് പട്ടയം നൽകുന്നതിനു വിഘാതമുണ്ടാക്കിയത്. വിചിത്രവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളോടുള്ള വെല്ലുവിളിയുമാണിതെന്നു ചൂണ്ടിക്കാട്ടി മലയാള മനോരമ വാർത്തകളിലൂടെ അവർക്കൊപ്പം നിന്നു.
പട്ടയം ലഭിക്കാതിരുന്ന കുടുംബങ്ങളെല്ലാം കടുത്ത ബുദ്ധിമുട്ടുകളിൽ കഴിയുമ്പോഴും അവർ നേരിടുന്ന സുരക്ഷിതത്വമില്ലായ്മയും മറ്റു പ്രശ്നങ്ങളും പരിശോധിക്കുന്നതിനു പകരം സാങ്കേതിക കുരുക്കുകൾ അധികൃതർ ഉയർത്തുന്നതിനെതിരെ പ്രതിഷേധം ഉയരുകയുണ്ടായി. പട്ടയം വിതരണം ചെയ്യുന്നതിനു സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടിയെ എൻസിപി (എസ്) ജില്ലാ പ്രസിഡന്റ് കരീം ചന്തേര, നാഷനലിസ്റ്റ് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.പി.പി.കുഞ്ഞിക്കോരൻ എന്നിവർ സ്വാഗതം ചെയ്തു.