വില്ലേജ് ഓഫിസ് പൂട്ടാൻ മറന്നു; വിവാദം: അധികൃതരുടെ വിശദീകരണം ഇങ്ങനെ

Mail This Article
അഡൂർ(ദേലംപാടി)∙ അവധിദിനമായ ഇന്നലെ രാവിലെ അഡൂർ വില്ലേജ് ഓഫിസിന്റെ വാതിൽ തുറന്നു കിടന്നതു വിവാദമായി. തലേന്നു വൈകിട്ടു ജീവനക്കാർ അടയ്ക്കാതെ പോയതാണെന്നു നാട്ടുകാർ ആരോപിച്ചു. ഇന്നലെ രാവിലെ 8 മണിയോടെയാണു വില്ലേജ് ഓഫിസിന്റെ വാതിൽ തുറന്നുകിടക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. റോഡരികിൽ തന്നെയാണു വില്ലേജ് ഓഫിസ്.
കുറെ നേരം കഴിഞ്ഞിട്ടും ആളനക്കം ഇല്ലാത്തതിനെ തുടർന്നു ആൾക്കാർ നോക്കിയപ്പോൾ ആരും അകത്ത് ഉണ്ടായിരുന്നില്ല. സമീപത്തും ആരെയും കണ്ടില്ല. വിവരം വില്ലേജ് അസിസ്റ്റന്റിനെ ഫോണിൽ അറിയിക്കുകയും 10.30 നു ശേഷം ഒരു ജീവനക്കാരൻ എത്തി പൂട്ടുകയുമായിരുന്നു. ഭൂമി സംബന്ധിച്ചും മറ്റും വിലപ്പെട്ട രേഖകളുള്ള ഓഫിസ് ഇങ്ങനെ അനാഥമായി തുറന്നിട്ടതിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യത്തിലാണു നാട്ടുകാർ.
അധികൃതരുടെ വിശദീകരണം
∙ തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജീവനക്കാരൻ മോട്ടറിന്റെ സ്വിച്ച് ഓൺ ചെയ്യാൻ തുറന്നതാണെന്നാണു വില്ലേജ് അധികൃതരുടെ വിശദീകരണം. മോട്ടറിന്റെ സ്വിച്ച് ഓൺ ചെയ്ത ശേഷം ഓഫിസ് പൂട്ടാതെ ബളവന്തടുക്കയിലെ പോളിങ് ബൂത്ത് സന്ദർശിക്കാൻ പോകുകയായിരുന്നത്രേ.