ADVERTISEMENT

കാസർകോട് ∙ ഔദ്യോഗികമായി താപനില ശേഖരിക്കാൻ കേന്ദ്രങ്ങളില്ലാത്തതിനാൽ കാലാവസ്ഥാ വിഭാഗം താപനിലാ മുന്നറിയിപ്പുകളിൽ കാസർകോട് ജില്ലയുടെ പേരില്ല. സമീപ ജില്ലകളിൽ താപനിലയിൽ വലിയ വർധന കാണിച്ചാൽ കാസർകോടിനും മുന്നറിയിപ്പ് നൽകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓട്ടമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങൾ സ്ഥാപിച്ചെങ്കിലും അതിലെ വിവരങ്ങൾ ഔദ്യോഗികമായി ഇപ്പോഴും കാലാവസ്ഥാ വകുപ്പ് അംഗീകരിക്കുന്നില്ല. ഫലത്തിൽ ചൂട് എത്ര കൂടിയാലും കുടിവെള്ളക്ഷാമം രൂക്ഷമായാലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പിൽ കാസർകോട് ജില്ലയുടെ പേരുണ്ടാകില്ല. 

മുൻ വർഷങ്ങളിലെ ശരാശരി താപനില ലഭിച്ചാൽ മാത്രമേ നിലവിലെ താപനില കൃത്യമായി കണക്കാക്കാൻ സാധിക്കൂ. സമീപ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയാൽ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലെ താപനില കൂടി വിലയിരുത്തിയ ശേഷമാണ് മുന്നറിയിപ്പ് നൽകുക. കാസർകോട് ജില്ലയുടെ പേര് പറഞ്ഞാൽ താപനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ എങ്ങനെ ശേഖരിച്ചുവെന്ന ചോദ്യമുയരും. അതുകൊണ്ടാണ് പേരൊഴിവാക്കി മുന്നറിയിപ്പ് നൽകുന്നത്. പാണത്തൂരിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഇടയ്ക്ക് 38 ഡിഗ്രിക്കു  മുകളിൽ താപനില തുടർച്ചയായി രേഖപ്പെടുത്തിയിരുന്നു. 

ഈ മാസം 27 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും  (സാധാരണയെക്കാൾ 2 - 4 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ  27 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com