മംഗളൂരു–രാമേശ്വരം എക്സ്പ്രസ് സർവീസ് ആരംഭിക്കാൻ നടപടിയായില്ല; കാത്തിരിപ്പ് നീളുന്നു

Mail This Article
കാസർകോട്∙ മംഗളൂരു–രാമേശ്വരം എക്സ്പ്രസ് ട്രെയിനിനായുള്ള കാത്തിരിപ്പ് പിന്നെയും നീളുന്നു. 6 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മാർച്ച് 15ന് ഈ പ്രതിവാര ട്രെയിനിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയെങ്കിലും ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് നടപടിയായില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെയാണ് ട്രെയിൻ സർവീസ് നീളുന്നതെന്നാണ് റെയിൽവേയുമായി ബന്ധപ്പെട്ടവർ പറയുന്നത്. നേരത്തേ നൽകിയ അറിയിപ്പനുസരിച്ച് 16622 മംഗളൂരു രാമേശ്വരം പ്രതിവാര എക്സ്പ്രസ് ശനിയാഴ്ചകളിൽ രാത്രി 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് സ്റ്റോപ്പുകളിലൂടെ പിറ്റേന്ന് രാവിലെ 11.45ന് രാമേശ്വരത്തെത്തും.
16621 രാമേശ്വരം–മംഗളൂരു ട്രെയിൻ ഞായറാഴ്ച ഉച്ചയ്ക്ക് 2ന് രാമേശ്വരത്തു നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 5.50ന് മംഗളൂരുവിലെത്തും.മംഗളൂരു– രാമേശ്വരം ട്രെയിൻ ആഴ്ചയിൽ 2 ദിവസം സർവീസ് നടത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ ഒരു ട്രെയിൻ മാത്രമാണ് പ്രഖ്യാപിച്ചത്. കർണാടകയിലെയും കേരളത്തിലെയും യാത്രക്കാർക്ക് തമിഴ്നാട്ടിലും തമിഴ്നാട്ടിലെ യാത്രക്കാർക്ക് തിരിച്ചും പ്രമുഖ തീർഥാടന കേന്ദ്രങ്ങളിൽ എത്തുന്നതിന് ഉപയോഗപ്പെടുത്താവുന്ന ടൂറിസ്റ്റ് ട്രെയിൻ ആകും ഇത്. 753 കിലോമീറ്റർ ദൂരം 16.15 മണിക്കൂർ സമയം കൊണ്ട് എത്തുംവിധമാണ് ട്രെയിൻ സമയം ക്രമീകരിച്ചിരുന്നത്.
ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് ചെന്നൈ ആസ്ഥാനത്തു നിന്ന് നടപടി ഉടൻ ഉണ്ടാകുമെന്ന് റെയിൽവേ അധികൃതരും ഉടൻ സർവീസ് ആരംഭിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും പറയുന്നു. വിദ്യാലയങ്ങളിൽ പരീക്ഷാ കാലം കഴിഞ്ഞ് വേനലവധിക്ക് അടയ്ക്കുന്നതോടെ ടൂറിസ്റ്റ് കാലമാണ് തുറക്കുന്നത്. എത്ര ട്രെയിനുകൾ ആരംഭിച്ചാലും യാത്രക്കാരുടെ തിരക്ക് ഒഴിയാത്ത കാലം. മംഗളൂരു – രാമേശ്വരം ട്രെയിൻ തുടങ്ങുന്നതിനൊപ്പം നേരത്തെ റദ്ദാക്കിയ ബൈന്ദൂർ –കണ്ണൂർ ട്രെയിനിനെ ബൈന്ദൂർ– രാമേശ്വരം ട്രെയിൻ എന്ന പേരിൽ ഓടിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു. ഗോവ– മംഗളൂരു വന്ദേഭാരത് കാസർകോട് വരെ നീട്ടുക, കുമ്പള റെയിൽവേ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷൻ ആയി ഉയർത്തുക, കാണിയൂർ പാത തുടങ്ങിയവ റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു.