ഇ. ശ്രീധരനെ തിരിച്ചു കൊണ്ടുവന്നാൽ കൊച്ചി മെട്രോ തിരുപ്പൂർ വരെ നീട്ടാം: സുരേഷ് ഗോപി
Mail This Article
തൃശൂർ ∙ മെട്രോമാൻ ഇ.ശ്രീധരൻ സാർ തുടങ്ങിവച്ച ഡൽഹി മെട്രോയ്ക്കു 3 സംസ്ഥാനങ്ങളിലൂടെ ഓടാമെങ്കിൽ കൊച്ചി മെട്രോയ്ക്ക് തമിഴ്നാടു വരെയും പോയിവരാമെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. കൊച്ചി മെട്രോ പാലക്കാടു വരെയല്ല, കോയമ്പത്തൂർ വരെയും പോകണം. എത്ര അനുബന്ധ തൊഴിലുകളായിരിക്കും ഇതുമൂലം നാട്ടിലുണ്ടാകുന്നത്.
ശ്രീധരൻ സാറിനെ തിരിച്ചുകൊണ്ടിരുത്തിയാൽ കേരളത്തിനു വേണമെങ്കിൽ അതു ചിലപ്പോൾ തിരുപ്പൂർ വരെ നീളുന്ന മെട്രോ റെയിലായി മാറ്റാമെന്നും തെക്കോട്ട് കായംകുളം വരെയും ആകാമെന്നും സുരേഷ് ഗോപി പറഞ്ഞു. വന്ദേഭാരത് വേണ്ട, ഷട്ടിൽ ട്രെയിൻ ഓടിയാൽ മതി എന്നു പറഞ്ഞ കമ്യൂണിസം കൂടി കേരളത്തിൽ ഇടയ്ക്കു പണിയെടുത്തു. ആലപ്പുഴ വഴി വന്ദേഭാരത് വേണ്ട എന്നും പറഞ്ഞു. ഇതെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടകാര്യങ്ങളല്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
കാർഷിക സർവകലാശാല ധനശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ.എം.മോഹൻദാസ് വികസനരേഖയുടെ കരട് അവതരിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, വി.ഉണ്ണിക്കൃഷ്ണൻ, എ.നാഗേഷ്, അതുല്യഘോഷ് വെട്ടിയാട്ടിൽ, കെ.കെ.മോഹനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.