ഹൈ സ്പീഡ് റെയിൽ വന്നാൽ തൃശൂർ– കൊച്ചി അരമണിക്കൂർ, നെടുമ്പാശേരിക്ക് 20 മിനിറ്റ്: ഇ.ശ്രീധരൻ
Mail This Article
തൃശൂർ ∙ തൃശൂർ–കൊച്ചി അല്ലെങ്കിൽ ഷൊർണൂർ–കൊച്ചി ഹൈ സ്പീഡ് റെയിൽ തൃശൂരിനു ഏറെ ഗുണകരമായേക്കാവുന്ന പദ്ധതിയാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ഇതു നടപ്പായാൽ തൃശൂരിൽ നിന്ന് കൊച്ചിയിലേക്കു അര മണിക്കൂറും നെടുമ്പാശേരിയിലേക്കു 20 മിനിറ്റും മതി. പല കേന്ദ്ര സർക്കാർ പദ്ധതികളും നമ്മുടെ വാതിൽക്കൽ വന്നുനിൽക്കുന്നുണ്ട്. ഉള്ളിലേക്കു കയറ്റിവിടേണ്ട ആവശ്യമേയുള്ളൂവെന്നും ശ്രീധരൻ പറഞ്ഞു. എൻഡിഎ സംഘടിപ്പിച്ച ലോക്സഭാ മണ്ഡലം വികസനരേഖാ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂർ – തിരുനാവായ റെയിൽവേ ലൈൻ ഞാൻ റെയിൽവേ ബോർഡ് അംഗമായിരിക്കുമ്പോൾ തുടങ്ങിയതാണ്. നിർമാണ അനുമതിയായ ശേഷം നിർത്തിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ 24 കൊല്ലമായി അത് അനങ്ങിയിട്ടില്ല. പിന്നീടു ഹൈസ്പീഡ് ലൈൻ ആക്കാനുള്ള പദ്ധതിയാക്കി. ഇപ്പോഴും റെയിൽവേ ബോർഡ് പദ്ധതി ഉപേക്ഷിച്ചിട്ടില്ല; മരവിപ്പിച്ചു വച്ചിരിക്കുകയാണ്. നിലമ്പൂർ –നഞ്ചൻകോട് ലൈൻ പദ്ധതിക്കു 2016ൽ ഓഫിസ് അടക്കം സജ്ജീകരിച്ചതാണ്.
തലശ്ശേരി–മൈസൂരു ലൈനിനു വേണ്ടി അന്ന് എൽഡിഎഫ് സർക്കാർ അതു വേണ്ടെന്നുപറഞ്ഞ് നിർത്തിച്ച് അതും ഇതും ഇല്ലാത്ത അവസ്ഥയാക്കി. ഇപ്പോൾ നടപടി വീണ്ടും ആരംഭിച്ചിട്ടുണ്ട്. പദ്ധതി നടപ്പായാൽ 8–10 മണിക്കൂർ യാത്രാസമയം ലാഭിക്കാൻ കഴിയും. 5 വർഷത്തിനകം എല്ലാ ലവൽ ക്രോസിങ്ങുകളും നിർത്തലാക്കണമെന്ന് റെയിൽവേ ബോർഡ് തീരുമാനമെടുത്തിട്ട് വർഷം മൂന്നു കഴിഞ്ഞിട്ടും കേരളത്തിൽ ഒന്നുപോലും മാറ്റിയില്ല. സംസ്ഥാനം ചെയ്യേണ്ടെന്നും മുഴുവൻ ചെലവും വഹിച്ച് തങ്ങൾ തന്നെ ചെയ്യാമെന്നും ബോർഡ് തീരുമാനിച്ചത് ഇതുകൊണ്ടാണെന്നും ശ്രീധരൻ പറഞ്ഞു.