ഓടിയെത്താൻ തോന്നിയ സമയം; വലഞ്ഞ് ബസ് യാത്രക്കാർ
Mail This Article
വെള്ളരിക്കുണ്ട്∙കൊന്നക്കാട് നിന്നു നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗത്തേക്ക് സർവീസ് നടത്തുന്ന പല സ്വകാര്യ ബസുകളും സമയക്രമം പാലിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നതായി പരാതി. കൊന്നക്കാട് നിന്ന് വെള്ളരിക്കുണ്ടിലേക്കുള്ള 13 കി.മി. ദൂരം സഞ്ചരിക്കാൻ 35 മിനിറ്റാണ് അനുവദിച്ചിട്ടുള്ളതെങ്കിലും 50 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ പല സ്വകാര്യ ബസുകളും എടുക്കുന്നതിനാൽ യാത്രക്കാർക്ക് താലൂക്ക് ഓഫിസ്, ഗവ. ആശുപത്രി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഓഫിസുകളിലേക്ക് കൃത്യസമയത്ത് എത്തുവാൻ സാധിക്കുന്നില്ല. വെള്ളരിക്കുണ്ടിൽ നിന്നുമുള്ള കണക്‌ഷൻ ബസുകൾ ലഭിക്കാനും ഈ മെല്ലെപ്പോക്ക് ഉണ്ടാക്കുന്ന തടസ്സം ചില്ലറയല്ല.
രോഗികളും ഭിന്നശേഷിക്കാരും വിദ്യാർഥികളും കൈകുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാരും വയോധികരുമടക്കമുള്ള ദീർഘദൂര യാത്രക്കാർ കൊടുംചൂടിൽ കൂടുതൽ സമയം ബസിൽ ചെലവഴിക്കേണ്ടിവരുന്നു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പഞ്ചിങ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്ന സമയത്ത് ഈ ദുരവസ്ഥ യാത്രക്കാർക്ക് ഉണ്ടായിരുന്നില്ല. യാത്രാ സൗകര്യം കുറഞ്ഞ മലയോര ഹൈവേയിലൂടെ കലക്ടറുടെ നിർദേശ പ്രകാരം ആരംഭിച്ച ബസ്സുകൾ ഉൾപ്പെടെ പുതുതായി ആരംഭിച്ച കൊന്നക്കാട് - വെള്ളരിക്കുണ്ട് റൂട്ടിൽ കടന്നു പോകുന്ന ബസുകളെ ഇത് പ്രതികൂലമായി ബാധിക്കുന്നതിനാൽ മലയോര ഹൈവേ വഴി കൂടുതൽ സർവീസുകൾ ആരംഭിക്കുവാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
യാത്രക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കി ഉത്തര മലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ ബസുകളുടെ അധിക സമയമെടുത്തുള്ള യാത്രയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു പരാതി നൽകിയിരുന്നതിനെതുടർന്ന്. ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ബസുകൾ സമയനിഷ്ട പാലിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും ചില ബസുകൾ ഇത് ലംഘിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു കലക്ടറും ആർടിഒയും പൊലീസും അടിയന്തര ഇടപെട്ട് യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.