പൂവടുക്ക പൊതുശ്മശാനം നവീകരണം അന്തിമഘട്ടത്തിൽ
Mail This Article
മുള്ളേരിയ ∙ പൂവടുക്കയിലെ പൊതുശ്മശാനത്തിനു ഒടുവിൽ ശാപമോക്ഷം. വർഷങ്ങൾ നീണ്ട ആവശ്യത്തിനൊടുവിൽ, തകർന്ന കെട്ടിടത്തിനു പകരം എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ചു. ശ്മശാനത്തിന്റെ നവീകരണം അന്തിമഘട്ടത്തിലാണ്. കാറഡുക്ക പഞ്ചായത്തിന്റെ 14 ലക്ഷം, ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം, ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചേർത്തു 44 ലക്ഷം രൂപ ചെലവിലാണ് പുതിയ ശ്മശാനം നിർമിക്കുന്നത്.
ശ്മശാനത്തിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുകയും ചുറ്റുമതിൽ നിർമിക്കുകയും ചെയ്തു. വെള്ളത്തിന്റെ സൗകര്യവും ഏർപ്പെടുത്തി. ചിരട്ട ഉപയോഗിച്ചാണു ഇവിടെ മൃതദേഹം ദഹിപ്പിക്കുന്നത്. മൃതദേഹം ദഹിപ്പിക്കാനുള്ള കെട്ടിടം, ശുചിമുറികൾ, സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറി, വിശ്രമ മുറി എന്നിവയാണ് പുതിയതായി നിർമിച്ചത്. മുറ്റത്തു ഇന്റർലോക്ക് പാകൽ ഉൾപ്പെടെയുള്ള പണികളാണ് ബാക്കിയുള്ളത്.
കാറഡുക്ക പഞ്ചായത്തിലെ ഏക പൊതുശ്മശാനമായ ഇതു ഉപയോഗ യോഗ്യമല്ലാതായിട്ടു വർഷങ്ങളായി. ദഹിപ്പിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഇരുമ്പ് ഷീറ്റുകൾ തകർന്നു ചോർന്നൊലിക്കുന്നതിനാൽ മഴക്കാലത്തു തീരെ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. വെള്ളത്തിന്റെ സൗകര്യവും ഉണ്ടായിരുന്നില്ല. ഈ ബുദ്ധിമുട്ട് കണക്കിലെടുത്താണു ശ്മശാനം നവീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുത്തത്. ബെള്ളൂർ, കുംബഡാജെ, കാറഡുക്ക പഞ്ചായത്തിലെ ആൾക്കാരാണ് ഇതിനെ ആശ്രയിക്കുന്നത്.