ചൂട് കൂടിയിട്ടും ചിക്കന് ചൂടൻവില; ആഘോഷകാലത്ത് വില കുത്തനെ കൂട്ടിയെന്ന് ആരോപണം
Mail This Article
കാസർകോട് ∙ കൂകിപ്പറക്കുന്ന ഇറച്ചിക്കോഴി വില ആരു പിടിച്ചുകെട്ടും എന്നതാണു ഇപ്പോഴത്തെ പ്രധാന ചോദ്യം. പെരുന്നാളും വിഷുവും അടുത്തതോടെ പിടികൊടുക്കാതെ കുതിക്കുകയാണ് ഇറച്ചിക്കോഴിയുടെ വില. കാസർകോട് നഗരത്തിൽ 170 രൂപയാണ് ഇന്നലെ ഒരു കിലോ ഇറച്ചിക്കോഴിയുടെ വില. 165 രൂപ ഉണ്ടായിരുന്നതു 5 രൂപ വർധിച്ചു. ഓരോ ദിവസവും 5 രൂപ തോതിൽ വർധിക്കുന്നുണ്ട്.വിലവർധന നിയന്ത്രിക്കേണ്ട സർക്കാർ സംവിധാനങ്ങളാകട്ടെ, ഒരു ഇടപെടലും നടത്തുന്നില്ല.
റമസാൻ വ്രതം തുടങ്ങുമ്പോൾ 120 രൂപയിൽ താഴെയായിരുന്നു വിലയുണ്ടായിരുന്നത്. കൊടുംചൂടിൽ കോഴികൾ ചാകുന്നത് ഫാമുകളെ ബാധിച്ചിട്ടുണ്ട്. ഇതാണ് വില ഉയരാൻ കാരണമെന്നാണു ഫാം ഉടമകൾ പറയുന്നതെങ്കിലും ആവശ്യം കൂടുതലുള്ള സമയം ആയതിനാൽ മൊത്തവിതരണക്കാർ വില കുത്തനെ കൂട്ടുകയാണ് ചെയ്യുന്നതെന്നു ചില്ലറ വ്യാപാരികൾ പറയുന്നു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണു ജില്ലയിലേക്കു ഇറച്ചിക്കോഴി എത്തുന്നത്. ചൂടുകാലത്തു പൊതുവേ കോഴി വില കുറയുകയാണു പതിവെങ്കിലും ഇത്തവണ ആഘോഷ സീസൺ ആയതിനാൽ വർധിക്കുകയാണു ചെയ്തത്.