മഴയില്ല: വരണ്ട്, വിരണ്ട് നാട്
Mail This Article
മഞ്ചേശ്വരം∙ ഉപ്പള, ഷിറിയ പുഴകളിൽ നീരൊഴുക്ക് നിലച്ചതിനാൽ ജില്ലയിൽ വടക്കൻ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം വഴിമുട്ടി. വേനൽ മഴ കിട്ടിയില്ലെങ്കിൽ മഞ്ചേശ്വരം, വൊർക്കാടി, മംഗൽപാടി, പൈവളിഗെ, മീഞ്ച, കുമ്പള, പുത്തിഗെ പഞ്ചായത്തുകളിൽ ജല അതോറിറ്റി സ്രോതസ് പൂർണമായും അടയും. ജല അതോറിറ്റി കണക്‌ഷനുള്ള മഞ്ചേശ്വരം, വോർക്കാടി, മംഗൽപാടി, കുമ്പള പഞ്ചായത്തുകളിലെ പതിനായിരത്തോളം വീടുകളിലേക്ക് വെള്ളമെത്തില്ല. ഈ പഞ്ചായത്തുകളിൽ ഭാഗികമായ പ്രദേശങ്ങളിൽ മാത്രമാണു ജല അതോറിറ്റി കണക്‌ഷൻ ഉള്ളത്. പല പഞ്ചായത്തുകളിലും 2 ദിവസത്തിൽ ഒരിക്കൽ 8 മണിക്കൂറാണു പതിവു ജല വിതരണം.
പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിൽ ജലനിധി പദ്ധതിയിലാണ് ജലവിതരണം. പുത്തിഗെ പഞ്ചായത്തിൽ ജലഅതോറിറ്റി ബാവിക്കര പദ്ധതി മുഖേന അടുത്ത വർഷത്തോടെ കണക്‌ഷൻ നൽകാനുള്ള പദ്ധതിയിലാണ്. പുഴകൾ വറ്റിയതോടെ സമീപ കിണറുകളിലും കുഴൽക്കിണറുകളിലും വെള്ളം ഇല്ലാതായി തുടങ്ങി. കിണറുകൾ, കുഴൽക്കിണറുകൾ ആഴം കൂട്ടിയും മറ്റും വെള്ളം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. പഞ്ചായത്തുകൾ പലതും കലക്ടറുടെ അനുമതി തേടി ടെൻഡർ വിളിച്ച് ടാങ്കറുകളിൽ വെള്ളം എത്തിക്കാനുള്ള നടപടികളിലാണ്.
ഇത് മണൽ മൈതാനം
മംഗൽപാടി പഞ്ചായത്തിൽ ജല അതോറിറ്റി കുടിവെള്ള പദ്ധതിയുടെ സ്രോതസ്സ് ഉപ്പള പുഴയിലെ കോടങ്കൈയിലാണ്. അത് ഇപ്പോൾ പരന്നു കിടക്കുന്ന മണൽ മൈതാനമായി മാറി. ഇവിടെ താൽക്കാലിക തടയണ വഴി വെള്ളം സംഭരിച്ച് കിണറിലിറക്കിയാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഇപ്പോൾ കിണറ്റിൽ 1.5 മീറ്റർ വെള്ളം ഉണ്ട്. അത് അര മീറ്റർ ആയി കുറഞ്ഞാൽ പമ്പിങ് പൂർണമായും നിലയ്ക്കും.
ബംബ്രാണ ശുദ്ധജല പദ്ധതി
കുമ്പള പഞ്ചായത്തിലെ 2800 കുടുംബങ്ങൾക്കു കുടിവെള്ളം എത്തിക്കുന്നത് ഷിറിയ പുഴയിൽ നിന്നാണ്. ഷിറിയ പുഴയിലെ പൂക്കട്ടയിൽ 2 കിണറുകളിലിറക്കിയാണ് അഞ്ചും രണ്ടും ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ഇവിടെ ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് വെള്ളം ലൈനിൽ നൽകുന്നത്.
ജലനിധി
മീഞ്ചെ, പൈവളിഗെ പഞ്ചായത്തുകളിൽ ജലനിധി മുഖേന ആണ് ശുദ്ധജലം എത്തിക്കുന്നത്. കുഴൽക്കിണർ, കുളം തുടങ്ങിയവ ആണ് ജല സ്രോതസ്സ്. ഉപ്പള പുഴ കടന്നു പോകുന്ന മീഞ്ചെ പഞ്ചായത്തിൽ 33 ജലനിധി സമിതിയുണ്ട്. 3000 വീടുകളിലേക്ക് വെള്ളം എത്തിക്കുന്നുണ്ട്. പൈവളിഗെ പഞ്ചായത്തിൽ ചിപ്പാർപ്പദവ്, ഗാളിയടുക്ക, കൂടാൽ മർക്കള എന്നിവിടങ്ങളിൽ ജലനിധി പദ്ധതികളുണ്ട്.19 വാർഡ് ഉള്ള പഞ്ചായത്തിൽ കുഴൽക്കിണർ ഉൾപ്പെടെയുള്ള പദ്ധതികളിലാണ് ജലനിധി മുഖേന വെള്ളം എത്തിക്കുന്നത്. ഈ പദ്ധതികളിൽ ഗാളിയുടക്ക ജലനിധി പദ്ധതിയിൽ വെള്ളമില്ലെന്ന പരാതി ഉയർന്നു. 5 കിലോമീറ്റർ അകലെയുള്ള കളായി പുഴ വറ്റി. അത് സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സിനെ ബാധിച്ചു. മീഞ്ച പഞ്ചായത്തിലെ മുന്നിപ്പാടി, പള്ളത്തടുക്ക, കല്ലഗദ്ദെ എന്നിവിടങ്ങളിൽ തടയണ നിർമിക്കാനുണ്ട്.
വോൾട്ടേജ് ഇല്ലാത്തതും പ്രതിസന്ധി
മഞ്ചേശ്വരം, വോർക്കാടി പഞ്ചായത്തുകളിലായി 4000 വീടുകളിലേക്ക് വോർക്കാടി പഞ്ചായത്തിൽ ആനക്കല്ലിലെ ഉപ്പള പുഴയിൽ നിന്നാണ് വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചെത്തിക്കുന്നത്. വോർക്കാടി പഞ്ചായത്തിൽ 100 കിലോമീറ്ററും മഞ്ചേശ്വരം പഞ്ചായത്തിൽ 80 കിലോമീറ്റർ പൈപ്പ് ലൈൻ വഴിയാണ് വിതരണം. 3 ഷിഫ്റ്റുകളിലായി 65 ലക്ഷം ലീറ്റർ വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ എത്തിക്കുന്നതാണ് പദ്ധതി. എന്നാൽ വോൾട്ടേജ് കമ്മി കാരണം അത് 2 ഷിഫ്റ്റ് ആയി ചുരുക്കി.
അതോടെ ഇവിടെ വെള്ളം ആവശ്യത്തിനു ഉള്ളപ്പോൾ തന്നെ 40 ലക്ഷത്തോളം ലീറ്റർ വെള്ളം മാത്രമായി പമ്പിങ് ശേഷി. വോൾട്ടേജ് തുടർച്ചയായി പമ്പ് ചെയ്യാൻ ഇതു തടസ്സമുണ്ടാക്കുന്നുണ്ട്. വൈദ്യുതി അധികൃതർക്ക് ഇത് സംബന്ധിച്ച് 3 വർഷമായി നിവേദനം നൽകുന്നുണ്ടെങ്കിലും പരിഹാരമായില്ല. വോൾട്ടേജ് കമ്മി കാരണം 2 തവണ മോട്ടർ കത്തി. 2 ലക്ഷം രൂപ ചെലവിട്ടാണ് പിന്നീട് ഇത് പുതുക്കിയത്. തടയണ 4 മീറ്റർ ഉയരം ഉണ്ടെങ്കിലും ഇപ്പോൾ അതിൽ വെള്ളം ഉള്ളത് 60 സെന്റിമീറ്ററിൽ താഴെ മാത്രം.