ADVERTISEMENT

കാ‍ഞ്ഞങ്ങാട് ∙ കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്മെന്റ് എന്ന പേരിൽ യുവതികളെ എത്തിച്ച് ചതിയിൽപെടുത്തിയ സംഭവത്തിൽ കാഞ്ഞങ്ങാട് പൊലീസ് കേസെടുത്തു. ക്രൂരമായ ഉപദ്രവങ്ങൾ നേരിട്ടെന്നും പലരും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നും രക്ഷപ്പെട്ട മഡിയൻ സ്വദേശിനി ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നു.‌ എറണാകുളത്തെ ഏജന്റിനെതിരെയാണു പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താൻ എസ്പി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നിർദേശം നൽകി. പരാതിക്കാരിയുടെ മൊഴിയെടുത്തു.

തിരികെ മടങ്ങണമെന്നാവശ്യപ്പെട്ട മലയാളി യുവതിയുടെ കൈ തിളച്ച വെള്ളത്തിൽ മുക്കിയെന്നും ഇരകളിൽ ഒരാൾ പറഞ്ഞു. ഹോം നഴ്സ്, നഴ്സ് ജോലികളുടെ പേരു പറഞ്ഞാണ് തട്ടിപ്പ്. ഫ്രീ വീസ എന്നായിരുന്നു പരസ്യം. എന്നാൽ നടപടികൾ പൂർത്തിയാക്കിയ ശേഷം പല തവണകളിലായി 80,000 രൂപയോളം വാങ്ങി. മടങ്ങിയെത്തിയപ്പോൾ ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. മാർച്ച് 4ന് കുവൈത്തിലെത്തിയ കാഞ്ഞങ്ങാട് മഡിയൻ സ്വദേശിനി 4 ദിവസത്തിനു ശേഷം തിരിച്ചെത്തി. സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണ് ജോലി ഒഴിവുകളെപ്പറ്റി ഇവർ അറിഞ്ഞത്.

എറണാകുളം സ്വദേശി ഷാഹുൽ എന്നയാളും സംഘവുമാണ് റിക്രൂട്മെന്റിന് പിന്നിലെന്നാണ് പരാതി. കുവൈത്തിൽ എത്തിയ ശേഷം ലൈംഗിക വൃത്തിക്കായി പ്രേരിപ്പിച്ചതെന്നുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് രക്ഷപ്പെട്ട യുവതി ഉന്നയിക്കുന്നത്.  ഇനിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെപ്പേർ കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കാസർകോട്ടെ യുവതി പറഞ്ഞു. തട്ടിപ്പു സംഘത്തിലെ ഒരാളുടെ ഭാര്യ വിദേശത്ത് നഴ്സാണ്. ഇവരും തട്ടിപ്പിനു പിന്തുണ നൽകുന്നുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.

കഴിഞ്ഞ മാർച്ച് 4ന് പരാതിക്കാരി ഉൾപ്പെടെ 5 പേരെ കുവൈത്തിലെത്തിച്ചു. അവിടെ മലയാളിയായ ഒരു സ്ത്രീ പരാതിക്കാരിയെ മുറിയിൽ പൂട്ടിയിട്ടു. മുറിയിലെ മറ്റു സ്ത്രീകളോട് സംസാരിക്കുന്നത് ഉൾപ്പെടെ വിലക്കി. നാട്ടിലേക്ക് വിളിച്ച് അറിയിക്കാൻ മാത്രം ഇന്റർനെറ്റ് സൗകര്യം നൽകി. പരാതിക്കാരിയുടെ ബന്ധുവിന് നൽകാൻ നാട്ടിൽ നിന്ന് മരുന്ന് കൊണ്ടു വന്നിരുന്നു. ഇതിനായി ബന്ധുവിനെ സ്ഥലം അറിയിച്ചിരുന്നു. എന്നാൽ ബന്ധു എത്തിയപ്പോൾ കാണാൻ അനുവദിച്ചില്ല. അവിടെ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയാണു മരുന്ന് പുറത്തെത്തിച്ചു നൽകിയത്. പിറ്റേന്ന് അസുഖമാണെന്നും നാട്ടിലേക്കു മടങ്ങണമെന്നും കൊച്ചിയിലെ ഏജന്റിനോട് പറഞ്ഞപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാനും വലിയ തുക ആവശ്യപ്പെട്ടു. 18,000 രൂപ നൽകേണ്ടി വന്നു. തിരിച്ചെത്തിയിട്ടും ഈ പണമൊന്നും മടക്കി ലഭിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com