വറ്റിവരണ്ട് ജലസ്രോതസ്സുകൾ; മലയോര ഗ്രാമങ്ങളിൽ ജലക്ഷാമം രൂക്ഷം
Mail This Article
കുറ്റിക്കോൽ∙ മലയോര ഗ്രാമപ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം. ബേഡഡുക്ക,കുറ്റിക്കോൽ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായ രാമങ്കയയിൽ നിന്നുള്ള വെള്ളം തീരെകുറഞ്ഞതോടെയാണ് മേഖലയിൽ ജലക്ഷാമം രൂക്ഷമായത്. രാമങ്കയ പുഴ പൂർണമായും വറ്റിവരണ്ടു. ഇതോടെ സമീപത്തെ കിണറുകളും വറ്റിത്തുടങ്ങി. തുടർച്ചയായി വേനൽ മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ജലക്ഷാമം രൂക്ഷമാകും.പഞ്ചായത്തുകൾ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും പരിമിതമായി മാത്രമേ വീടുകൾക്ക് ലഭിക്കുന്നുള്ളൂ. രാമങ്കയ പദ്ധതി നിലകൊള്ളുന്ന ഒട്ടേറെ ഭാഗങ്ങളിൽ പോലും കാശ് കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയാണ്. കിഴക്കൻ ഭാഗങ്ങളിലും ഇതാണ് സ്ഥിതി. കുടിവെള്ള വിതരണം നടക്കുന്നുണ്ടെങ്കിലും ആവശ്യാനുസരണം വീട്ടുകാർക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.
കുടിവെള്ള പദ്ധതിയിലേക്ക് ആവശ്യാനുസരണം വെള്ളം നൽകാൻ രാമങ്കയ പുഴയിൽ വെള്ളമില്ലാത്തതാണ് പ്രധാനകാരണം. ശുദ്ധജല പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്ന പമ്പ് ഹൗസിന് സമീപം വെള്ളം വറ്റിയ അവസ്ഥയിലാണ്. ഒരാഴ്ച മാത്രം പമ്പ് ചെയ്യാൻ മാത്രമുള്ള വെള്ളം മാത്രമാണ് ഉള്ളതെന്നാണ് അധികൃതർ പറയുന്നത്. പഞ്ചായത്തുകൾ നിലവിൽ ബാവിക്കരയിൽ നിന്നാണ് കുടിവെള്ളമെത്തിക്കുന്നത്. ഗാർഹിക ആവശ്യത്തിനുപോലും ശുദ്ധജലത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്.ബന്ധപ്പെട്ട അധികാരികൾ .അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും, ജലവിതരണം കൂടുതൽ വാഹനം ഉപയോഗിച്ച് അടിയന്തരമായി ജലവിതരണം നടത്തണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.