വിമാന യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് യുവഡോക്ടർ

Mail This Article
ഉദുമ∙ ‘പ്രിയപ്പെട്ട സർ, ഞങ്ങളുടെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നു താങ്കളുടെ പിന്തുണയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് താങ്കൾക്ക് മനസിലാകണമെന്നില്ല'.. വിമാന യാത്രയ്ക്കിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട സഹയാത്രികയായ യുവതിയുടെ ജീവൻ രക്ഷിച്ച യുവഡോക്ടർ ഉദുമ കാപ്പിൽ സ്വദേശി ഡോ. ലഹൽ മുഹമ്മദ് അബ്ദുല്ലയ്ക്ക് ഇൻഡിഗോയിലെ ജീവനക്കാർ സമ്മാനിച്ച കത്തിലെ വരികളാണിത്.
ചെന്നൈയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട യുവതി പൊടുന്നനെ അനക്കമില്ലാതെ കുഴഞ്ഞുവീഴുകയായിരുന്നു. കാബിൻ ക്രൂവും യാത്രക്കാരും പരിഭ്രാന്തരായി. ഭർത്താവ് കരയാനും തുടങ്ങിയതോടെ വിമാനത്തിലുള്ളവരുടെ സഹായം എയർഹോസ്റ്റസ് തേടുകയായിരുന്നു. ലഹൽ മുഹമ്മദ് നടത്തിയ പ്രാഥമിക ശുശ്രൂഷയിലൂടെ യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തി. ദുബായിലെത്തിച്ച യുവതി പിന്നീട് ചികിത്സതേടി.
എംബിബിഎസ് പഠനവും ഇന്റേൺഷിപ്പും പൂർത്തിയാക്കി റാസൽഖൈമയിലുള്ള മാതാപിതാക്കൾക്ക് അരികിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഡോ.ലഹൽ.