ADVERTISEMENT

കാഞ്ഞങ്ങാട്∙ വീട്ടിൽ ഉറങ്ങിക്കിടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളെ ആന്ധ്രയിലെ കർണൂലിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിസാഹസികമായി പിടികൂടി കേരള പൊലീസ്. സ്വന്തമായി ഫോണില്ലാത്ത പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചതാണ് അന്വേഷണ സംഘത്തിന് സഹായകരമായത്. 23നാണ് പ്രതി പിടിയിലായതെന്നാണ് സൂചന. ഇയാളെ ഇന്നലെ കാസർകോട് എത്തിച്ച ശേഷം രാത്രിയോടെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.

പോയത് പെൺസുഹൃത്തിനെ തേടി; ലക്ഷ്യം അഭയം
15ന് സംഭവം നടന്ന ശേഷം പ്രതി നേരെ ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു. കർണാടക– ആന്ധ്രാ അതിർത്തിയിലെ റായ്ച്ചൂരിൽ ഇയാൾ മുൻപ് ജോലി ചെയ്തിരുന്നു. അന്ന് അവിടെവച്ച് പരിചയപ്പെട്ട പെൺസുഹൃത്ത് താൽക്കാലിക അഭയം നൽകുമെന്ന പ്രതീക്ഷയിലാണ് പോയത്. എന്നാൽ പൊലീസ് കാമുകിയുടെ പിന്നാലെയുമുണ്ടായിരുന്നു. കള്ളുകുടിച്ച് വീണുകിടന്നിരുന്ന ഒരാളുടെ ഫോൺ സംഘടിപ്പിച്ച് ഇയാൾ രണ്ട് സഹോദരിമാരെയും സുഹൃത്തുക്കളെയും വിളിച്ചതിൽ നിന്നാണ് പൊലീസ് ലൊക്കേഷൻ മനസിലാക്കിയത്. ലൊക്കേഷൻ പിടികിട്ടിയ പൊലീസ് ആന്ധ്രയിലെ അഡോണിയിൽ എത്തി. എന്നാൽ പിന്നീട് ഈ നമ്പർ സ്വിച്ച് ഓഫ് ആയി. 6ലേറെ നമ്പറുകളിൽ നിന്ന് ഇയാൾ നാട്ടിലേക്ക് വിളിച്ചു.

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കൂടിയ നാട്ടുകാർ. ചിത്രം: മനോരമ
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കൂടിയ നാട്ടുകാർ. ചിത്രം: മനോരമ

എല്ലാത്തിന്റെയും ലൊക്കേഷൻ അഡോണിയും പരിസരങ്ങളും ആയിരുന്നു.പ്രതി പരിസരത്ത് തന്നെയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അഡോണിയിൽ തന്നെ നിലയിറപ്പിച്ചു. വൈകിട്ടോടെ ബെംഗളൂരുവിലേക്ക് പോകാനായിരുന്നു പ്രതിയുടെ പരിപാടി. ഇതിനായി ട്രെയിൻ വിടുന്നതിന് തൊട്ടുമുൻപായി ഇയാൾ അഡോണി റെയിൽവേ സ്റ്റേഷനിൽ എത്തി. എന്നാൽ ഇയാൾ എത്തുമ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു. മഫ്തിയിൽ കാത്തിരുന്ന പൊലീസ് സംഘം പ്രതിയെ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ നിന്നു മൽപിടിത്തത്തിലൂടെ പിടികൂടി. കൃത്യം നടന്ന ദിവസവും പിടിയിലായ ദിവസവും ഇയാൾ ധരിച്ചിരുന്നത് ഒരേ വസ്ത്രമായതാണ് പിടികൂടൽ എളുപ്പമാക്കിയത്.

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ രോഷാകുലരായ നാട്ടുകാരെ തടയുന്ന പൊലീസ്. ചിത്രം: മനോരമ
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ രോഷാകുലരായ നാട്ടുകാരെ തടയുന്ന പൊലീസ്. ചിത്രം: മനോരമ

പൊലീസ് നിരീക്ഷണം ‘ജനനം മുതൽ’
പ്രതിയാണെന്ന് ഉറപ്പാക്കിയതോടെ അന്വേഷണ സംഘം ജനനം മുതൽ ഇതുവരെയുള്ള ഇയാളുടെ ‘മാപ്പ്’ തയാറാക്കി. കുടുംബത്തെയും ഓരോ അംഗങ്ങളെയും പഠിച്ചു. കുറ്റകൃത്യങ്ങളുടെ രീതിയും ജീവിത ക്രമവും മനസിലാക്കി കണ്ണൂർ ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിച്ചു. ഒരേ പ്രദേശത്ത് നിന്നാണ് ഫോൺ വിളികളെന്നത് തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഓരോരുത്തരായി തിരിഞ്ഞ് തിരക്കേറിയ സ്ഥലങ്ങൾ അരിച്ചുപെറുക്കി. ഇതിനിടെയാണ് റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ ഇയാളെ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ. ചിത്രം: മനോരമ
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ. ചിത്രം: മനോരമ

നിർണായകമായത് സൈബർ മികവ്
പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആളെ തിരിച്ചറിയുന്നതിലും ആന്ധ്രയിൽ നിന്ന് പിടികൂടുന്നതിനും നിർണായകമായത് പൊലീസിലെ സൈബർ ടീമിന്റെ മികവ്. കാസർകോട്, കണ്ണൂർ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിർദേശത്തിൽ പ്രത്യേക സൈബർ സംഘത്തെ നിയോഗിച്ചാണ് കേസ് അന്വേഷണം മുന്നോട്ടു നീങ്ങിയത്. പ്രതിയെന്ന് സംശയിക്കപ്പെടുന്ന കുടക് സ്വദേശി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. എന്നിട്ടും അയാളുടെ അടുത്ത സുഹൃത്തുക്കളുടെയും ഭാര്യയുടെയും ഫോൺ വിവരങ്ങൾ അന്വേഷണ സംഘം തുടർച്ചയായി നിരീക്ഷിച്ചിരുന്നു. 7 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് അന്വേഷണ സംഘം കാത്തിരുന്ന ഫോൺ, പ്രതി ആന്ധ്രയിൽ നിന്ന് ചെയ്യുന്നത്. 

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ. ചിത്രം: മനോരമ
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ. ചിത്രം: മനോരമ

‘നല്ല നടപ്പല്ലെന്ന്’ സിസിടിവി ദൃശ്യങ്ങൾ
ഇരുന്നൂറിലധികം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെന്നു സംശയിക്കപ്പെടുന്നയാളിലേക്ക് എത്തിയത്. പിള്ളേരു പീടിക എന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യത്തിൽ സംഭവദിവസം ഇയാൾ പ്രദേശത്തുള്ളതായി തെളിഞ്ഞു. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വീട്ടിൽകയറി അവിടെയുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് ഇയാൾ കടന്നുകളഞ്ഞിരുന്നു.ഈ രണ്ട് സംഭവങ്ങളിലും പ്രതി ധരിച്ചിരുന്നത് ഒരേ വസ്ത്രം. നടക്കുന്നതടക്കമുള്ള ശരീര ചലനങ്ങളിലെ സാമ്യം തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഉറപ്പിച്ചു. രണ്ടും ഒരാൾതന്നെ.

കുടകിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക്
കുടക് സ്വദേശിയായ ഇയാൾ 14 വർഷങ്ങൾക്ക് മുൻപാണ് കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസം തുടങ്ങിയത്. ഈ ബന്ധത്തിൽ 4 മക്കളുമുണ്ട്. പ്രതിയുടെ ഭാര്യയുടെ വീടും പീഡനത്തിന് ഇരയായ കുട്ടിയുടെ വീടും തമ്മിൽ ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. അധികമാരോടും സൗഹൃദം സ്ഥാപിക്കാത്ത ഇയാൾ മറ്റാരെയും വിളിച്ചില്ലെങ്കിലും ബന്ധുക്കളെയും കൂട്ടുകാരിയെയും വിളിക്കുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പുണ്ടായിരുന്നു. 

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ രോഷാകുലരായ നാട്ടുകാരെ തടയുന്ന പൊലീസ്. ചിത്രം: മനോരമ
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പി.എ.സലീമിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ രോഷാകുലരായ നാട്ടുകാരെ തടയുന്ന പൊലീസ്. ചിത്രം: മനോരമ

പ്രധാന സംഭവങ്ങൾ ഇപ്രകാരം
∙ 15ന് പുലർച്ചെ– വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണക്കമ്മൽ കവർന്ന ശേഷം വഴിയിലുപേക്ഷിച്ച് പ്രതി കടന്നുകളയുന്നു. മുത്തശ്ശൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു അതിക്രമം.
∙ 16– സാഹചര്യത്തെളിവുകളും പെൺകുട്ടിയുടെ മൊഴികളും കണക്കിലെടുത്ത് 3 കിലോമീറ്റർ ചുറ്റളവിലുള്ള, പരിസരം അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് നിഗമനം.
∙ 17– ഒരാളെ കസ്റ്റഡിയിൽ എടുക്കുന്നു. ഇയാൾ മുൻപും പീഡനക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. പ്രതിയെന്ന് സംശയം തോന്നിയ 4 പേരുടെ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കുന്നു.
∙ 18– അന്വേഷണ സംഘത്തിലേക്ക് കണ്ണൂർ പൊലീസിലെ ആറ് പേരെ കൂട്ടിച്ചേർക്കുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ 20 പൊലീസുകാരുടെ സംഘം. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പലരും സംശയപ്പട്ടികയിൽ നിന്ന് പുറത്ത്. രേഖാചിത്രം തയാറാക്കുന്നു.
∙ 19– സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് നടന്ന മാലപൊട്ടിക്കൽ സംഭവത്തിലെ പ്രതിയും പെൺകുട്ടിയെ ആക്രമിച്ചയാളും ഒരാളെന്ന് ഉറപ്പാക്കുന്നു. പ്രതി കുടക് നാപോക്ലു ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നും പ്രദേശവുമായി അടുത്തബന്ധം ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തുന്നു.
∙ 20– പ്രതിയെത്തേടി കർണാടകയിലും മഹാരാഷ്ട്രയിലും പൊലീസ് സംഘം
∙ 21– പരിശോധന ഗോവയിലേക്ക് വ്യാപിപ്പിക്കുന്നു.
∙ 22–  പ്രതി സുഹൃത്തുക്കളെ ഫോൺ വിളിക്കുന്നു, ലൊക്കേഷൻ മനസ്സിലാക്കി പൊലീസ് സംഘം ആന്ധ്രയിലേക്ക് തിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ തിരച്ചിൽ സംഘാംഗങ്ങൾ കേരളത്തിലേക്ക് തിരിച്ചെത്തുന്നു. 
23– കുറ്റാരോപിതനെ ആന്ധ്രയിലെ കർണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പൊലീസ് സാഹസികമായി പിടികൂടുന്നു. കേരളത്തിലേക്ക് തിരിക്കുന്നു.
∙ 24– പ്രതിയെന്ന് സംശയിക്കുന്ന ഇയാളെ കാസർകോട്ടെ പൊലീസ് ക്ലബ്ബിലെത്തിച്ചു. മണിക്കൂറുകൾക്ക് ശേഷം രാത്രിയോടെ ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് മാറ്റി. പീഡനം നടന്ന സ്ഥലം ഈ സ്റ്റേഷൻ പരിധിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com